• October 16, 2021

ലോക്ഡൗണ്‍; പൊലീസ് നടപടികള്‍ക്ക് ഇനി ഹൈക്കോടതിയുടെ മാര്‍ഗരേഖ

 ലോക്ഡൗണ്‍; പൊലീസ് നടപടികള്‍ക്ക് ഇനി ഹൈക്കോടതിയുടെ മാര്‍ഗരേഖ

ലോക്ഡൗണ്‍ സമയത്തെ പൊലീസ് നടപടികള്‍ക്ക് ഹൈക്കോടതി മാര്‍ഗരേഖ. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയവരുടെ അറസ്റ്റ് അത്യാവശ്യഘട്ടത്തില്‍ മാത്രമേ പാടുള്ളൂവെന്നു മാര്‍ഗരേഖയില്‍ പറയുന്നു. കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് മുന്‍കൂര്‍ ജാമ്യഹര്‍ജികളില്‍ തീരുമാനമെടുക്കണം. ശിക്ഷ അനുഭവിക്കുന്നവരുടെ ജാമ്യാപേക്ഷകള്‍ ഉന്നതാധികാര സമിതിക്ക് തീര്‍പ്പാക്കാം.

ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിന് തടസമില്ല. പരോള്‍ കഴിഞ്ഞവര്‍ക്ക് ജയിലില്‍ തിരിച്ചെത്താന്‍ ഏപ്രില്‍ 14 വരെ സമയം അനുവദിച്ചു. ലോക്ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ബുധനാഴ്ച 2535 പേരേയാണ് അറസ്റ്റ് ചെയ്തത്. 1636 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അറസ്റ്റ് കോട്ടയത്ത് (481)ആണ്.

സമ്പൂര്‍ണ ലോക്ഡൗണിന്റെ രണ്ടാം ദിനവും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ഗൗനിക്കാതെ ജനം പലയിടത്തും റോഡിലിറങ്ങുന്ന കാഴ്ചയാണ് കണ്ടത്. ഇത്തരക്കാരെ തടഞ്ഞ് തിരിച്ചയച്ചതിനൊപ്പം വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. കണ്ണൂരില്‍ 94 പേരെ അറസ്റ്റ് ചെയ്തു. യാത്രയ്ക്ക് പാസ് എടുക്കണമെന്ന നിര്‍ദേശത്തില്‍ നിന്ന് കൂടുതല്‍ അവശ്യവിഭാഗങ്ങളെ ഒഴിവാക്കി പൊലീസ് ഉത്തരവിറക്കിയിരുന്നു.

Related post