• October 22, 2021

നിര്‍ഭയ കേസ് ;തീഹാര്‍ ജയിലില്‍ ഡമ്മി പരീക്ഷണം നടത്തി ,വധശിക്ഷ മറ്റന്നാൾ

 നിര്‍ഭയ കേസ് ;തീഹാര്‍ ജയിലില്‍  ഡമ്മി പരീക്ഷണം നടത്തി ,വധശിക്ഷ മറ്റന്നാൾ

നിര്‍ഭയ കൂട്ടബലാല്‍സംഗ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനു മുന്നോടിയായി തീഹാര്‍ ജയിലില്‍ ഡമ്മി പരീക്ഷണം നടത്തി. ഇന്ന് രാവിലെ ജയിൽ നമ്പർ മൂന്നിൽ വച്ചാണ് ഡമ്മി പരീക്ഷണം നടത്തിയത്. നാളെ വീണ്ടും ഡമ്മി പരീക്ഷണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും.

വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 നാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ശിക്ഷ നടപ്പാക്കുന്നതിനായി ആരാച്ചാര്‍ പവന്‍കുമാര്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് തീഹാര്‍ ജയിലില്‍ എത്തിയിരുന്നു. വൈകീട്ട് ജയിലിലെത്തിയ ആരാച്ചാര്‍ തൂക്കുമരം, ലിവര്‍, കയര്‍ തുടങ്ങിയ സംവിധാനങ്ങളെല്ലാം പരിശോധിച്ചു. ജയില്‍ ഡയറക്ടര്‍ ജനറല്‍ സന്ദീപ് ഗോയല്‍, ജയില്‍ സൂപ്രണ്ട് തുടങ്ങിയവര്‍ ആരാച്ചാര്‍ക്കൊപ്പമുണ്ടായിരുന്നു.

വധശിക്ഷ നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിങ് നല്‍കിയ ഹര്‍ജി ഇന്നലെ ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളിയിരുന്നു. അതിനെതിരെ മുകേഷ് സിങ് ഇന്ന് വീണ്ടും ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കും. വധശിക്ഷക്കെതിരെ മുകേഷ് സിങിന്റെ രക്ഷിതാക്കള്‍ നല്‍കിയ അപേക്ഷ ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇന്നലെ തള്ളിയിരുന്നു.

ശിക്ഷ നടപ്പാക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ നിയമപരമായ അവസാന സാധ്യതകളും തേടുകയാണ് നാലുപേരും. ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അക്ഷയ്ഠാക്കൂറും പവന്‍ ഗുപ്തയും വിനയ് ശര്‍മ്മയും അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിലെ തീരുമാനം ഇന്നോ നാളയോ ഉണ്ടാകും.

Related post