• October 23, 2021

ഞാറാഴ്ച ജനത കർഫ്യൂ ;രാവിലെ 7 മണി മുതല്‍ രാത്രി 9വരെ പുറത്തിറങ്ങരുത്

 ഞാറാഴ്ച ജനത കർഫ്യൂ ;രാവിലെ 7 മണി മുതല്‍ രാത്രി 9വരെ പുറത്തിറങ്ങരുത്

കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച(മാര്‍ച്ച് 22) ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ മുഴുവന്‍ ജനങ്ങളും രാവിലെ 7 മണി മുതല്‍ രാത്രി 9വരെ പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശമാണ് പ്രധാനമന്ത്രി ജനത കര്‍ഫ്യൂവിലൂടെ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജനത കര്‍ഫ്യൂ പൗരന്മാര്‍ സ്വയം പ്രഖ്യാപിക്കണമെന്നും ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ എല്ലാവരെയും അറിയിക്കണമെന്നും മോദി ആവശ്യപ്പെട്ടു. കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡ് എന്ന് വിശദമാക്കിയ പ്രധാനമന്ത്രി എല്ലാ ജനങ്ങളും ഇതിനെ അതീവ ഗൗരവമായി തന്നെ എടുക്കണമെന്നും ആവശ്യപ്പെട്ടു. ‘രാജ്യത്തെ 130 കോടി ജനങ്ങളോട് എനിക്ക് വലിയൊരു അഭ്യര്‍ത്ഥനയുണ്ട്, കൊറോണയില്‍ നിന്ന് രക്ഷപ്പെടാന്‍ നിങ്ങളുടെ കുറച്ചുദിവസങ്ങള്‍ രാജ്യത്തിന് നല്‍കണം’ എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് ഓരോരുത്തരും വിട്ട് നില്‍ക്കണം. വരുന്ന കുറച്ച് ആഴ്ചകള്‍ എല്ലാവരും അവരവരുടെ വീടുകളില്‍ തന്നെ തുടരണം. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ അതേപടി പിന്തുടരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമങ്ങള്‍ ഇവരൊഴികെ ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടുമാസമായി ദശലക്ഷക്കണക്കിന് ആളുകളാണ് രാവും പകലുമില്ലാതെ ആശുപത്രികളിലും വിമാനത്താവളങ്ങളിലും അവനവനെ നോക്കാതെ മറ്റുള്ളവര്‍ക്കു വേണ്ടി കഷ്ടപ്പെടുന്നത്. ഇവര്‍ക്കുള്ള അഭിവാദ്യങ്ങളും, പ്രോത്സാഹനവും എന്ന നിലയില്‍ മാര്‍ച്ച് 22ന് അഞ്ചുമണിക്ക് വാതില്‍, ബാല്‍ക്കണി, ജാലകങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് അഞ്ചുമിനിട്ട് കൈകള്‍ അടിക്കുകയും മണി മുഴക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ അത് വീട്ടില്‍ നിന്നു തന്നെ നിര്‍വഹിക്കാന്‍ ശ്രമിക്കണം. 65 വയസിന് മുകളിലുള്ള എല്ലാവരും പുറത്തിറങ്ങാതിരിക്കാനും ശ്രദ്ധിക്കണം. ജനം കരുതലോടെയിരുന്നാല്‍ കൊറോണയെ നമുക്ക് തുരത്താം. ഇന്ന് മുതുല്‍ ഞായറാഴ്ച വരെ ജനങ്ങളെ ഇക്കാര്യത്തില്‍ ബോധവാന്മാരാക്കാന്‍ ശ്രമിക്കണം. വരും ദിവസങ്ങളില്‍ ജനത കര്‍ഫ്യൂനെ കുറിച്ചുള്ള കാര്യം എല്ലാവരിലേക്കും എത്തിക്കണം. ഒരാള്‍ക്ക് രോഗമില്ലെങ്കില്‍ ആയാള്‍ക്ക് എവിടെ വേണമെങ്കിലും