• October 28, 2021

‘കല്ലാന’ മിഥ്യയോ? സത്യമോ?

 ‘കല്ലാന’ മിഥ്യയോ? സത്യമോ?

കേരളത്തിലെ പശ്ചിമഘട്ട വനങ്ങളില്‍ (അഗസ്ത്യ വനം) ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ‘കുള്ളന്‍ ആന’കളാണ് (പിഗ്മി എലിഫന്റ്‌സ്) കല്ലാന അഥവാ ‘തുമ്പിയാന’. മനുഷ്യരെ കണ്ടാല്‍ കല്ലുപോലെ അനങ്ങാതെ നില്‍ക്കുന്നതിനാലാണ് ഇവര്‍ക്ക് ഈ പേര് വന്നതെന്ന് വിശ്വസിക്കപ്പെടുന്നു. കയറ്റങ്ങളിലൂടെയും പാറകളിലൂടെയും അതിവേഗത്തില്‍ സഞ്ചരിക്കാന്‍ കഴിവുള്ളതിനാല്‍ തുമ്പിയാന എന്നും അറിയപ്പെടുന്നു. അഗസ്ത്യമുടിയിലെ ആദിവാസി വിഭാഗമായ കാണി വംശജരാണ് കല്ലാനകളെ പലവട്ടം നേരില്‍ കണ്ടതായി അവകാശപ്പെടുന്നത്.

ഒന്നരമീറ്ററില്‍ താഴെ ഉയരം(5 അടി), നിലത്തുമുട്ടുന്ന രോമവുമായി വാല്‍, തൊലിപുറത്തെ അസാധാരണമായ ചുളിവുകള്‍. ത്രികോണത്തിലുള്ള ചെവിയും മെലിഞ്ഞ മസ്തകം, കുഞ്ഞന്‍ കൊമ്പുകള്‍ ഇതൊക്കെയാണ് കല്ലാനയുടെ പ്രത്യക്ഷ സവിശേഷതകള്‍. തുമ്പികൈക്കും വാലിനും നീളകൂടുതലാണ്. മുന്‍ കാല്പാദം നമ്മുടെ കൈപത്തിയേക്കാളും അല്പം വലുതും പിന്‍ കാല്പാദം അല്പം ചെറുതുമാണത്രേ. മറ്റാനകളെക്കാള്‍ അക്രമകാരികളായ ഇവര്‍ അവയോട് ഇടപഴകാനോ ഇണചേരാനോ ( ഇടപഴകാതെ ഇരചേരുന്നതെങ്ങനെ) ഇല്ലത്രെ.

വന്യജീവി ഫോട്ടോഗ്രാഫറായ സാലി പാലോട്ടം വഴികാട്ടി മല്ലന്‍ കാണിയും പേപ്പാറ വന്യജീവി സങ്കേതത്തിലെ പരുത്തിപ്പള്ളി റേഞ്ചിലെ മണിതൂക്കി മേഖലയില്‍ വച്ച് 2013 ല്‍ കല്ലാനയെ കണ്ടെന്നും ചിത്രം പകര്‍ത്തിയെന്നും അവകാശപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കല്ലാനയെ കുറിച്ച് കൂടുതല്‍ പഠനം നടത്താന്‍ അന്നത്തെ വനം മന്ത്രി കെ ബി ഗണേഷ് കുമാര്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു കുള്ളന്‍ ആനയെ പിടിക്കുകയും ഡി.എന്‍.എ പരിശോധന നടത്തുകയും ചെയ്തു. പക്ഷെ ആ ആന കല്ലാന അല്ലെന്നും 6 വയസ്സുള്ള കുട്ടിയാന ആണെന്നുമാണ് പുറത്തുവന്ന വിവരങ്ങള്‍.

