• October 22, 2021

ട്രംപിനെ പോലും പ്രകോപിച്ച ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്താണ്…?

 ട്രംപിനെ പോലും പ്രകോപിച്ച ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്താണ്…?

മലേറിയ തടയുന്നതിനും ചികിത്സിക്കുന്നതിനും ഉപയോഗിക്കുന്ന മരുന്നാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ (എച്ച്‌സിക്യു). റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ല്യൂപ്പസ് എറിത്തമറ്റോസസ് എന്നിവയുടെ ചികിത്സയ്ക്കും ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ കോവിഡ് 19 ന്റെ പരീക്ഷണാത്മക ചികിത്സയ്ക്കായും ഇത് ഉപയോഗിക്കുന്നു.

2020 മാര്‍ച്ച് 28ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) യുഎസ് സര്‍ക്കാരിന് ദശലക്ഷക്കണക്കിന് ഡോസ് ആന്റി മലേറിയ മരുന്നുകള്‍ രാജ്യത്തുടനീളമുള്ള ആശുപത്രികളില്‍ വിതരണം ചെയ്യാന്‍ അടിയന്തര അനുമതി നല്‍കി. എന്നിരുന്നാലും, കൊറോണ വൈറസ് അണുബാധ തടയുന്നതിനായി ഈ മരുന്നുകളുടെ ദീര്‍ഘകാല ഉപയോഗത്തിന് എഫ് ഡി എ അംഗീകാരം നല്‍കിയിട്ടില്ല.

മലേറിയ, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ല്യൂപ്പസ് എന്നിവ ചികിത്സിക്കുന്നതിനായി ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ കോവിഡ് -19ന്റെ കാര്യത്തില്‍ അങ്ങനെ ഒരു സ്ഥിരീകരണം വന്നിട്ടില്ല. കൊറോണ വൈറസിനെതിരെ ഈ മരുന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോവിഡ് -19 രോഗികള്‍ക്ക് ഇത് സുരക്ഷിതമാണെന്നും മനസിലാക്കുന്നതിനായി കൂടുതല്‍ പരിശോധന ആവശ്യമാണെന്നാണ് യുഎസിലെ ആരോഗ്യവിദഗ്ധന്‍ ഡോ. ആന്റണി ഫൗചി അറിയിച്ചത്.

ഹൈഡ്രോക്‌സി ക്ലോറോക്വിന് ഉണ്ടെന്നുപറയുന്ന പാര്‍ശ്വഫലങ്ങള്‍ ദീര്‍ഘകാല – വിശാല ഉപയോഗത്തിന് തടയിടുന്നതാണ്. പ്രത്യേകിച്ചും, നിലവില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരോ അല്ലെങ്കില്‍ ആന്റി-ഡിപ്രസന്റ്‌സ് പോലുള്ള മരുന്നുകള്‍ കഴിക്കുന്നവരോ ഇത് ഉപയോഗിക്കാന്‍ പാടില്ല എന്നാണ് വിദഗ്ധാഭിപ്രായം. ഈ മരുന്ന് നിര്‍ദ്ദേശിക്കുന്നതിന് മുമ്പ് വിദഗ്ധ പരിശോധന നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.

വിലകുറഞ്ഞതും എളുപ്പത്തില്‍ ലഭ്യവുമായ മരുന്നാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍. എന്നിരുന്നാലും, കോവിഡ് -19ന് ഇത് ഫലപ്രദമായി ഉപയോഗിക്കാമെന്ന സാധ്യത മുന്നിലുള്ളതിനാല്‍ അതിന്റെ ആവശ്യം ഗണ്യമായി ഉയര്‍ന്നു. എന്തായാലും ഇന്ത്യ വലിയ അളവില്‍ ഇത് നിര്‍മ്മിക്കുന്നുണ്ട്. അയല്‍രാജ്യങ്ങള്‍ക്കും ഈ മരുന്ന് ഏറ്റവും ആവശ്യമുള്ള രാജ്യങ്ങള്‍ക്കും ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ നല്‍കുമെന്ന് ഇന്ത്യന്‍ ഗവണ്‍മെന്റ് അറിയിച്ചിട്ടുണ്ട്.

