• October 17, 2021

ഗര്‍ഭിണികള്‍ക്ക് കേരളത്തിലെത്താന്‍ മാനദണ്ഡം പുറത്തിറക്കി സര്‍ക്കാര്‍

 ഗര്‍ഭിണികള്‍ക്ക് കേരളത്തിലെത്താന്‍ മാനദണ്ഡം പുറത്തിറക്കി സര്‍ക്കാര്‍

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് ഗര്‍ഭിണികള്‍ക്ക് പ്രവേശനം നല്‍കുന്നതിന് പുതിയ മാനദണ്ഡം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി . ഗര്‍ഭിണികള്‍ മതിയായ ചികിത്സാ രേഖകള്‍ കൈവശം സൂക്ഷിക്കണം. പോകാനുദ്ദേശിക്കുന്ന ജില്ലയുടെ കളക്ടറുടെ അനുമതി മുന്‍കൂര്‍ വാങ്ങണം.
പ്രസവ തീയതി, യാത്ര ചെയ്യാനുള്ള ആരോഗ്യ സ്ഥിതി വ്യക്തമാക്കുന്ന രേഖകള്‍ തുടങ്ങിയവ അംഗീകൃത ഗൈനക്കോളജിസ്റ്റില്‍നിന്ന് വാങ്ങണം. താമസിക്കുന്ന സംസ്ഥാനത്തെ അധികൃതരെ ഈ സര്‍ട്ടിഫിക്കറ്റ് കാണിച്ച് ബോധ്യപ്പെടുത്തി യാത്രാപാസ് സംഘടിപ്പിക്കണം. കൂടെ യാത്ര ചെയ്യുന്നവരുടെ വിവരം പാസില്‍ രേഖപ്പെടുത്തണം.

വാഹനത്തില്‍ പരമാവധി സഞ്ചരിക്കാന്‍ കഴിയുന്നത് ഡ്രൈവര്‍ ഉള്‍പ്പെടെ 3 പേര്‍ക്കായിരിക്കും.ഗര്‍ഭിണിക്കൊപ്പമുള്ള കുട്ടികളേയും കടത്തിവിടും. ഗര്‍ഭിണി ഏത് ജില്ലയിലേക്കാണോ വരുന്നത് അവിടത്തെ കളക്ടര്‍ക്ക് ഇമെയിലിലൂടെയോ വാട്സാപ്പിലൂടെയോ അപേക്ഷ നല്‍കണം. കേരളത്തില്‍ പ്രവേശിപ്പിക്കാന്‍ അര്‍ഹയാണെങ്കില്‍ തീയതിയും സമയവും കളക്ടര്‍ അംഗീകരിക്കും. ഇതുകൂടി ചേര്‍ത്തുവേണം താമസിക്കുന്ന സ്ഥലത്ത് വാഹനപ്പാസിന് അപേക്ഷിക്കേണ്ടത്. കേരളത്തിലെ ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ പാസ് പരിശോധിച്ച് വാഹനം കടത്തിവിടണം. ചെക്പോസ്റ്റിലെ പരിശോധനയില്‍ യാത്രക്കാര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അവരെ ക്വാറന്റൈന്‍ ചെയ്യും.

Related post