• October 21, 2021

കര്‍ണാടകയുടെ ജീവന്‍ വച്ചുള്ള കളി ; കാസര്‍കോട് ചികില്‍സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു

 കര്‍ണാടകയുടെ ജീവന്‍ വച്ചുള്ള കളി ;  കാസര്‍കോട് ചികില്‍സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു

കര്‍ണാടക അതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് കാസര്‍കോട്-കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് ചികില്‍സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു. ഗൊസങ്കടി സ്വദേശി രുദ്രപ്പ (61) യാണ് മരിച്ചത്. ഹൃദ്രോഗ ബാധിതനായി കഴിഞ്ഞ കുറേ കാലമായി ചികില്‍സയിലുമായിരുന്നു ഇയാള്‍.

കര്‍ണാടക അതിര്‍ത്തി ഗ്രാമത്തിലാണ് രുദ്രപ്പയുടെ വീട്. ഇവിടെനിന്ന് 8 കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു അദ്ദേഹം ചികില്‍സ തേടിയിരുന്ന ആശുപത്രി. എന്നാല്‍ അതിര്‍ത്തി അടച്ചതോടെ ചികില്‍സ തുടരാന്‍ സാധിച്ചില്ല. രോഗം മൂര്‍ച്ഛിച്ചതോടെ ഉപ്പളയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതോടെ കര്‍ണാടക അതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് കാസര്‍കോട് ചികിത്സ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണം എട്ടായി ഉയര്‍ന്നു.

ഇതിനിടെ കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി ചെക്ക് പോസ്റ്റ് തുറക്കാനാകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ ആവര്‍ത്തിച്ചു. അതിര്‍ത്തി അടയ്ക്കുന്നത് സംബന്ധിച്ചെടുത്ത തീരുമാനം പെട്ടന്ന് എടുത്തതല്ലെന്നും ജനങ്ങളുടെ സുരക്ഷമുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്നും യെദിയൂരപ്പ വ്യക്തമാക്കി.

Related post