• October 21, 2021

കുറിപ്പടിയിലെ മദ്യത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ

 കുറിപ്പടിയിലെ മദ്യത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ

മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യമെത്തിക്കുന്നതിന് ബീവറേജസ് കോര്‍പ്പറേഷന് സര്‍ക്കാര്‍ നല്‍കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
ടി.എന്‍.പ്രതാപന്‍ എംപിയുടെ ഹര്‍ജിയില്‍ മൂന്നാഴ്ചത്തേക്കാണ് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്.സര്‍ക്കാരിന് സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.

മദ്യാസക്തര്‍ക്ക് മദ്യം ബീവറേജസ് കോര്‍പറേഷന്‍ വഴി നല്‍കാനുള്ള ഉത്തരവിനെ സര്‍ക്കാര്‍ കോടതിയില്‍ ന്യായീകരിച്ചിരുന്നു. മദ്യം ലഭിക്കാതെ വരുമ്പോള്‍ രോഗലക്ഷണം കാണിക്കുന്നവര്‍ നിരവധി പേരുണ്ട്. സംസ്ഥാനത്ത് എല്ലാവരെയും ഈ സമയത്ത് ചികിത്സക്ക് കൊണ്ടുപോകാനാകില്ല. അതിനുള്ള സൗകര്യം സംസ്ഥാനത്തില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു.

എന്നാല്‍ ഉത്തരവിന് എന്ത് ശാസ്ത്രീയ അടിത്തറയുണ്ടെന്ന് കോടതി ചോദിച്ചു. മദ്യാസക്തര്‍ക്ക് മദ്യം നല്‍കുന്നുവെന്നതിന് അപ്പുറം ഇതിലെന്താണ് കാര്യമെന്നും കോടതി ചോദിച്ചു. കുറിപ്പടി നല്‍കാന്‍ ഡോക്ടര്‍മാരെ നിര്‍ബന്ധിക്കുന്നില്ലെന്നും മദ്യം പൂര്‍ണമായി നിരോധിച്ച സംസ്ഥാനങ്ങളിലും ഡോക്ടര്‍മാരുടെ കുറിപ്പടി പ്രകാരം മദ്യം ലഭ്യമാക്കുന്നുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ഡോക്ടറുടെ കുറിപ്പടി പ്രകാരം ഒരാള്‍ക്ക് ആഴ്ചയില്‍ മൂന്ന് ലിറ്റര്‍ മദ്യം ലഭ്യമാക്കാമെന്നായിരുന്ന സര്‍ക്കാരിന്റെ ഉത്തരവ്. ഡോക്ടര്‍മാര്‍ കുറിപ്പടി നല്‍കില്ലെന്ന് അറിയിച്ചിട്ടുണ്ട്.ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവുകൊണ്ട് എന്താണ് പ്രയോജനമുള്ളതെന്നും കോടതി ചോദിച്ചു.

സര്‍ക്കാര്‍ ഉത്തരവ് യുക്തിരഹിതമാണ്, ഡോക്ടര്‍മാരെ അവഹേളിക്കുന്നതിന് തുല്യമാണ് ഉത്തരവ്, മദ്യാസക്തി ഉള്ളവര്‍ക്ക് ചികിത്സലഭ്യമാക്കുകയാണ് വേണ്ടത്, മദ്യം എത്തിച്ചു നല്‍കുക എന്നതല്ല അതിനുള്ള പരിഹാരം തുടങ്ങിയ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് കോടതി നടപടി.

ലോക്ഡൗണില്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ആറു പേര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ മദ്യവിതരണം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്.ഡോക്ടര്‍മാര്‍ മദ്യാസക്തിയുള്ളവരെന്ന് സാക്ഷ്യപ്പെടുത്തിയാല്‍ ഇന്നു മുതല്‍ മദ്യം വീടുകളില്‍ എത്തിച്ചു നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.

അതേസമയം വിത്ത്ഡ്രോവല്‍ സിന്‍ഡ്രം ഉള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം വിതരണം ചെയ്യാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധി അംഗീകരിക്കുമെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. സംസ്ഥാനം നേരിട്ട സാമൂഹ്യപ്രശ്നം നേരിടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്നും മന്ത്രി പറഞ്ഞു.

Related post