• October 23, 2021

സൂം ആപ് സുരക്ഷിതമല്ല; ജാഗ്രത പാലിക്കുക കേന്ദ്രസര്‍ക്കാര്‍

 സൂം ആപ് സുരക്ഷിതമല്ല; ജാഗ്രത പാലിക്കുക കേന്ദ്രസര്‍ക്കാര്‍

വിഡിയോ കോണ്‍ഫറന്‍സിന് ഉപയോഗിക്കുന്ന സൂം ആപ് സുരക്ഷിതമല്ലെന്നു കേന്ദ്രസര്‍ക്കാര്‍. സൂം ആപ് ഉപയോഗിക്കുന്നവര്‍ സുരക്ഷയ്ക്കായി ചില നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു. ലോക്ഡൗണ്‍ കാലത്തു ജനങ്ങള്‍ വിഡിയോ കോണ്‍ഫറന്‍സിനായി സൂം ആപ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്

സൂം ആപ് സുരക്ഷിതമല്ലെന്നു സര്‍ക്കാര്‍ ഏജന്‍സിയായ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി ഇന്ത്യ) നിര്‍ദേശങ്ങള്‍ നേരത്തേ തന്നെ പുറത്തിറക്കിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷിതമല്ലാതെ ആപ് ഉപയോഗിക്കുകയാണെങ്കില്‍ വിവരങ്ങള്‍ സൈബര്‍ ക്രിമിനലുകള്‍ക്കു ചോര്‍ത്തിയെടുക്കാന്‍ സാധിക്കും. സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും ഓരോ മീറ്റിങ്ങിലും പാസ്‍വേഡുകൾ മാറ്റണമെന്നും നിര്‍ദേശമുണ്ട്. സ്വകാര്യത, സുരക്ഷ എന്നിവയില്‍ സൂം ആപ്പില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥന്‍ പറഞ്ഞു. ടിക് ടോക് ആപ് പോലെ സൂം ആപിന്റെയും സെര്‍വറുകള്‍ ചൈനയില്‍ ആണ്.

രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ട വ്യാപാര സ്ഥാപനങ്ങളും സര്‍ക്കാര്‍ കേന്ദ്രങ്ങളും സൂം ഉപയോഗിക്കാതിരിക്കുന്നതാണു നല്ലതെന്നും മുന്നറിയിപ്പുണ്ട്. സൂം ആപ് ഉപയോഗത്തിനിടെ ഹാക്കര്‍മാര്‍ പാസ്‌വേഡുകള്‍ ലീക്ക് ചെയ്ത് വിഡിയോ കോളുകള്‍ ഹൈജാക് ചെയ്യുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ജീവനക്കാരുടെ കംപ്യൂട്ടറുകളില്‍ സൂം ആപ് ഉപയോഗിക്കുന്നതിനു ഗൂഗിള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സിംഗപ്പൂരില്‍ അധ്യാപകര്‍ സൂം ആപ് ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്. ജര്‍മനി, തായ്‌വാന്‍ എന്നീ രാജ്യങ്ങളിലും ആപ്പിന് വിലക്കേര്‍പ്പെടുത്തി.

Related post