• October 16, 2021

കോഴിക്കോട് ഉഷ്ണതരംഗത്തിന് സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്

 കോഴിക്കോട് ഉഷ്ണതരംഗത്തിന് സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്

കോഴിക്കോട് ജില്ലയില്‍ മാര്‍ച്ച് 18, 19 തീയതികളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. താപനില സാധാരണ താപനിലയില്‍ നിന്ന് 4.5 ഡിഗ്രി സെല്‍ഷ്യസിലും അധികം ഉയരാനുള്ള സാഹചര്യമാണ് ഉഷ്ണതരംഗം. ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതീവ ഗൗരവത്തോടെ ഈ മുന്നറിയിപ്പ് പരിഗണിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 37.8 ഡിഗ്രി സെല്‍ഷ്യസാണ് കോഴിക്കോട്ട് ഇന്നത്തെ താപനില. ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കോഴിക്കോട് ജില്ലയിലാകെ നിലവില്‍ പുറംജോലികളില്‍ ഏര്‍പ്പെടുന്നവരും (കെട്ടിട നിര്‍മാണ തൊഴിലാളികള്‍, പൊതുമരാമത്ത് ജോലിക്കാര്‍, കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, ട്രാഫിക്ക് പൊലീസ്, ഹോം ഗാര്‍ഡുകള്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍, തെരുവോര കച്ചവടക്കാര്‍, ബൈക്ക് യാത്രികര്‍, മുനിസിപ്പാലിറ്റി ശുചിത്വ തൊഴിലാളികള്‍, ചെത്ത് തൊഴിലാളികള്‍, തെങ്ങുകയറ്റ തൊഴിലാളികള്‍, തുടങ്ങിയ വിഭാഗങ്ങള്‍) നഗരങ്ങളിലും നിരത്തിലും ഉള്ളവരും വെയിലേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കി വൈകിട്ട് 4 മണി വരെയെങ്കിലും തണലിലേക്ക് മാറണം. ധാരാളമായി വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ശരീരം തണുപ്പിക്കുകയും ചെയ്യണം. പകല്‍ 11 മുതല്‍ 4 വരെയുള്ള സമയത്ത് ഒരു കാരണവശാലും നേരിട്ട് സൂര്യതാപം ശരീരത്തിലേല്‍ക്കുന്ന സാഹചര്യമുണ്ടാകാന്‍ പാടില്ല. കോഴിക്കോട് ജില്ലയില്‍, പ്രത്യേകിച്ച് നഗരമേഖകളില്‍ ആളുകള്‍ പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണം.

സൂര്യഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ തോന്നുന്നവര്‍ ഉടനെ ശരീരം തണുപ്പിക്കുകയും വിശ്രമിക്കുകയും ചെയ്യണം. ഇത്തരത്തില്‍ ആരെയെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ പ്രഥമ ശുശ്രൂഷ നല്‍കുകയും ഉടനെ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യണം.

Related post