• June 24, 2021

മലയാള സിനിമയുടെ അമ്പിളിക്കലയ്ക്ക് ഇന്ന് എഴുപതാം പിറന്നാള്‍

 മലയാള സിനിമയുടെ അമ്പിളിക്കലയ്ക്ക് ഇന്ന് എഴുപതാം പിറന്നാള്‍

മലയാള സിനിമയുടെ ഹാസ്യ ചക്രവര്‍ത്തിക്ക് ഇന്ന് എഴുപതാം പിറന്നാള്‍. സിനിമ ലോകം എക്കാലവും അത്ഭുതത്തോടെ നോക്കി നിന്ന അതുല്യ കലാപ്രതിഭ, ആരെല്ലാം വന്നാലും പോയാലും പകരം വെക്കാനില്ലാത്ത വിസ്മയ നടന്‍. അങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് ജഗതി ശ്രീകുമാറിന്.

നാടകത്തിലൂടെയാണ് സിനിമ ലോകത്തേക്ക് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. ജഗതി വെള്ളിത്തിരയിലെത്തുന്നത് അടൂര്‍ ഭാസിയും ബഹദൂറുമൊക്കെ അരങ്ങുവാണിരുന്ന കാലത്താണ്. പിന്നീടങ്ങോട്ട് മലയാള സിനിമാ ലോകത്ത് പകരം വെക്കാനില്ലാത്ത കലാകാരനായി ജഗതി മാറുകയായിരുന്നു. ചട്ടമ്പി കല്യാണി എന്ന ചിത്രത്തില്‍ അടൂര്‍ ഭാസിയുടെ ശിങ്കിടി പയ്യനായെത്തി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ജഗതിക്ക് അധിക നാളൊന്നും വേണ്ടി വന്നില്ല മലയാള ചലച്ചിത്ര ലോകം അടക്കി വാഴാന്‍.

ഹാസ്യനടന്‍മാരുടെ ശ്രേണിയിലാണ് ജഗതിയുടെ സ്ഥാനമെങ്കിലും ക്യാരക്ടര്‍ റോളുകളും തനിക്ക് നിഷ്പ്രയാസം വഴങ്ങുമെന്ന് അദ്ദേഹം പലപ്പോഴായി തെളിയിച്ചു. പത്മരാജന്റെ മൂന്നാംപക്കം, അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍ക്കുത്ത് എന്നിവ ഇതില്‍ ചില ഉദാഹരണങ്ങള്‍ മാത്രം. നിഴല്‍ക്കൂത്തിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് വരെ ജഗതി ശ്രീകുമാറിന് ലഭിച്ചു. വില്ലനായും ജഗതി പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. അങ്ങനെ അഭ്രപാളിയെ ഹരം കൊള്ളിച്ച എത്രയെത്ര കഥാപാത്രങ്ങള്‍. ചിരിച്ചും ചിന്തിപ്പിച്ചും മലയാള സിനിമയില്‍ നിറഞ്ഞു നിന്ന അദ്ദേഹം ഇതിനോടകം വേഷമിട്ടത് 1500 ലേറെ ചിത്രങ്ങളിലാണ്.

മലയാള സ്വാഭാവിക അഭിനയം കൊണ്ട് അഭ്രപാളിയെ വിസ്മയിപ്പിച്ച അമ്പിളിച്ചേട്ടന്റെ കഥാപാത്രങ്ങള്‍ സിനിമാ പ്രേമികള്‍ ഒരിക്കലും മറക്കാനിടയില്ല. 2012ലെ വാഹനാപകടത്തെ തുടര്‍ന്ന് അഭിനയ രംഗത്തോട് താത്കാലികമായി വിട പറഞ്ഞ ജഗതി എത്രയും പെട്ടെന്ന് ചലച്ചിത്ര രംഗത്ത് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Related post