• May 13, 2021

ധീരമായി മുന്നേറൂ, കൂടെയുണ്ട്; വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി സര്‍വകലാശാല വൈസ് ചാന്‍സലര്‍

 ധീരമായി മുന്നേറൂ, കൂടെയുണ്ട്; വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി സര്‍വകലാശാല വൈസ് ചാന്‍സലര്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന ഡല്‍ഹി ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി സര്‍വകലാശാല വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് അവര്‍ പ്രതികരിച്ചത്. പോരാട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ ഒറ്റക്കല്ലെന്നും അവര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളെ പൊലീസ് നേരിട്ടത് അങ്ങേയറ്റം ക്രൂരമായ രീതിയിലാണ്. സര്‍വകലാശാലക്കുള്ളില്‍ കടന്ന് വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസ് നടപടി അംഗീകരിക്കാന്‍ സാധിക്കില്ല. ഈ പോരാട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ ഒറ്റക്കല്ല, സര്‍വകലാശാല പൂര്‍ണമായും അവര്‍ക്കൊപ്പമുണ്ടെന്നും നജ്മ പറഞ്ഞു. പോരാട്ടം കഴിയും വിധമെല്ലാം മുന്നോട്ടു കൊണ്ടു പോകണമെന്നും ധീരമായി മുന്നോട്ടു പോകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ ക്യാമ്പസിനുള്ളില്‍ നിന്ന് 67 വിദ്യാര്‍ത്ഥികളെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് അവരെ വിട്ടയച്ചു. സര്‍വകലാശാലയില്‍ അക്രമം അഴിച്ചുവിട്ട പൊലീസ് പെണ്‍കുട്ടികളുടെ ഹോസ്റ്റലിലും ലൈബ്രറിയിലും കയറി ആക്രമിക്കുകയും വിദ്യാര്‍ഥികളെ മര്‍ദിക്കുകയും ചെയ്തു.

ജാമിയയ്ക്ക് പിന്നാലെ അലിഗഡ് സര്‍വകലാശാലയിലേക്കും പൊലീസെത്തി. അക്രമികളെ പിടികൂടാനെന്ന പേരില്‍ പൊലീസ് നടത്തിയ ബലപ്രയോഗത്തില്‍ പെണ്‍കുട്ടികളടക്കം വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റു. വിദ്യാര്‍ഥികളെ ലാത്തിച്ചാര്‍ജ് ചെയ്യുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.

ഇതിനുപിന്നാലെ ജാമിയയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധനത്തിന് ആഹ്വാനം ചെയ്ത് ജെ.എന്‍.യു വിദ്യാര്‍ഥികള്‍ പൊലീസ് ആസ്ഥാനത്തേക്ക് നീങ്ങി. ഇതോടെ പൊലീസ് മെട്രോ സ്റ്റേഷനുകള്‍ ഒന്നൊന്നായി അടപ്പിച്ചു. എന്നിട്ടും നൂറുകണക്കിന് വിദ്യാര്‍ഥികളാണ് പൊലീസ് ആസ്ഥാനത്തെത്തിയത്. വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി സി.പി.എം പി.ബി അംഗം വൃന്ദ കാരാട്ട്, സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജ, ആനി രാജ തുടങ്ങി നേതാക്കളുമെത്തിയിരുന്നു. ഒന്‍പതു മണിക്കൂര്‍ നീണ്ട പ്രതിഷേധം കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ വിട്ടയച്ചതോടെയാണ് അവസാനിപ്പിച്ചത്.


ജാമിയ മിലിയ സര്‍വകലാശലയ്ക്ക് പുറത്ത് പ്രതിഷേധം നടത്തിയ പ്രദേശവാസികളാണ് അക്രമം നടത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സമാധാനപരമായി സമരം നടത്തുന്നതിനിടെ വിദ്യാര്‍ത്ഥികളല്ലാത്തവര്‍ അക്രമം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related post