• October 26, 2021

പൗരത്വ ബില്ലിനെതിരെ കേരളത്തില്‍ സംയുക്ത സത്യാഗ്രഹം തുടങ്ങി

 പൗരത്വ ബില്ലിനെതിരെ കേരളത്തില്‍ സംയുക്ത സത്യാഗ്രഹം  തുടങ്ങി

പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ ഭരണ-പ്രതിപക്ഷം ഒന്നിച്ച് പ്രതിഷേധം. രാവിലെ 10ന് പാളയം രക്തസാക്ഷിമണ്ഡപത്തിനുമുന്നില്‍ ആരംഭിച്ച സത്യഗ്രഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മന്ത്രിമാരും കക്ഷിനേതാക്കളുമടക്കമുള്ളവരുമാണ് സത്യഗ്രഹമിരിക്കുന്നത്. സത്യാഗ്രഹം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.ഭരണഘടന വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കുക ,എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് സംയുക്തസമരം .

പൗരത്വ ഭേദഗതി നിയമത്തിലൂടെ മതനിരപേക്ഷ ഇന്ത്യയെ കശാപ്പുചെയ്യുകയാണ്. അതിന് നേതൃത്വം വഹിക്കുന്നത് രാജ്യംഭരിക്കുന്ന കക്ഷിതന്നെയാണ്. ആ കക്ഷിയെ നിയന്ത്രിക്കുന്നത് ഫാസിസ്റ്റ് സ്വഭാവമുള്ള ആര്‍എസ്എസ്ആണന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീലങ്കയിലെ തമിഴ് വംശജരെയും മ്യാന്‍മറിലെ രോഹിന്‍ഗ്യകളെയും പോലെ വലിയ ജനവിഭാഗത്തെ രാജ്യമില്ലാത്തവരാക്കി മാറ്റുന്നതാണ് അത്. മതനിരപേക്ഷമായ ഒരു രാജ്യത്തു പൗരത്വത്തിനു മതം മാനദണ്ഡമാക്കുന്നുവെന്ന ഉത്കണ്ഠയാണു കേരളം ലോകത്തോടു പങ്കുവയ്ക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പൗരത്വഭേദഗതി നിയമം ഇന്ത്യ എന്ന ആശയത്തിനെതിരെയുളള വെല്ലുവിളിയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെയും അതു റദ്ദാക്കുന്നു. നമ്മുടെ സാഹോദര്യ ബോധത്തിലേക്കു മതവിദ്വേഷത്തിന്റെ വിഷം കലര്‍ത്തുന്നു. രാജ്യത്തെ ഏകാധിപത്യത്തിലേക്കു കൊണ്ടുപോകാനായി ആദ്യം തകര്‍ക്കുന്നതു മതനിരപേക്ഷ സംവിധാനത്തെയാണ്. സംഘപരിവാറിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യവും എന്ന് രമേഷ് ചെന്നിത്തലയും കൂട്ടിച്ചേര്‍ത്തു.

Related post