• June 20, 2021

മഴയ്ക്കൊപ്പം പകര്‍ച്ച വ്യാധികളും, ജാഗ്രത വേണം

 മഴയ്ക്കൊപ്പം പകര്‍ച്ച വ്യാധികളും, ജാഗ്രത വേണം

കോവിഡിനെതിരായ പോരാട്ടത്തിനിടയിലും ഡെങ്കിപ്പനിക്കെതിരെ കരുതല്‍ വേണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. മഴ ശക്തിപ്പെട്ടതോടെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും വര്‍ധിക്കുന്നതിനാല്‍ ജാഗ്രതയോടെയാണ് ആരോഗ്യ വകുപ്പ്. ഈ മാസം ആദ്യ മൂന്ന് ദിവസങ്ങളില്‍ 57 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം പിടിപെട്ടത്. ശുദ്ധജലത്തില്‍ പെരുകുന്ന ഈഡിസ് ഈജിപ്റ്റി കൊതുകാണ് ഡെങ്കി പരത്തുന്നത്. കെട്ടിടങ്ങളുടെ മേല്‍ക്കൂരകളിലും പരിസരത്തും വെള്ളം കെട്ടി നില്‍ക്കാതെ ശ്രദ്ധിക്കണം. ദീര്‍ഘനാള്‍ അടഞ്ഞു കിടന്ന സ്ഥാപനങ്ങളില്‍ കൊതുക് പെരുകാനിടയുണ്ട്. സണ്‍ഷെഡുകള്‍, കെട്ടിടത്തിന്റെ പരിസരം എന്നിവയിലും കെട്ടി നില്‍ക്കുന്ന വെള്ളം ഒഴുക്കി കളയണം.പാഴ് വസ്തുക്കള്‍ സംസ്‌ക്കരിക്കണം.

ബ്രേക്ക് ദി ചെയിനിന്റെ ഭാഗമായി കൈ കഴുകാന്‍ വച്ചിരിക്കുന്ന വെള്ളം ദിവസവും മാറ്റി ബക്കറ്റ്, സംഭരണി എന്നിവ വൃത്തിയാക്കണം. ചന്തകളില്‍ മത്സ്യം സൂക്ഷിക്കുന്ന പെട്ടികള്‍,വീട്ടുമുറ്റത്തും പുരയിടത്തിലും എറിഞ്ഞു കളഞ്ഞപാത്രം,ചിരട്ട,തൊണ്ട്, ടയര്‍, മുട്ടത്തോട്, ടിന്‍ എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം. പൂച്ചട്ടികള്‍ക്ക് താഴെ വെള്ളം കെട്ടി നില്‍ക്കുന്ന പാത്രങ്ങളും ഫ്രിഡ്ജിന് പിന്നിലെ ട്രേയും ആഴ്ചയില്‍ ഒരിക്കല്‍ വൃത്തിയാക്കണം. രോഗമുള്ള ഒരാളെ കടിക്കുമ്പോള്‍ വൈറസ് കൊതുകിന്റെ ഉമിനീര്‍ഗ്രന്ധിയിലെത്തും. മറ്റൊരാളെ കടിക്കുമ്പോള്‍ ഇത് രക്തത്തില്‍ കലര്‍ന്ന് രോഗമുണ്ടാക്കും.

പെട്ടന്നുള്ള കടുത്ത പനി,തലവേദന, പേശി വേദന, വിശപ്പില്ലായ്മ, മനം പുരട്ടല്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ എന്നിവയാണ് ലക്ഷണങ്ങള്‍. വൈറല്‍പ്പനിക്ക് സമാനമായ ലക്ഷണങ്ങള്‍ കാരണം പലപ്പോഴും തിരിച്ചറിയാന്‍ വൈകുന്നു. കലശലായ നടുവേദന, കണ്ണിനു പിന്നില്‍ വേദന, ദേഹത്ത് ചുവന്നു തിണിര്‍ത്ത പാടുകള്‍ എന്നീ ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്. ആരംഭത്തില്‍തന്നെ ഡെങ്കി പ്പനിയെന്ന് കണ്ടുപിടിച്ച് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണം. രക്തത്തിലെ പ്ലേറ്റ്‌ലൈറ്റുകളുടെ അളവ് പെട്ടന്ന് കുറഞ്ഞു മരണത്തിലേക്ക് നീങ്ങും. പനിയുള്ളവര്‍ ധാരാളം വെള്ളം കുടിക്കണം. സ്വയം ചികിസിക്കരുത് ആരോഗ്യ മന്ത്രി പറഞ്ഞു.

Related post