• July 28, 2021

ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി; ന്യൂസിലന്റിനെതിരായ ഏകദിന – ടെസ്റ്റ് പരമ്പരകളില്‍ രോഹിത് ശര്‍മ കളിക്കില്ല

 ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി; ന്യൂസിലന്റിനെതിരായ ഏകദിന – ടെസ്റ്റ് പരമ്പരകളില്‍ രോഹിത് ശര്‍മ കളിക്കില്ല

ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി. ന്യൂസിലാന്‍ഡ് പര്യടനത്തിലെ ശേഷിക്കുന്ന ഒരു മത്സരത്തിലും വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ്മയ്ക്ക് കളിക്കാനാകില്ലെന്ന് റിപ്പോര്‍ട്ട്.

ഇന്ത്യയും ന്യൂസിലന്റും തമ്മിലുള്ള അവസാന ടി20 മത്സരത്തിനിടെ രോഹിതിന് കാലിന് പരിക്കേറ്റിരുന്നു. ഇതാണ് താരത്തെ ഒഴിവാക്കാന്‍ കാരണം.

മൂന്നു ഏകദിനങ്ങളും രണ്ട് ടെസ്റ്റു മത്സരങ്ങളുമാണ് പരമ്പരയില്‍ അവശേഷിക്കെ രോഹിത് ശര്‍മ്മയുടെ പരിക്ക് ടീമിനെ പ്രതിസന്ധിയിലാക്കി.

അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പര കഴിഞ്ഞ ദിവസം സമാപിച്ചിരുന്നു. പരമ്പര ഇന്ത്യ 5-0ന് തൂത്തുവാരിയിരുന്നു.

രോഹിത് ശര്‍മ്മയ്ക്ക് ന്യൂസിലാന്‍ഡ് പര്യടനത്തില്‍ തുടര്‍ന്ന് കളിക്കാനാകില്ലെന്ന വിവരം ബിസിസിഐ വൃത്തങ്ങളാണ് അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പ് വന്നിട്ടില്ല.

ടെസ്റ്റില്‍ ഓപ്പണറെന്ന നിലയില്‍ കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ക്കായി താന്‍ കാത്തിരിക്കുകയാണെന്ന് രോഹിത് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ബുധനാഴ്ച തുടങ്ങുന്ന മൂന്നു മത്സര ഏകദിന പരമ്പരയ്ക്ക് ശേഷമാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

അഞ്ചാമത്തെയും അവസാനത്തെയും ടി20 മത്സരത്തില്‍ നായകന്‍ വിരാട് കോഹ്ലിക്ക് ടീം മാനേജ്‌മെന്റ് വിശ്രമം അനുവദിച്ചതോടെ രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിച്ചത്. എന്നാല്‍ ബാറ്റിങ്ങിനിടെ കാലിന്റെ പേശിക്ക് പരിക്കേറ്റതോടെ രോഹിത് പവലിയനിലേക്ക് മടങ്ങിയിരുന്നു.

തുടര്‍ന്ന് കെ.എല്‍ രാഹുല്‍ ആയിരുന്നു ടീമിനെ നയിച്ചത്. 60 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മത്സരത്തില്‍ ഏഴ് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.

Related post