• November 30, 2021

ജോണിന് ശ്രദ്ധാഞ്ജലി

 ജോണിന് ശ്രദ്ധാഞ്ജലി

a picture with a smile .. and perhaps a tear …..
1921ല്‍ ലോക ചലച്ചിത്ര പ്രേക്ഷകര്‍ക്ക് ‘ദി കിഡ് ” എന്ന ചലച്ചിത്രം സമ്മാനിച്ച വിശ്വ വിഖ്യാത ചലച്ചിത്രകാരന്‍ ”ചാര്‍ളി ചാപ്ലിന്‍” എഴുതിവെച്ച വാക്കുകളാണിത് .ചാപ്ലിന്റെ ശബ്ദ ചലനങ്ങള്‍ സെല്ലുലോയ്ഡില്‍ തെളിയുമ്പോള്‍ ഇന്നും തിയേറ്റര്‍ നിറയെ ,നിശ്ശബ്ദതയുടെയും ,പ്രണയത്തിന്റെയും, നൊമ്പരത്തിന്റെയും ,കാഴ്ചകളേറ്റുവാങ്ങി ,പ്രേക്ഷകര്‍ ഒന്നടങ്കം എഴുന്നേറ്റു നിന്ന് , ബഹുമാനപൂര്‍വ്വം ഹര്‍ഷാരവം മുഴുക്കുന്നത് ചാപ്ലിന്‍ സിനിമയുടെ മാജിക്കല്‍ ഫാന്റസി കൊണ്ടല്ല ,ചാപ്ലിന്‍ സിനിമയുടെ റിയാലിറ്റി ഒന്നുകൊണ്ട് മാത്രമാണ് . ഹൃദയത്തെ തൊടുന്ന മാസ്മരികത , അത് മനുഷ്യനെ ചിന്തിപ്പിക്കുവാനും ,സന്തോഷിപ്പിക്കുവാനും പ്രേരിപ്പിക്കുന്നത് വെറും സാങ്കേതിക കസര്‍ത്തായിട്ടല്ല , ചലച്ചിത്രത്തിന്റെ സൗന്ദര്യ ശാസ്ത്രമെന്നും ,ത്രിമാനമെന്നതും ചലച്ചിത്രം നല്‍കുന്ന സന്ദേശത്തിലാകണമെന്നും അദ്ദേഹം നിഷ്‌കര്ഷിച്ചിരുന്നത് കൊണ്ടുമാത്രമാണ് . അത് നമുക്ക് എക്കാലത്തെയും ഒരു പാഠവുമാണ് . ”ചാര്‍ളി ചാപ്ലിന്‍ താങ്കള്‍ മരിക്കുന്നില്ല .”

