• June 23, 2021

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ നാലാം സ്ഥാനത്ത്

 കോവിഡ് ബാധിതരുടെ എണ്ണത്തില്‍  ഇന്ത്യ നാലാം സ്ഥാനത്ത്

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ലോകത്ത് ഇന്ത്യ നാലാം സ്ഥാനത്തെത്തി. അമേരിക്ക, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യയേക്കാള്‍ രോഗികളുള്ളത്. രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ബ്രിട്ടനെയും മറികടന്നാണ് നാലാമതെത്തിയ്. 2,97,623 കോവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ബ്രിട്ടനില്‍ 2,91,588 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയില്‍ 4.93 ലക്ഷവും ബ്രസീലില്‍ 7.72 ലക്ഷവും അമേരിക്കയില്‍ 20 ലക്ഷവും കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മെയ് 24ന് കോവിഡ് രോഗികളുടെ എണ്ണത്തില്‍ പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ. 18 ദിവസം കൊണ്ടാണ് നാലാമതെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് ഒന്‍പതിനായിരത്തിലധികം കേസുകളാണ് തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേ സമയം രാജ്യത്ത് വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചേക്കാമെന്ന് ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) അറിയിച്ചു. കോവിഡ് ബാധ മാസങ്ങള്‍ നീണ്ടുനില്‍ക്കും. നഗരങ്ങളിലെ ചേരികളിലാണ് രോഗവ്യാപന സാധ്യത കൂടുതല്‍. നിലവില്‍ മരണ നിരക്ക് കുറവാണ്. ഇതുവരെ പരമാവധി നിയന്ത്രണത്തിലാണ് കാര്യങ്ങള്‍. രാജ്യത്ത് സമൂഹ വ്യാപനമില്ലെന്നും ഐസിഎംആര്‍ അറിയിച്ചു.

രാജ്യത്ത് വ്യാഴാഴ്ച 10,468 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗികള്‍ 2,97,623. ചികിത്സയിലുള്ളവര്‍ 1,42,634. രോഗമുക്തി നേടിയവര്‍ 1,46,485. മരണം 8489. വ്യാഴാഴ്ച മാത്രം 390 പേര്‍ മരിച്ചു.മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 24 മണിക്കൂറിനിടെ 152 പേര്‍ മരിക്കുകയും 3607 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 97 പേര്‍ മരിച്ചത് മുംബൈയിലാണ്.

Related post