• August 3, 2021

“തിരക്കോട് തിരക്ക്”; ഇന്ത്യയ്ക്ക് നാളെ മൂന്നു മത്സരങ്ങള്‍

 “തിരക്കോട് തിരക്ക്”; ഇന്ത്യയ്ക്ക് നാളെ മൂന്നു മത്സരങ്ങള്‍

ഇന്ത്യന്‍ ടീമിന് നാളെ മൂന്നു മത്സരങ്ങള്‍. വ്യത്യസ്ത സമയങ്ങളില്‍ മൂന്നു വ്യത്യസത ടീമുകളാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത്. പക്ഷേ ഈ മൂന്നു മത്സരങ്ങളിലും ഇന്ത്യയ്ക്ക് ഒരേ എതിരാളി തന്നെയാണ് എന്നതാണ്‌ കളിയുടെ ഏറ്റവും വലിയ പ്രത്യേകത.

അണ്ടര്‍-19 ലോകകപ്പ്, ഇന്ത്യ എയുടെ ന്യൂസിലന്‍ഡ് പര്യടനം, ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ന്യൂസിലന്‍ഡ് പര്യടനം എന്നീ പരമ്പര/ടൂര്‍ണമെന്റുകളിലാണ് ഇന്ത്യ ഇറങ്ങുക. മൂന്നിടങ്ങളിലും ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. യഥാക്രമം ഉച്ച തിരിഞ്ഞ് 1.30, പുലര്‍ച്ചെ 3.30, ഉച്ചക്ക് 12.20 എന്നീ സമയങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.

മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തിനുള്ള ടീമുകളില്‍ മലയാളി താരം സഞ്ജു സാംസണും ഉള്‍പ്പെട്ടിട്ടുണ്ട്.

അണ്ടര്‍-19 ലോകകപ്പിന്റെ ഗ്രൂപ്പ് എയിലാണ് ന്യൂസിലന്‍ഡും ഇന്ത്യയും ഏറ്റുമുട്ടുക. കളിച്ച രണ്ട് മത്സരങ്ങളും അനായാസം ജയിച്ച ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാമതാണ്.

രണ്ടാമത്തെ മത്സരം ഇന്ത്യ എയുടെ ന്യൂസിലന്‍ഡ് പര്യടനത്തിലെ രണ്ടാം ഏകദിനമാണ്.
ആദ്യ ഏകദിനത്തില്‍ അഞ്ച് വിക്കറ്റിന്റെ അനായാസ ജയം നേടിയ ഇന്ത്യ ജയം തുടരാനാണ് ഇറങ്ങുക. മലയാളി താരം സഞ്ജു സാംസണ്‍ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയിരുന്നു.

സീനിയര്‍ ടീം ടി-20 പരമ്പരയിലാണ് ഇറങ്ങുക. ന്യൂസിലന്‍ഡ് പര്യടനത്തിലെ ആദ്യ മത്സരമാണ് നാളെ ഓക്ക്ലന്‍ഡില്‍ നടക്കുക. സഞ്ജു ടീമിലുണ്ടെങ്കിലും നാളെ നടക്കുന്ന മത്സരത്തില്‍ ടീമില്‍ ഉണ്ടാവില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ലോകേഷ് രാഹുലും അഞ്ചാം നമ്പറില്‍ മനീഷ് പാണ്ഡെയും ഇറങ്ങുമെന്ന് കോലി സൂചിപ്പിച്ചിരുന്നു.

Related post