• December 3, 2021

ആണവകരാറില്‍ നിന്ന് ഇറാന്‍ പിന്മാറി

 ആണവകരാറില്‍ നിന്ന് ഇറാന്‍ പിന്മാറി

2015ല്‍ ഒപ്പുവച്ച ആണവകരാറില്‍ നിന്ന് ഇറാന്‍ പൂര്‍ണമായും പിന്മാറി. യുറേനിയം സമ്പുഷ്ടീകരണമടക്കമുള്ള കാര്യങ്ങളില്‍ ഇനി കരാറിലുള്ള ഒരു ഉടമ്പടിയും പാലിക്കില്ലെന്ന് ഇറാന്‍ ഭരണകൂടം പ്രഖ്യാപിച്ചു. ഇറേനിയന്‍ സൈനികമേധാവി ഖാസിം സുലൈമാനി അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണ് ഇറാക്കിന്റെ ഇപ്പോഴത്തെ ചുവടുമാറ്റത്തിനു കാരണം.

ആണവ പദ്ധതി നിര്‍ത്തിവച്ചാല്‍ ഉപരോധം അവസാനിപ്പിക്കാമെന്ന വ്യവസ്ഥയിലാണു യുഎസ് അടക്കം വന്‍ശക്തികള്‍ 2015 ല്‍ ഇറാനുമായി ആണവക്കരാര്‍ ഒപ്പുവച്ചത്. ആവശ്യമനുസരിച്ച് യുറാനിയം സമ്പുഷ്ടീകരിക്കുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. അമേരിക്കയെ കൂടാതെ ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ചൈന, യുകെ എന്നിവരാണ് കരാറിലുള്ളത്. ആണവകരാര്‍ പ്രകാരം യുറാനിയം സമ്പുഷ്ടീകരിക്കാനുള്ള പരിധി മുന്നൂറ് കിലോ ആണ്. വരും ദിവസങ്ങളില്‍ ഇത് മറികടന്നേക്കുമെന്ന് ഇറാന്റെ പ്രഖ്യാപനം.

അതേസമയം, യുഎസിന് എതിരെ കടുത്ത നടപടിയുമായി ഇറാക്കും രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തുനിന്ന് അമേരിക്കന്‍ സൈന്യത്തെ പുറത്താക്കണമെന്ന് ഇറാക്ക് പാര്‍ലമെന്റ്. ഇക്കാര്യമാവശ്യപ്പെട്ട് പാര്‍ലമെന്റ് പ്രമേയം പാസാക്കിയിരുന്നു.രാജ്യത്തെ രണ്ടാമത്തെ ഏറ്റവും കരുത്തനായ മേജര്‍ ജനറര്‍ സുലൈമാനിയെ വധിച്ച അമേരിക്കന്‍ നീക്കത്തിനുള്ള പ്രതികാരമായിട്ടാണിത്.

കൂടാതെ ഇറാനിലെ ഷിയാ പുണ്യ നഗരമായ ക്വോമിലെ ജാംകരണ്‍ പള്ളിയില്‍ ചുവന്ന കൊടിയുയര്‍ത്തിയത് ലോകത്തെ ഞെട്ടിച്ചിരുന്നു. രാജ്യം യുദ്ധത്തിലേക്ക് നീങ്ങുമ്‌ബോഴാണ് ഈ പള്ളിയില്‍ ചുവന്ന കൊടിയുയര്‍ത്തുക.അനീതിയാല്‍ രക്തം വീണുവെന്നും അതിന് പ്രതികാരം ചെയ്യണമെന്നും സൂചിപ്പിക്കാനാണ് ഇറാനില്‍ ഇത്തരം കൊടിയുയര്‍ത്താറ്. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു കൊടി ഇറാനില്‍ ഉയരുന്നത്.

Related post