സഞ്ചരിക്കാമെന്ന തോന്നല്‍ തെറ്റാണ്. അത് വേണ്ടപ്പെട്ടവരോട് ചെയ്യുന്ന ദ്രോഹമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അനാവശ്യഭീതി കാരണം സാധനങ്ങള്‍ ആവശ്യത്തിലധികം വാങ്ങിച്ചു കൂട്ടരുതെന്നും അദ്ദേഹം പറഞ്ഞു. ലോകം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സാധാരണയായി ഒരു പ്രകൃതി ദുരന്തം വരുമ്പോള്‍ അത് ചില രാജ്യങ്ങളെ മാത്രമാണ് ബാധിക്കുക. എന്നാല്‍ ഇത്തവണ, കൊറോണ വൈറസ് ബാധ മനുഷ്യകുലത്തെയാകെ അപകടത്തിലാക്കി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറോണയെ പ്രതിരോധിക്കാന്‍ വേണ്ട നടപടികള്‍ രാജ്യം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലെ ജനസംഖ്യാബാഹുല്യം രോഗപ്രതിരോധത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ പുറത്തേക്കിറങ്ങുന്നത് പരമാവധി കുറയ്ക്കണം. കൊറോണയെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ കുറച്ച് സമയം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ലോക മഹായുദ്ധ കാലത്ത് പോലും ഇത്രയും രാജ്യങ്ങള്‍ ബാധിക്കപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി. കഴിഞ്ഞ രണ്ട് മാസമായി ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി ഈ മഹാമാരിയുടെ വാര്‍ത്തകള്‍ വായിക്കുകയാണെങ്കിലും ഒരു രാജ്യത്തിനും മറ്റൊരു രാജ്യത്തെ സഹായിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. സര്‍ക്കാര്‍ രോഗ വ്യാപനം നിരീക്ഷിക്കുകയാണെന്നും പല രാജ്യങ്ങളും പറ്റാവുന്നത്ര ആളുകളെ ഐസൊലേറ്റ് ചെയ്താണ് രോഗ വ്യാപനം തടഞ്ഞിരിക്കുന്നതെന്നും പ്രധാനമന്ത്രി രാജ്യത്തോട് പറഞ്ഞു. ഒരു കാരണവശാലും ഇക്കാര്യത്തില്‍ അലസത പാടില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ഒരു പൗരനും കൊവിഡിനെ ഭീതിയോടെ സമീപിക്കരുതെന്നും സ്വയം രോഗ ബാധിതരാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും മറ്റുള്ളവരിലേക്ക് രോഗം പകരാതെ സംരക്ഷിക്കുമെന്നും തീരുമാനമെടുക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഈ രോഗത്തിന് മരുന്നില്ലാത്ത സാഹചര്യത്തില്‍ നമ്മള്‍ സുഖമായിരിക്കുക എന്നത് വളരെ പ്രധാനമാണ്. ഇതിന് ഏറ്റവും നല്ലത് വീടിന് പുറത്തിറങ്ങാതിരിക്കുന്നതാണ്. സമൂഹത്തില്‍ നിന്ന് അകലം പാലിക്കേണ്ടത് വളരെ അധികം ആവശ്യമാണ്. അത് കൊണ്ട് തന്നെ. നിങ്ങള്‍ക്ക് കുഴപ്പമൊന്നും ഇല്ലെങ്കിലും രോഗം വരില്ല എന്ന് ഉറപ്പുണ്ടെങ്കിലും പുറത്തിറങ്ങി നടക്കാം എന്ന് കരുതരുത് . അങ്ങനെ ചെയ്യുന്നത് നിങ്ങളോടും നിങ്ങളുടെ സഹജീവികളോടും ചെയ്യുന്ന ദ്രോഹമാണ് പ്രധാനമന്ത്രി പറയുന്നു.

Related post