• October 22, 2021

ഇന്ത്യയുടെ ‘മാന്ത്രികമരുന്ന്’ ഇനി കടൽകടക്കും

 ഇന്ത്യയുടെ ‘മാന്ത്രികമരുന്ന്’ ഇനി കടൽകടക്കും

അന്താരാഷ്ട്ര സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി
കോവിഡ്-19 മഹാമാരിയെ നേരിടാൻ മലേറിയ ചികിത്സിക്കാനുപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ എന്ന മരുന്ന് അയൽ‌രാഷ്ട്രങ്ങളുൾപ്പടെ നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ഇന്ത്യ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
പനിചികിത്സയ്ക്കുപയോഗിക്കുന്ന പാരസെറ്റമോളും കയറ്റുമതി ചെയ്യും. യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ ശനിയാഴ്ച നടത്തിയ ടെലിഫോൺ സംഭാഷണത്തിലും ഇതായിരുന്നു വിഷയം.
മലേറിയ ചികിത്സിക്കാൻ ദീർഘനാളായി ഉപയോഗിക്കുന്നതും ചിലവുകുറഞ്ഞതുമായ മരുന്നാണ് ഹൈഡ്രോക്സിക്ലോറോക്വിൻ.
COVID-19 രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകരെ ചികിത്സിക്കാൻ ഈ മരുന്ന് ആന്റിവൈറൽ ഏജന്റായി ഉപയോഗിക്കാമെന്ന അഭിപ്രായങ്ങൾ ഉയരുന്നതിനിടെ കഴിഞ്ഞ മാസമാണ് ഇന്ത്യ ഈ മരുന്നിന്റെ കയറ്റുമതി നിരോധിച്ചത്.
തങ്ങളുടെ അഭ്യർത്ഥന വകവയ്ക്കാതെ ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതി വിലക്ക് തുടർന്നാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് തിങ്കളാഴ്ച ഇന്ത്യയ്ക്ക് ‘മുന്നറിയിപ്പ്’ നൽകിയിരുന്നു.
“അന്താരാഷ്ട്രസമൂഹത്തോട് ശക്തമായ ഐക്യദാർഢ്യവും സഹകരണവും ഇന്ത്യ എല്ലായ്പ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതിസന്ധിഘട്ടങ്ങളിൽ ഒരു മൂന്നാംരാജ്യത്തുനിന്നും അന്യരാജ്യങ്ങളിലെ പൗരന്മാരെ രക്ഷിക്കുമ്പോഴും ഈ ബോധമാണ് ഞങ്ങളെ നയിച്ചിട്ടുള്ളത്,” വിദേശകാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
“പകർച്ചവ്യാധി വളരെ മോശമായി ബാധിച്ച രാജ്യങ്ങൾക്ക് നാം അവശ്യമരുന്നുകൾ വിതരണം ചെയ്യും,” അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈഡ്രോക്സിക്ലോറോക്വിൻ ആവശ്യപ്പെട്ടുകൊണ്ട് ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ അയൽരാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചിട്ടുണ്ട്.
തിങ്കളാഴ്ചത്തെ പത്രസമ്മേളനത്തിൽ ട്രംപ് നടത്തിയ പരാമർശങ്ങൾ നല്ലരീതിയിലല്ല ഇന്ത്യ എടുത്തിട്ടുള്ളത്. മോദി അനുകൂലനിലപാടെടുത്തശേഷവും ഇത്രയും കടുത്തഭാഷ ഉപയോഗിക്കേണ്ടിയിരുന്നില്ലെന്നു വിമർശകർ ചൂണ്ടിക്കാട്ടുന്നു.

Related post