• October 17, 2021

ലോകരാജ്യങ്ങള്‍ക്കുപോലും മാതൃകയായ ജനനേതാവ്

 ലോകരാജ്യങ്ങള്‍ക്കുപോലും മാതൃകയായ ജനനേതാവ്

കേരളം എന്ന പേര്‍ കേട്ടാല്‍ അഭിമാന പൂരിതമാകണം അന്തരംഗം ,പിണറായി വിജയന്‍ എന്ന നേതാവ് രാജ്യത്തിന് തന്നെ അഭിമാനമാകുന്നു.കൊവിഡ് ഭീതിയില്‍ ലോകരാജ്യങ്ങള്‍ തന്നെ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ രാജ്യത്തിന് മാത്രമല്ല,ലോകത്തിന് തന്നെ മാതൃകയാവുകയാണ് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി.

രാജ്യത്തിന് തന്നെ മാതൃകയാകുന്ന നിരവധി പദ്ധതികള്‍ ഒരൊറ്റ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു കൊണ്ട് രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധ കേന്ദ്രമായി മാറിയിരിക്കുകയാണ് പിണറായി വിജയന്‍. ഒരു നാട് മുഴുവന്‍ ദുരിതം അനുഭവിക്കുമ്പോള്‍ തളരാത്ത ഒരു ജനതയ്ക്കായി കൂടെ നിന്ന് പ്രായോഗികമായ തീരുമാനങ്ങള്‍ നടപ്പാക്കി ദുരിതം ദുരന്തമാക്കാതെ ഒപ്പം നില്‍ക്കുന്ന കാഴ്ചയാണ് പിണറായി വിജയന്‍ എന്ന അമരക്കാരനില്‍ നാം പലപ്പോഴും കണ്ടിരിക്കുന്നത്. കേരളത്തെ പിടിച്ചുലച്ച രണ്ട് പ്രളയങ്ങള്‍, നിപ ഇപ്പോള്‍ പിടിമുറുക്കിയിരിക്കുന്ന കൊവിഡ് 19 എന്നിങ്ങനെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലം തന്റെ നേതൃത്വപാടവം അരക്കിട്ടുറപ്പിക്കുന്നതിലൂടെയാണ് പിണറായി വജയന്‍ എന്ന നേതാവ് വ്യത്യസ്തനാകുന്നത്.

പ്രായോഗിക തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടാണ് ഈ നേതാവ് ജന ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. മറുവശത്ത് വ്യാജ പ്രചരണങ്ങളും വര്‍ഗീയതയും തല പൊക്കുമ്പോള്‍ അടക്കി ഇരുത്തുവാനും ഈ നേതാവിനാകുന്നു.കൊവിഡ് ഭീതിയിലുള്ള ജനങ്ങള്‍ക്ക് വെറുമൊരു കൈത്താങ്ങു മാത്രമല്ല ,നല്ല രീതിയില്‍ ജീവിക്കാന്‍, മുന്‍വിധിയോടെയുള്ള തീരുമാനങ്ങളാണ് നടപ്പാക്കുന്നത്. അതിന് മുഖ്യമന്ത്രിയോട് നന്ദി പറയാതിരിക്കാനാവില്ല.

20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് സംസ്ഥാനം അനുവദിച്ചിരിക്കുന്നത്. ഭീതിയല്ല ജാഗ്രതയാണ് വേണ്ടത് എന്ന ഓര്‍മപ്പെടുത്തി കൊവിഡിനെയും വരുതിയിലാക്കാന്‍ പൊതുജനത്തെ ചേര്‍ത്തുനിര്‍ത്തി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരും അതിന് കരുത്ത് പകര്‍ന്ന് ഒപ്പം നില്‍ക്കുന്ന ആരോഗ്യവകുപ്പുമാണ് കേരളത്തിന്റെ പ്രശസ്തി ആഗോളതലത്തില്‍ ഉയര്‍ത്തുന്നത്.

ഏപ്രില്‍ മാസത്തെയടക്കം രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ മാര്‍ച്ച് മാസത്തില്‍ ഒന്നിച്ചു കൊടുക്കും .അതിനായി 1323 കോടി രൂപയാണ് ചെലവഴിക്കുക. എല്ലാം കുടുംബങ്ങള്‍ക്കും ഒരു മാസത്തെ സൗജന്യ ഭക്ഷ്യധാന്യം നല്‍കും. കൂടാതെ, 25 രൂപയ്ക്ക് നല്‍കാനിരുന്ന ഊണ് 20 രൂപയായി കുറച്ചു.500 കോടി രൂപയുടെ ഹെല്‍ത്ത് പാക്കേജ്, രണ്ടു മാസത്തിനുള്ളില്‍ കുടുംബശ്രീ വഴി 2000 കോടി രൂപയുടെ വായ്പ പദ്ധതി, നികുതി ,വാട്ടര്‍ ബില്ലുകളടക്കാന്‍ ഒരു മാസത്തെ സാവകാശം തുടങ്ങി പൊതുജനങ്ങളുടെ സാമ്പത്തിക അടിത്തറ മുന്‍കൂട്ടി കണ്ട് പ്രായോഗിക തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ഇത്രയും മികച്ച മറ്റൊരു നേതാവ് ഉണ്ടോ എന്നും പോലും സംശയമാണ്.

”ശാരീരിക അകലം സാമൂഹിക ഒരുമ ”എന്നാവട്ടെ കൊവിഡ് കാലത്തെ മുദ്രാവാക്യമെന്ന് മുഖ്യമന്ത്രി പറയുന്നു. സമൂഹത്തെ ബാധിക്കുന്ന വലിയൊരു പ്രതിസന്ധിയെ അതിജിവിക്കാന്‍ സമൂഹത്തെ പ്രാപ്തമാക്കുന്ന തരത്തിലുള്ള കരുതല്‍ നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

എന്തോ ഈ നേതാവിനെ ഇഷ്ടമാണ് മലയാളിക്ക്- വേണമെങ്കില്‍ മോദിക്കും കേരള മുഖ്യമന്ത്രിയെ മാതൃകയാക്കാം. ഇത്തരം പ്രായോഗികവും ശക്തവുമായ നടപടി തന്നെയാണ് കേരളത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നതും. ഒരു നേതാവ് എങ്ങനെ ആയിരിക്കണം എന്ന് ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ തെളിയിച്ച ഒരേ ഒരു നേതാവ് അതാണ് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി.

Related post