• October 17, 2021

ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വ്വീസിനുള്ള വിലക്ക് മേയ് 3 വരെ നീട്ടി

 ആഭ്യന്തര-അന്താരാഷ്ട്ര  വിമാന സര്‍വ്വീസിനുള്ള വിലക്ക് മേയ് 3 വരെ നീട്ടി

രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ രാജ്യാന്തര ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരും. മാര്‍ച്ച് 26ന് പ്രഖ്യാപിച്ച ആഭ്യന്തര-അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്കുള്ള വിലക്ക് മേയ് 3 രാത്രി 11.59 വരെ നീട്ടിയതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.

നേരത്തെ ഏപ്രില്‍ 14വരെയാണ് നിര്‍ത്തിവച്ചിരുന്നത്. ഏപ്രില്‍ 15 മുതലുള്ള സര്‍വീസുകള്‍ക്ക് ചില വിമാന കമ്പനികള്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങിയിരുന്നു.

അതേസമയം, കാര്‍ഗോ വിമാനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമാകില്ല. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അനുമതി നല്‍കുന്ന പ്രത്യേക വിമാനങ്ങള്‍ക്കും സര്‍വീസ് നടത്താം.

ഇന്ത്യയില്‍ പെട്ടുപോയ വിദേശികളെ സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോകാനും മറ്റും എംബസികള്‍ വഴി അനുമതി നല്‍കുന്നുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഇന്ന് 80 മാലിദ്വീപ് പൗരന്‍മാരെ സ്വരാജ്യത്തേക്ക് കൊണ്ടുപോയിരുന്നു.

Related post