• June 19, 2021

രാജ്യത്ത്‌ കൊവിഡ് ബാധ രൂക്ഷമായി തുടരുന്നു

 രാജ്യത്ത്‌  കൊവിഡ് ബാധ രൂക്ഷമായി തുടരുന്നു

രാജ്യത്തെ കൊവിഡ് ബാധ രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 9987 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 331 പേര്‍ മരണപ്പെട്ടു. തുടര്‍ച്ചയായ ആറാം ദിവസമാണ് കൊവിഡ് കേസുകള്‍ 9000 കടക്കുന്നത്. ജനുവരി 30നാണ് രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനു ശേഷമുള്ള ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കുകളാണ് ഇത്. 2,66,598 ആണ് രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം. 7466 പേരാണ് ആകെ മരിച്ചത്. ആകെ 1,29,214 പേര്‍ രോഗമുക്തരായി. ഇന്നലെ 9983 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

6000ല്‍ നിന്ന് മരണം 7000 ആവാന്‍ വെറും 4 ദിവസമാണ് എടുത്തത്. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. 8944 ഗുരുതര രോഗികളാണ് ഇന്ത്യയില്‍ ഉള്ളത്. ഒന്നാം സ്ഥാനത്ത് അമേരിക്കയിലാണ്. പോസിറ്റീവ് കേസുകളുടെ കാര്യത്തില്‍ മറ്റ് രാജ്യങ്ങള്‍ ഇന്ത്യക്ക് മുകളില്‍ ഉണ്ടെങ്കിലും ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ അവിടെ കുറവാണ്.

കൊവിഡ് വ്യാപനവും മരണവും പിടിച്ചുനിര്‍ത്താന്‍ ജില്ലാ അടിസ്ഥാനത്തില്‍ സമഗ്ര പദ്ധതി തയാറാക്കാന്‍ പത്ത് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. വീടുകള്‍ തോറുമുള്ള സര്‍വേയും പരിശോധനയും ഊര്‍ജിതമാക്കാന്‍ നിര്‍ദേശിച്ചു. ഡല്‍ഹിയില്‍ സമൂഹവ്യാപനമുണ്ടോയെന്ന് ചര്‍ച്ച ചെയ്യാന്‍ ദുരന്ത നിവാരണ സമിതിയുടെ നിര്‍ണായക യോഗം ഇന്ന് ചേരും. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, ഹരിയാന, ജമ്മുകശ്മീര്‍, കര്‍ണാടക, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ 38 ജില്ലകളിലെ ജില്ലാ കലക്ടര്‍മാര്‍, 45 മുനിസിപ്പല്‍ കോര്‍പറേഷനിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി ആരോഗ്യ മന്ത്രാലയ സെക്രട്ടറി ചര്‍ച്ച നടത്തി.

Related post