ചാപ്ലിൻ്റെ ‘ദി കിഡ്’ ചലച്ചിത്രത്തിൽ നിന്ന്

ലോക ജന ഹൃദയങ്ങളില്‍ താങ്കള്‍ക്കായി ഒരു ഓര്‍മ ചെപ്പ് അവര്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട് . ആ ഓര്‍മ ചെപ്പില്‍ ഒരു നിധിയും അവര്‍ സൂക്ഷിച്ചു വച്ചിരിക്കുന്നു .താങ്കളുടെ ചലച്ചിത്രത്തിലൂടെ സമ്മാനിച്ച നൊമ്പരങ്ങളുടെയും ,ചിന്തകളുടെയും ഒരു കലവറ .എന്നെങ്കിലും ഒരിക്കല്‍ ജനമധ്യത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയോടെ . താങ്കള്‍ക്കായി ഹൃദയ പൂര്‍വം സമ്മാനിക്കാന്‍ ഒരു സ്‌നേഹ സമ്മാനമായി . ഒരു ചുവന്ന പനിനീര്‍പൂവ് ..എന്തിനെന്നോ ? ചാപ്ലിന്‍ താങ്കളുടെ വിലപ്പെട്ട വാക്കുകള്‍ വീണ്ടും കടമെടുക്കുകയാണ് .
” മഴ നനഞ്ഞു നടക്കുന്നതാണെനിക്കിഷ്ടം
കാരണം എന്റെ കണ്ണുനീര്‍ മറ്റുള്ളവര്‍ കാണുകയില്ലല്ലോ ?
അല്ലയോ ചലച്ചിത്ര ഗുരുവേ ! അങ്ങേക്കു പ്രണാമം .ഹോളിവുഡ് ചലച്ചിത്രങ്ങള്‍ ഇന്ത്യന്‍ ചലചിത്രങ്ങളെ സ്വാധീനിച്ചുവെങ്കിലും അത് വാണിജ്യപരമായ ചലച്ചിത്ര മേഖലയിലേക്ക് മുതല്‍ കൂട്ടാവുകയാണുണ്ടായത് .1955ല്‍ സത്യജിത് റേ ”പഥേര്‍ പാഞ്ചാലി ” എന്ന ക്ലാസിക് ചലച്ചിത്രത്തിലൂടെ ഒരു പുതിയ ചലച്ചിത്ര സംസ്‌കാരം ഇന്ത്യയില്‍ വഴിതുറക്കുകയായിരുന്നു .ഇന്നും പകരക്കാരനില്ലാത്ത ക്ലാസിക് ചലച്ചിത്രകാരനായി ”ശ്രീ സത്യജിത് റേ ‘‘ ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന്റെ അഭിമാനവുമായി . ഇന്നും ലോക ചലച്ചിത്രകാരന്മാര്‍ക്കും ,ചലച്ചിത്രാസ്വാദകര്‍ക്കും സത്യജിത് റേ മാതൃകയാണ് . സത്യജിത് റേ യുടെ സമകാലീനരായി 1950ല്‍ ”നാഗരിക” എന്ന ചലച്ചിത്രത്തിലൂടെ റിതിക് ഘട്ടകും , 1955ല്‍ ”റാബോറിലൂടെ ” മൃണാള്‍ സെന്നും ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിലെ അക്കാലത്തെ സാമൂഹ്യ രാഷ്ട്രീയ ചലച്ചിത്രങ്ങള്‍ സമ്മാനിച്ചവരാണ് .പ്രചോദനമായി അക്കാലത്തു നമ്മുടെ കൊച്ചു കേരളത്തിലും അക്കാലത്തെ ന്യൂവേവ് ,പാരലല്‍ ,ആര്‍ട്ട് സിനിമ എന്ന് വിശേഷിപ്പിച്ച പല സാമൂഹ്യ വീക്ഷണമുള്ള വ്യത്യസ്തങ്ങളായ സിനിമകളും നിര്‍മ്മിക്കപ്പെട്ടു . 1965 കാലഘട്ടത്തില്‍ ശ്രീ അടൂര്‍ ഗോപാലകൃഷ്ണൻ്റെ നേതൃത്വത്തില്‍ ,ഇന്ത്യയില്‍ ആദ്യമായി ഒരു ഫിലിം സൊസൈറ്റിക്ക് രൂപം നല്‍കി .അങ്ങനെ തിരുവനന്തപുരം കേന്ദ്രമാക്കി ചിത്രലേഖ ഫിലിം സൊസൈറ്റി പ്രവര്‍ത്തനം ആരംഭിച്ച് 1972ല്‍ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തില്‍ ”സ്വയം വരം ” നിര്‍മിക്കുകയും ചെയ്തു . 