• October 26, 2021

പൗരത്വ ഭേദഗതി ബില്‍ : അക്രമദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്

 പൗരത്വ ഭേദഗതി ബില്‍ : അക്രമദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്

പൗരത്വ ഭേദഗതി ബില്ലില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ടിവി ചാനലുകള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യതാത്പര്യത്തിന് എതിരായ കാര്യങ്ങള്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കി കൊണ്ടാണ് സര്‍ക്കാര്‍ പ്രത്യേക സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. അക്രമത്തെ പ്രോത്സാഹിപ്പിക്കുകയോ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്നാണ് വാര്‍ത്താ വിതരണ മന്ത്രാലയം നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നത്.

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസാക്കിയതോടെ രാജ്യവ്യാപകമായും, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിശേഷിച്ചും കടുത്ത ജനരോഷമാണ് ഉയര്‍ന്നത്. ദേശീയ പൗരത്വ രജിസ്റ്റര്‍ ആദ്യ ഘട്ടത്തില്‍ നടപ്പാക്കുന്ന അസമിലാണ് പ്രതിഷേധം പടര്‍ന്നു പിടിക്കുന്നത്. പൊലീസിനും നിരവധി ബി.ജെ.പി ഓഫീസുകള്‍ക്കും നേരെ വ്യാപക ആക്രമണം സംസ്ഥാനത്ത് നടന്നു.ദേശവിരുദ്ധമായ സമീപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതോ ആയ ദൃശ്യങ്ങള്‍ പാടില്ലെന്ന് നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ദേശവിരുദ്ധമായ ഏതുതരത്തിലുള്ള ഉള്ളടക്കവും ലൈസന്‍സിങ് ചട്ടങ്ങള്‍ക്കു വിരുദ്ധമാണ്. ഇതു പാലിച്ചുകൊണ്ടുവേണം എല്ലാ സ്വകാര്യ ചാനലുകളും പ്രവര്‍ത്തിക്കേണ്ടതെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

Related post