• October 28, 2021

ക്രിക്കറ്റില്‍ ഇന്ത്യയുടെ കൗമാരം കുതിക്കുന്നു

 ക്രിക്കറ്റില്‍ ഇന്ത്യയുടെ കൗമാരം കുതിക്കുന്നു

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ജപ്പാനെ 10 വിക്കറ്റിന് തകര്‍ത്തു. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ജപ്പാന്‍ ഉയര്‍ത്തിയ 42 റണ്‍സ് വിജയലക്ഷ്യം വെറും 4.5 ഓവറില്‍ ഇന്ത്യ മറികടന്നു. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ 50 ഓവര്‍ മത്സരം ജയിക്കാന്‍ ഇന്ത്യയുടെ കൗമാരതാരങ്ങള്‍ക്ക് വേണ്ടിവന്നത് 29 പന്തുകള്‍ മാത്രം! 271 പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യയുടെ ചുണക്കുട്ടികള്‍ വിജയം കൊയ്തു.

ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ 18 പന്തില്‍ അഞ്ചു ഫോറും ഒരു സിക്‌സും സഹിതം നേടിയ 29 റണ്‍സാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. കുമാര്‍ കുശാഗ്ര 11 പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം 13 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കുവേണ്ടി രവി ബിഷ്ണോയി എട്ട് ഓവറില്‍ അഞ്ചുറണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ കാര്‍ത്തിക് ത്യാഗി ആറ് ഓവറില്‍ 10 റണ്‍സിന് മൂന്നുവിക്കറ്റെടുത്തു. ആദ്യത്തെ രണ്ട് പന്തുകളിലും വിക്കറ്റ് വീഴ്ത്തിക്കൊണ്ടാണ് രവി ബിഷ്ണോയി ബൗളിങ് തുടങ്ങിയത്. ആ ഓവര്‍ മെയ്ഡനായിരുന്നു. എട്ട് ഓവറില്‍ മൂന്നു മെയ്ഡനായി. ബിഷ്ണോയി കളിയിലെ താരവുമായി. ഇന്ത്യ നേടിയ 42 റണ്‍സില്‍ 34 റണ്‍സും ബൗണ്ടറിയിലൂടെയാണ് വന്നത്. ജപ്പാന്‍ ആകട്ടെ, ആകെ നേടിയത് രണ്ടേ രണ്ടു ഫോറും. ജപ്പാന്റെ ഒരു ബാറ്റ്‌സ്മാനും 10 റണ്‍സ് തികയ്ക്കാനായില്ല. അഞ്ചുപേര്‍ പൂജ്യത്തിന് പുറത്തായി. ഓപ്പണര്‍ ഷു നോഗുച്ചിയും കെന്റോ ഡോബെല്ലും ഏഴു റണ്‍സ് വീതം എടുത്തു. ഇതാദ്യമായാണ് ജപ്പാന്‍ അണ്ടര്‍ 19 ലോകകപ്പിന് യോഗ്യതനേടിയത്. ഇന്ത്യയാകട്ടെ നിലവിലെ കിരീടജേതാക്കളും.

ലോകകപ്പ് പ്രാഥമിക റൗണ്ടിലെ ആദ്യമത്സരത്തില്‍ ശ്രീലങ്കയെ ഇന്ത്യ 90 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ ജയം നേടിയതോടെ, നാലുപോയന്റുമായി എ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. ബി ഗ്രൂപ്പില്‍ വെസ്റ്റിന്‍ഡീസും സി ഗ്രൂപ്പില്‍ ബംഗ്ലാദേശും രണ്ടു വിജയങ്ങളുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. ചൊവ്വാഴ്ച മറ്റൊരു മത്സരങ്ങളില്‍ ബംഗ്ലാദേശ് സ്‌കോട്‌ലന്‍ഡിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചു.

Related post