• October 23, 2021

പ്രതിരോധ മരുന്നായി ഹൈഡ്രോക്‌സി ക്ലോറിക്വിന്‍ നല്‍കാന്‍ കേന്ദ്ര അനുമതി

 പ്രതിരോധ മരുന്നായി ഹൈഡ്രോക്‌സി ക്ലോറിക്വിന്‍ നല്‍കാന്‍ കേന്ദ്ര അനുമതി

കോവിഡ്-19 നെതിരെ ഹൈഡ്രോക്‌സി ക്ലോറിക്വിന്‍ പ്രതിരോധ മരുന്നായി ഉപയോഗിക്കാന്‍ കേന്ദ്രം അനുമതി നല്‍കി. മരുന്ന് ആവശ്യത്തിന് സ്റ്റോക് ചെയ്തിട്ടുണ്ടെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറലും അറിയിച്ചു. അതിഗുരുതര സാഹചര്യങ്ങളിലുള്ള രോഗികളില്‍ മരുന്ന് ഉപയോഗിക്കാമെന്ന ഐസിഎംആര്‍ കര്‍മസമിതിയുടെ ശുപാര്‍ശയാണ് ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകരിച്ചത്. ഇതിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട മാര്‍ഗരേഖയും സര്‍ക്കാര്‍ പുറത്തിറക്കി. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും എന്നാല്‍, വൈറസ് പിടിപെടാന്‍ അതീവ സാധ്യതയുള്ളവരുമായ ആളുകളില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ മാത്രമായിരിക്കും മരുന്ന് ഉപയോഗിക്കാനാവുക. ഇതുപയോഗിച്ചുവെന്നു കരുതി വൈറസ് പിടിപെടില്ലെന്ന ധാരണ വേണ്ടെന്നും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ വിശദീകരിക്കുന്നു.
മലേറിയാ രോഗത്തിന് ചികിത്സക്കും മുന്‍കരുതലായും ഈ മരുന്ന് ഉപയോഗിക്കാറുണ്ട്. സാര്‍സ് പടര്‍ന്ന് പിടിച്ചിരുന്ന സമയത്തും മരുന്ന് ഫലം ചെയ്ത മുന്നനുഭവം കൂടി കണക്കിലെടുത്താണ് ശുപാര്‍ശ. പതിനഞ്ച് വയസ്സിന് താഴെ ഉള്ളവര്‍ക്കും കണ്ണുമായി ബന്ധപ്പെട്ട അസുഖം ഉള്ളവരും മരുന്ന് ഉപയോഗിക്കരുത്. രോഗ സാധ്യതയുള്ളവര്‍ പ്രതിരോധ മരുന്ന് കഴിച്ച ശേഷവും ക്വാറന്റൈന്‍ തുടരണം.

Related post