• May 15, 2021

ഇറാന്‌റെ മിസൈല്‍ ആക്രമണം; അമേരിക്കന്‍ സൈനികര്‍ക്ക് തലച്ചോറിന് ക്ഷതം; സ്ഥിരീകരിച്ച് പെന്‌റഗണ്‍

 ഇറാന്‌റെ മിസൈല്‍ ആക്രമണം; അമേരിക്കന്‍ സൈനികര്‍ക്ക് തലച്ചോറിന് ക്ഷതം; സ്ഥിരീകരിച്ച് പെന്‌റഗണ്‍

ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍ അന്‍പതോളം യുഎസ് സൈനികര്‍ക്കു തലച്ചോറിനു ക്ഷതമേറ്റതായി പെന്റഗണ്‍ സ്ഥിരീകരിച്ചു. ഇറാഖിലെ യുഎസ് സൈനിക താവളത്തിനു നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 80 സൈനികര്‍ കൊല്ലപ്പെട്ടുവെന്ന ഇറാന്റെ വാദം പച്ചക്കള്ളമാണെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.
യുഎസ് സൈന്യത്തിലെ ഒരാള്‍ക്കു പോലും ഒരു പോറല്‍ പോലും പറ്റിട്ടില്ലെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ യാതൊരു തരത്തിലുള്ള നാശനഷ്ടങ്ങളും ഉണ്ടായിട്ടില്ലെന്ന ട്രംപിന്റെ വാദങ്ങള്‍ തള്ളി രംഗത്തെത്തിയിരിക്കുകയാണ് പെന്റഗണ്‍.

18 പേര്‍ ജര്‍മനിയില്‍ ചികിത്സയിലാണെന്നും ബാക്കിയുള്ളവര്‍ ഇറാഖിലെ ചികിത്സയ്ക്കു ശേഷം ജോലിയില്‍ തിരികെ പ്രവേശിച്ചുവെന്നും പെന്റഗണ്‍ അധികൃതര്‍ വ്യക്തമാക്കി. അല്‍ അസദ് താവളത്തിലെ സൈനികര്‍ക്കാണ് ആക്രമണത്തിന്റെ ആഘാതം മൂലം തലച്ചോറിനു ക്ഷതമേറ്റത്. ആക്രമണം നടക്കുമ്പോള്‍ 1,500 സൈനികരും ബങ്കറുകളിലായിരുന്നു. യുഎസ് സൈന്യം ഇറാഖ് വിട്ടുപോകണമെന്നാവശ്യപ്പെട്ട് വന്‍ പ്രതിഷേധം നടക്കുമ്പോള്‍ തന്നെ ഇറാനോട് ചേര്‍ന്ന ഇറാഖ് അതിര്‍ത്തിയില്‍ അമേരിക്ക സൈനിക താവളങ്ങള്‍

നിര്‍മിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. യുഎസ് ഇറാഖ് വിടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം 10 ലക്ഷം പേരാണ് ബഗ്ദാദില്‍ തെരുവിലിറങ്ങിയത്. യുഎസ് സൈന്യം ഇറാഖ് വിടില്ലെന്നും സൈനിക നീക്കം ശക്തമാക്കാനാണു തീരുമാനമെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related post