അതിന്‌ 8 വര്‍ഷങ്ങള്‍ക്ക് മുമ്പ് പേപ്പാറയിലെ മാറകപ്പാറയില്‍ നിന്നും നിശ്ചല ഛായാഗ്രാഹകനായ അജന്ത ബെന്നി ഉള്‍വനത്തിലെ ചതുപ്പില്‍ വെള്ളം കുടിക്കാനെത്തിയ കല്ലാനയെന്ന് കരുതപ്പെടുന്ന ഒരാനയുടെ ചിത്രം പകര്‍ത്തിയിരുന്നു. അതൊരു കൊമ്പനാനയാണെങ്കിലും 5 അടി മാത്രമായിരുന്നു ഉയരം. അസാധാരണ നീളമുള്ള രോമാവൃതമായ വാലായിരുന്നു ആ കുള്ളനാനയുടെ പ്രത്യേകത. പേപ്പാറയിലെ തന്നെ തീപ്പച്ചാം കുഴിയിലും കല്ലാനയെ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

പണ്ട് മുതല്‍ക്കേ കാണി വംശജര്‍ കല്ലാന എന്ന ജീവി സത്യമാണെന്നും അവയെ കണ്ടിട്ടുണ്ടെന്നും പറയുന്നു. 22 ആനകളടങ്ങിയ ഒരു കല്ലാനകൂട്ടത്തെ നേരിട്ട് കണ്ടിട്ടുള്ളതായി മല്ലന്‍ കാണി അവകാശപ്പെടുന്നു. മുമ്പ് കല്ലാനയെ കുറിച്ച് അറിയാന്‍ അഗസ്ത്യ വനത്തില്‍ തമിഴ്‌നാട് വനം വകുപ്പും പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. 2005 ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും കേരള വനം വകുപ്പും സംയുക്തമായി ‘കല്ലാന’ സത്യമാണോ എന്നറിയാന്‍ പഠനങ്ങള്‍ നടത്തിയിരുന്നു. പക്ഷെ, വ്യക്തമായ സൂചനകളോ തെളിവുകളോ ഇന്നും ലഭ്യമല്ല.

സാലി പാലോട് പകര്‍ത്തിയ ചരിഞ്ഞ ഒരു കല്ലാനയുടെ ശരീരത്തില്‍ കുട്ടിയാനയുടെ ശരീരത്തിലെ പോലെ നീണ്ടരോമങ്ങള്‍ ഇല്ലായിരുന്നു. മെലിഞ്ഞ മസ്തകവും ത്രികോണ ചെവികളും ഉണ്ടായിരുന്ന ആ പിടിയാന ഒരു തള്ളയാനയാണോ എന്നും സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. പക്ഷെ കൂടുതല്‍ പഠനങ്ങള്‍ നടത്താതെ വനംവകുപ്പ് ആ ആനയെ കത്തിച്ചു കളഞ്ഞു. കുട്ടിയാനകള്‍ സാധാരണ തനിയെ നടക്കാറില്ല. അവയോടൊപ്പം എപ്പോഴും മുതിര്‍ന്ന ആനകളുണ്ടാവും. പക്ഷെ, ‘കല്ലാനയെ കണ്ടു’ എന്ന അവകാശപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ മിക്കതിലും അവ ‘ഒറ്റയാന്‍’ ആയിരുന്നു. ആഫ്രിക്കയിലെ കോംഗോയിലെ ചതുപ്പ് വനങ്ങളിലും ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലെ ബോര്‍ണിയോ കാടുകളിലും ഇത്തരം പിഗ്മി ആനകളുണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. പക്ഷെ നമ്മുടെ സ്വന്തം കല്ലാന മാത്രം ഇപ്പോഴും ഒരു സമസ്യയാണ്. ഇനി കല്ലാന യതിപോലെ ഒരു സങ്കല്പമാണോ? കാടുവെട്ടി മലയിടിച്ച് വികസനം വേഗത്തിലാക്കി കാത്തിരിക്കുക തന്നെ … ചിലപ്പോള്‍ വഴിമുട്ടി വഴിക്ക് വരുമായിരിക്കും.

Related post