കോവിഡ് പ്രതിരോധ രംഗത്തുള്ളവരും രോഗം സ്ഥിരീകരിച്ചവരോ സംശയിക്കുന്നവരോ ആയ വ്യക്തികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവരും മുന്‍കരുതലായി ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കഴിക്കാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന്റെ കയറ്റുമതി നിരോധിച്ചതിന് പിന്നാലെയാണ് കൂടുതല്‍ ഗുളിക സംഭരിക്കാന്‍ ആരോഗ്യ മന്ത്രാലയം നടപടിയെടുക്കുന്നത്. കോവിഡ് പ്രതിരോധത്തില്‍ ഫലപ്രദമാകുമെന്നു വിലയിരുത്തപ്പെടുന്ന മരുന്നിന് യുഎസിലടക്കം വന്‍ ഡിമാന്റാണ്. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മരുന്നിന്റെ പ്രധാന ഉല്‍പ്പാദാകരായ ഇപ്ക ലബോറട്ടറീസ്, സൈഡസ് കാഡിലെ എന്നീ കമ്പനികള്‍ വഴിയാണ് 10 കോടി ഗുളിക ലഭ്യമാക്കുക.

ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ആന്റി മൈക്രോബിയല്‍ ഏജന്റ് ( IJAA) പ്രസിദ്ധീകരിച്ച ഒരു ഗവേഷണ റിപ്പോര്‍ട്ടില്‍ കൊറോണവൈറസ് ബാധിതരില്‍ ഹൈഡ്രോക്ലോറോക്വിന്‍ പരീക്ഷണം ഫലപ്രദമായിരുന്നു എന്ന് കാണുന്നു. ഫ്രഞ്ച് ശാസ്ത്രജ്ഞന്‍മാര്‍ നടത്തിയ പരീക്ഷണഫലത്തില്‍ ഇങ്ങനെയാണ് ഉള്ളത്. ഇരുപത് പേര്‍ക്കാണ് ഈ മരുന്ന് നല്‍കിയത്. മരുന്ന് നല്‍കാത്ത രോഗികളെ അപേക്ഷിച്ച് മരുന്ന് നല്‍കിയവരില്‍ വൈറസിന്റെ സാന്നിധ്യം കുറഞ്ഞതായി കാണപ്പെട്ടു. എന്നാല്‍ ഈ മരുന്ന് ഉപയോഗിച്ച് കൊറോണവൈറസിനെ പൂര്‍ണ്ണമായും തുടച്ചുനീക്കാമെന്ന് പൂര്‍ണ്ണ നിഗമനത്തിലെത്താന്‍ ഗവേഷണത്തിന് സാധ്യമായിട്ടില്ലെന്ന് ഏപ്രില്‍ മൂന്നിന്‍ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് ആന്റി മൈക്രോബിയല്‍ കീമോതെറാപ്പി ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നു.

പ്രധാനമായും മലമ്പനിക്ക് നല്‍കി വരുന്ന പ്രതിരോധ മരുന്നാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും കൊറോണവൈറസ് ബാധിതരില്‍ ഹൈഡ്രക്‌സി ക്ലോറോക്വിന്‍ നല്‍കി നടത്തിയ പരീക്ഷണം ഗുണം ചെയ്തു എന്ന സൂചനകള്‍ വന്നതോടെ ഈ മരുന്നിന് ലഭിച്ചിരുന്ന ആഗോളപ്രധാന്യം വലുതാണ്. അലര്‍ജി പോലെയുള്ള ദൂഷ്യഫലങ്ങള്‍ ഈ മരുന്നിനുണ്ട്.

ലോകാരോഗ്യസംഘടന ഉല്‍പ്പടെ ഹൈഡ്രോക്‌സി ക്ലോറോക്വിനിന്റെ കോവിഡ് പ്രതിരോധശേഷിയെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വൈറസ് ബാധ വ്യാപകമായതോടെ ഈ മരുന്നിന്റെ ഉപയോഗവും വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. വന്‍തോതില്‍ ഈ മരുന്ന് നിര്‍മ്മിക്കുന്ന ഇന്ത്യ പോലെയുള്ള രാജ്യങ്ങളെ മരുന്നിനായി യുഎസ് ഉള്‍പ്പടെ സമീപിച്ചു. മരുന്ന് പൂഴ്ത്തിവെയ്ക്കലും വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്.

Related post