• May 13, 2021

ഖാസിം സുലൈമാനിക്ക് കണ്ണീരോടെ വിട , തിരിച്ചടിക്കാനൊരുങ്ങി ഇറാന്‍

 ഖാസിം സുലൈമാനിക്ക് കണ്ണീരോടെ വിട , തിരിച്ചടിക്കാനൊരുങ്ങി ഇറാന്‍

അമേരിക്കയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ സംസ്‌കാരം ഇന്ന് നടക്കും. ജന്മനാടായ കെര്‍മനിലാണ് ചടങ്ങ്. ഖാസിം സുലൈമാനിയുടെ മൃതദേഹം ജന്മനാട്ടിലെത്തുമ്പോള്‍ പതിനായിരങ്ങളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തുന്നത്.

വികാര നിര്‍ഭരമായാണ് ഇറാന്‍ ജനത ഇന്നലെ ടെഹ്‌റാനില്‍ ഖാസിം സുലൈമാനിക്ക് യാത്ര നല്‍കിയത്. ‘അമേരിക്ക തുലയട്ടെ’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് സുലൈമാനയുടെ അന്ത്യയാത്രയില്‍ അലയടിച്ചത്. സുലൈമാനിയുടെ വധത്തിന് പ്രതികാരം ചെയ്യുമെന്ന് ഖുദ്‌സ് ഫോഴ്‌സിന്റെ പുതിയ തലവന്‍ ഇസ്മായില്‍ ഗനി ഇറാന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലും ആവര്‍ത്തിച്ചു.
പശ്ചിമേഷ്യയിലെ യുഎസ് സൈനിക കുടുംബങ്ങള്‍, അവരുടെ മക്കളുടെ മരണ വാര്‍ത്തകളാണ് ഇനി കേള്‍ക്കാനിരിക്കുന്നതെന്ന് ഖാസിം സുലൈമാനിയുടെ മകള്‍ സൈനബ് സുലൈമാനിയും കൂട്ടിച്ചേര്‍ത്തു.

കെര്‍മനിലെ സംസ്‌കാര ചടങ്ങില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുഖാചരണം ഇറാനില്‍ തുടരുകയാണ്.ഇതിനിടെ, ഇറാഖില്‍ നിന്ന് അമേരിക്ക സൈന്യത്തെ പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ പ്രതിരോധ മന്ത്രാലയം തള്ളി. സൈന്യത്തെ പിന്‍വലിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് കാണിച്ച് ഇറാഖിലെ അമേരിക്കന്‍ സൈനിക മേധാവി കത്ത് നല്‍കിയെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്തരം ഒരു തീരുമാനത്തെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ പറഞ്ഞു. സൈനിക മേധാവിയുടേതായി പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി.

ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് ജനറല്‍ കാസെം സോളൈമാനിയെ കൊലപ്പെടുത്തിയതിന് പകരം ചോദിക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാഖില്‍ കൊല്ലപ്പെട്ടതിന് മറുപടിയായി ലോക ശക്തികളുമായുള്ള 2015 ലെ ആണവ കരാര്‍ ടെഹ്റാന്‍ ഉപേക്ഷിച്ചു, എല്ലാ അമേരിക്കന്‍ സൈനികരെയും ഇറാഖ് മണ്ണില്‍ നിന്ന് പുറത്താക്കണമെന്ന് പാര്‍ലമെന്റ് ആവശ്യപ്പെട്ടു. അതേസമയം ഇറാന്‍ -അമേരിക്ക സംഘര്‍ളത്തില്‍ മറ്റ് രാജ്യങ്ങള്‍ ആശങ്ക അറിയിച്ചു. പ്രശ്‌നം രമ്യതയിലൂടെ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.

Related post