1972 ല്‍ ”ഉത്തരായാണം” എന്ന ചലച്ചിത്രത്തിലൂടെ അരവിന്ദനും വ്യത്യസ്തമായ ആശയങ്ങള്‍ ചലച്ചിത്രമാക്കി . ഇതില്‍ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്റെ ”എലിപ്പത്തായം” ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡ് കരസ്ഥമാക്കിയെന്നത് കേരളത്തിന്റെ ചലച്ചിത്ര മേഖലയ്ക്ക് അഭിമാനമാണ് . ആഖ്യാനരീതിയില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍്മിക്കപെട്ടുവെങ്കിലും താളാത്മകമായ വേഗതക്കുറവു മൂലം പല നല്ല ചിത്രങ്ങളും ഭൂരിപക്ഷം പ്രേക്ഷക കയ്യടികള്‍ വാങ്ങുവാന്‍ കഴിയാതെ പോയി എന്ന യാഥാര്‍ഥ്യം വിസ്മരിക്കരുത് .
കച്ചവട സിനിമകളുടെ ആഘോഷങ്ങളും ,പെരുമ്പറ മുഴക്കങ്ങളിലും ഇത്തരം മൗന ചിത്രങ്ങള്‍ സാധാരണ പ്രേക്ഷകരിലേക്കെത്തിക്കുവാനോ ,സാമ്പത്തിക സഹായം നല്‍കി സംരക്ഷിക്കുവാനോ , ചലച്ചിത്ര അക്കാദമിക്കോ , ഭരണ സംവിധാനങ്ങള്‍ക്കോ അന്നും കഴിഞ്ഞതുമില്ല . എല്ലാ കൊളോണിയല്‍ രാജ്യങ്ങളുടെയും ചലച്ചിത്ര സംസ്‌കാരത്തിന്റെ സ്വപ്ന വേദിയാണ് ഹോളിവുഡ് . വെറും കച്ചവട സാധ്യതകളെ മാത്രം ലക്ഷ്യമാക്കി കാലത്തിന്റെ വേഷപ്പകര്‍ച്ചയ്ക്കു മുന്‍പേ കുതിക്കുന്ന സൂപ്പര്‍ -ബമ്പര്‍ കോടിക്ലബ്ബുകള്‍- ഇവയൊക്കെ ഇത്തരം ചലച്ചിത്രങ്ങളുടെ നേട്ടങ്ങളായി കൊട്ടിയാഘോഷിക്കുന്നവര്‍ ഒരു നിമിഷം കണ്ണുകളടച്ചു ,ധ്യാനിച്ചു ഒരു ഉണര്‍വോടെ ഒന്നു ചിന്തിക്കുക . ഇരുട്ട് മുറിയിലേക്ക് കയറുവാന്‍ പണം നല്‍കി ടിക്കറ്റെടുത്ത് കാണുന്നതെന്തും കച്ചവട ചിത്രങ്ങളാണ് . അതിനുള്ളില്‍ ആര്‍ട്ട് ഫിലിമെന്നോ ,പാരലല്‍ ഫിലിമെന്നോ ,കൊമേര്‍ഷ്യല്‍ ഫിലിമെന്നോ വേര്‍തിരിച്ച തര്‍ക്ക ശാസ്ത്രങ്ങള്‍ക്കിനി പ്രസക്തിയില്ല .
റഷ്യന്‍ വിപ്ലവത്തിന്റെ സോദ്ദേശാ പ്രചാരണവുമായി കടന്നു വന്ന ലോക ചരിത്രത്തില്‍ എന്നും അത്ഭുതമായിതന്നെ നില്‍ക്കുന്ന ഐസന്‍സ്‌റ്റൈന്‍ന്റെ അണ്ടര്‍ ഗ്രൗണ്ട് സിനിമ സങ്കല്പങ്ങളിലേക്കെത്തിയില്ല എങ്കിലും ,ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് കച്ചവട സാദ്ധ്യതകള്‍ ഒട്ടും തന്നെ തീണ്ടാതെ നിര്‍മിക്കപ്പെട്ട ഒരു ജനകീയ ചലച്ചിത്രം . അതിന്റെ സംവിധായകന്‍ നമ്മുടെ സാംസ്‌കാരിക നഗരങ്ങളിലെ തെരുവ് വീഥികളില്‍ അലഞ്ഞു നടന്നിട്ടുണ്ട് . സാധാരണ മനുഷ്യന്റെ നൊമ്പരങ്ങളിലും , ജീവിതത്തിന്റെ അസഹിഷ്ണുതയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം അവര്‍ക്കു സ്വാന്തനമോതിയും അവരിലൊരാളായി ജീവിക്കാനുമേറെ മോഹിച്ചും പോയ മലയാള ചലച്ചിത്രകാരന്‍ ..
ഇന്ന് ഇന്ത്യന്‍ ചലച്ചിത്ര ലോകത്തേക്ക് കടന്നു വന്ന പുതിയ തലമുറ , അമ്പരപ്പോടും ,ജിജ്ഞാസയോടും ,കൗതുകത്തോടെയും ആ മനുഷ്യന്റെ ചിത്രത്തിലേക്ക് നോക്കി അമ്പരക്കുകയാണ് . കല കച്ചവടമല്ലെന്നും , അത് സാമൂഹ്യ പ്രസക്തിയോടെ വീക്ഷിക്കേണ്ടതാണെന്നും , ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ച ലോകത്തിലെ തന്നെ അപൂര്‍വം ചലച്ചിത്രകാരന്മാരിലൊരാള്‍ .
ജോണ്‍ എന്ന ജോണ്‍ എബ്രഹാം ..

