• November 30, 2021

പൗരത്വ ഭേദഗതി ബില്‍ : ഹര്‍ജി നല്‍കാനൊരുങ്ങി മുസ്ലിംലീഗ്

 പൗരത്വ  ഭേദഗതി ബില്‍ :  ഹര്‍ജി നല്‍കാനൊരുങ്ങി മുസ്ലിംലീഗ്

പൗരത്വ ഭേദഗതിബില്ലിനെതിരെ മുസ്ലിംലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. മുസ്ലിംലീഗിന്റെ നാല് എംപിമാര്‍ കക്ഷികളായാണ് ഹര്‍ജി സമര്‍പ്പിക്കുന്നത്. പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുള്‍ വഹാബ്, നവാസ് കാനി എന്നീ പാര്‍ലമെന്റ് അംഗങ്ങളാണ് ഹര്‍ജി സമര്‍പ്പിക്കാനൊരുങ്ങുന്നത്. വ്യാഴാഴ്ച രാവിലെ സുപ്രീംകോടതിയില്‍ ആദ്യത്തെ ഹര്‍ജിയായി റിട്ട് ഹര്‍ജി ഫയല്‍ മുസ്ലിംലീഗ് ഒരുങ്ങുന്നത്. മതത്തിന്റെ പേരില്‍ മുസ്ലിം മതവിഭാഗങ്ങളെ പൗരത്വഭേദഗതി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിക്കുന്നത്. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ഭേദഗതി ബില്ല് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. മറ്റ് മതവിഭാഗങ്ങള്‍ക്ക് നല്‍കുന്ന അവകാശം മുസ്ലിങ്ങള്‍ക്ക് നിഷേധിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി നല്‍കുന്നത്.

മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും സുപ്രീം കോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസമാണ് പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയത്. 105നെതിരെ 125 വോട്ടുകള്‍ക്കായിരുന്നു ബില്‍ പാസ്സായത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ബില്‍ അവതരിപ്പിച്ചത്. ഒറ്റരാത്രികൊണ്ട് നിലപാട് മാറ്റുന്നവര്‍ എന്ന അമിത് ഷായുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ശിവസേന രാജ്യസഭയില്‍ നിന്നിറങ്ങിപ്പോയിരുന്നു. ലോക്‌സഭയില്‍ 80നെതിരെ 311 വോട്ടുകള്‍ക്ക് ബില്‍ പാസായിരുന്നു.

Related post