• October 17, 2021

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു

 രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു. 377 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1076 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 38 മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

ധാരാവിയില്‍ അഞ്ച് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ധാരാവിയില്‍ രോഗബാധിതരുടെ എണ്ണം 60 ആയി. ഏഴ് പേരാണ് ഇതിനകം മരിച്ചിരിക്കുന്നത്. മുംബൈ താനെയില്‍ കണ്ടെയന്റ്മെന്റ് മേഖലകളുടെ എണ്ണം 87 ആയി ഉയര്‍ന്നു. മേഖലകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ മാത്രം രോഗബാധിതരുടെ എണ്ണം 2687 ആയി. ഇന്നലെ 18 പേര്‍ മരിച്ച ഇവിടെ മരണസംഖ്യ 178 ആയി. ഡല്‍ഹിയില്‍ 1561 കേസും 30 മരണവും, തമിഴ്നാട്ടില്‍ 1204 കേസും 12 മരണവും രാജസ്ഥാനില്‍ 969 കേസും മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കേവലം 730 പേര്‍ക്ക് മാത്രം രോഗം സ്ഥിരീകരിച്ച മധ്യപ്രദേശിലെ മരണ നിരക്ക് ആശങ്കപ്പെടുത്തുന്നതാണ്. ഇവിടെ 50 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

കര്‍ണാടകത്തില്‍ കൊവിഡ് മരണം പത്തായി. ഇന്നലെ മാത്രം നാല് പേരാണ് ഇവിടെ മരിച്ചത്. ബെംഗളൂരുവില്‍ 38 കൊവിഡ് തീവ്രബാധിത പ്രദേശങ്ങളാണ് ഉള്ളത്. ആന്ധ്ര പ്രദേശില്‍ ഇന്നലെ രണ്ട് പേര്‍ കൂടി മരിച്ചതോടെ ആകെ മരണം ഒമ്പതായി. തെലങ്കാനയില്‍ 18 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്ത് വൈറസ് വ്യാപനം കൂടുതല്‍ രൂക്ഷമായ സാഹചര്യത്തില്‍ ഐ സി എം ആര്‍ പരിശോധന ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചു.

Related post