• October 18, 2021

ഐപിഎല്‍ ലേലത്തില്‍ നിരാശനായ യൂസഫിനെ ആശ്വസിപ്പിച്ച് ഇര്‍ഫാന്‍; ഹൃദയം തൊടുന്ന സാഹോദര്യ സ്‌നേഹം

 ഐപിഎല്‍ ലേലത്തില്‍ നിരാശനായ യൂസഫിനെ ആശ്വസിപ്പിച്ച് ഇര്‍ഫാന്‍; ഹൃദയം തൊടുന്ന സാഹോദര്യ സ്‌നേഹം

ഐ.പി.എല്‍ 2020 സീസണിലേക്കുള്ള താരലേലം കഴിഞ്ഞപ്പോള്‍ യൂസുഫ് പഠാനെ ഒരു ടീമും വാങ്ങിയില്ല. ഐ.പി.എല്ലില്‍ ഇതുവരെ 174 മത്സരങ്ങള്‍ കളിച്ച പഠാന്റെ അടിസ്ഥാന വില ഒരു കോടി രൂപയായിരുന്നു. എന്നിട്ടും താരത്തെ വാങ്ങാന്‍ ടീമുകളുണ്ടായില്ല. ഇതിന് പിന്നാലെ ജ്യേഷ്ഠന് ആശ്വാസവാക്കുകളുമായി അനിയനെത്തി. ട്വിറ്ററിലൂടെയായിരുന്നു ഇര്‍ഫാന്‍ പഠാന്‍ സഹോദരന് പിന്തുണ അറിയിച്ചത്.
‘ഇത്തരം ചെറിയ വിള്ളലുകള്‍ നിങ്ങളുടെ കരിയറിനെ നിര്‍വചിക്കില്ല. നിങ്ങള്‍ മികച്ച താരമാണ്. യഥാര്‍ത്ഥ വിജയശില്‍പ്പി. എന്നും നിങ്ങളെ സ്നേഹിക്കുന്നു ലാലാ..’ ഇര്‍ഫാന്‍ ട്വീറ്റ് ചെയ്തു.

ഈ സാഹോദര്യ സ്‌നേഹം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇര്‍ഫാന്‍ പഠാനും ജേഷ്ഠന്‍ യൂസഫ് പഠാനും എന്നും ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരങ്ങളാണ്. ഒരുമിച്ചെത്തുന്ന മത്സരങ്ങളില്‍ മിന്നും പ്രകടനം കാഴ്ചവെക്കാറുണ്ട് പഠാന്‍ സഹോദരങ്ങള്‍.

ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ജനപ്രിയനായ ഓള്‍റൗണ്ടറായിരുന്നു യൂസഫ് പഠാന്‍. ആദ്യ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന അദ്ദേഹം 435 റണ്‍സും എട്ടു വിക്കറ്റും നേടി മികച്ച ഓള്‍റൗണ്ട് പ്രകടനമാണ് കാഴ്ചവച്ചത്.

ആ സീസണില്‍ രാജസ്ഥാന്‍ ചാംപ്യന്‍മാരാകുകയും ചെയ്തു. 21 പന്തില്‍ അര്‍ധസെഞ്ചുറി നേടി ആ സീസണിലെ വേഗമേറിയ അര്‍ധസെഞ്ചുറിയും യൂസഫ് സ്വന്തമാക്കി. പിന്നീട് കൊല്‍ക്കത്തയിലേക്കു ചേക്കേറിയ പഠാന്‍ 2011 മുതല്‍ 2017 വരെ തുടര്‍ച്ചയായി ആറു സീസണുകളില്‍ അവരുടെ വിശ്വസ്ത താരമായിരുന്നു.

LiveIndia.com

2014ല്‍ 15 പന്തില്‍നിന്ന് അര്‍ധസെഞ്ചുറി നേടി ഐപിഎല്ലിലെ വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. പഠാന്റെ കൂടി സംഭാവനകളുടെ മികവിലാണ് 2012, 2014 വര്‍ഷങ്ങളില്‍ കൊല്‍ക്കത്ത ഐപിഎല്‍ ചാംപ്യന്‍മാരായത്.

പിന്നീട് കൊല്‍ക്കത്ത വിട്ട പഠാന്‍ കഴിഞ്ഞ രണ്ടു സീസണുകളിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്നു. എങ്കിലും ഇത്തവണ താരലേലത്തിനു മുന്നോടിയായി സണ്‍റൈസേഴ്‌സ് പഠാനെ റിലീസ് ചെയ്തു.

ഇര്‍ഫാന്‌റെ ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന കുറിപ്പ് ആരാധകരടക്കം ഏറ്റെടുത്തു കഴിഞ്ഞു.

Related post