‘അമ്മ അറിയാൻ’എന്ന ചലച്ചിത്രത്തിൽ ജോയ് മാത്യു

1984 ലാണ് ”ഒഡേസ ” രൂപപ്പെടുന്നത് . ലോകത്താദ്യമായി ചലച്ചിത്രത്തിന് ഒരു ജനകീയ പ്രസ്ഥാനമായിരുന്നു ”ഒഡേസ ” ഒരു ചലച്ചിത്രം നിര്‍മിക്കുക എന്ന ലക്ഷ്യവുമായി ചാര്‍ളി ചാപ്ലിന്റെ ദി കിഡ് എന്ന ചലച്ചിത്രം പല ഗ്രാമങ്ങളില്‍ പ്രദര്‍ശിപ്പിച്ച് സ്വരൂപിച്ച പണം കൊണ്ടായിരുന്നു ജനകീയ ചലച്ചിത്രമായ ”അമ്മയെ അറിയാന്‍ ” നിര്‍മ്മിച്ചത് . ഗ്രാമങ്ങളില്‍ നിന്നും ,ഗ്രാമങ്ങളിലേക്കും, നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്കും ടിക്കറ്റില്ലാതെ പ്രേക്ഷകര്‍ക്കായി അമ്മ അറിയാന്‍ പ്രദര്‍ശിപ്പിച്ചുവെന്നതായിരുന്നു വെല്ലുവിളി. ഇന്ത്യയില്‍ മാത്രമല്ല ഹോളിവുഡിന്റെ ചലച്ചിത്ര നിര്‍മാണത്തിന്റെ മുതലാളിത്ത ധാരാളിത്ത ചട്ടകൂടുകളെ ഒരു ചെറുത്തുനില്‍േപ്പാടെ -നെഞ്ചുറപ്പോടെ നേരിട്ട പ്രിയപ്പെട്ട ജോണ്‍ ..നിങ്ങള്‍ കാലത്തിനുമപ്പുറത്തേക്ക് ..കഥകള്‍ക്കപ്പുറത്തേക്ക് ചലച്ചിത്ര പ്രേക്ഷകരെ കൂട്ടികൊണ്ടു പോവുകയായിരുന്നു .
1971ല്‍ തമിഴ് ചലച്ചിത്രമായ ” അഗ്രഹാരത്തിലെ കഴുത ” യില്‍ തുടങ്ങി 1919 ല്‍ ” ചെറിയാച്ചന്റെ ക്രൂര കൃത്യങ്ങളും ” 1986 ല്‍ ‘അമ്മ അറിയാനെന്ന വിഖ്യാത ചലച്ചിത്രവും ജോണ്‍ എബ്രഹാം എന്ന ഒറ്റപ്പെട്ട ദൃശ്യ ബോധത്തിന്റെ ,ചലച്ചിത്രകാരന്റെ സംഭാവനയുമാണ് . ദന്ത ഗോപുരകളിലിരുന്നും , കുത്തക മുതലാളിത്ത ചിന്തകളില്‍ നിന്നും മാത്രമല്ല , ചലച്ചിത്രങ്ങള്‍ നിര്‍മിക്കുവാന്‍ കഴിയുക . കെട്ടുറപ്പുള്ള ജനപങ്കാളിത്തത്തോടെ ,ജനശക്തിയോടെ പുതിയ ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുവാനുള്ള പുതിയ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാവട്ടെ .പുതിയ ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്ക് താങ്കളുടെ നിഷേധിത്വവും , ആത്മാര്‍പ്പണവും ഒരു പാഠമാണ് . ജോണ്‍ .. താങ്കള്‍ ഈ ചലച്ചിത്രചരിത്രത്തിനു എന്നുമൊരു അടയാളമാണ് .

Related post