• May 14, 2021

കര്‍ണാടകയില്‍ വോട്ടെണ്ണല്‍ തുടങ്ങി : പത്തിടത്ത് ബി.ജെ.പി ക്ക് ലീഡ്

 കര്‍ണാടകയില്‍ വോട്ടെണ്ണല്‍ തുടങ്ങി : പത്തിടത്ത് ബി.ജെ.പി ക്ക് ലീഡ്

ബംഗളൂരു: കര്‍ണാടകത്തില്‍ ഡിസംബര്‍ അഞ്ചിന് 15 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. വോട്ടെണ്ണലിന്റെ ആദ്യഫലം പുറത്തുവന്നപ്പോള്‍ പതിനഞ്ചില്‍ 10 സീറ്റുകളിലും ബി.ജെ.പിക്ക് മേല്‍ക്കൈ. ഹുന്‍സൂര്‍, കഗ് വാഡ്, കൃഷ്ണരാജപുരം, മഹാലക്ഷ്മി ലേഔട്ട്, ഗോഖക്, ഹിരെക്കേരൂര്‍, അത്താണി, യെല്ലാപൂര, ചിക്കബെല്ലാപുര, യശ്വന്തപുര എന്നിവിടങ്ങളില്‍ ബിജെപി ലീഡ് ചെയ്യുന്നു. അതേസമയം പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിതീര്‍ന്നപ്പോള്‍ എട്ട് ഇടങ്ങളില്‍ ബിജെപിയായിരുന്നു മുന്നില്‍. കോണ്‍ഗ്രസ് രണ്ട് സീറ്റുകളില്‍ മുന്നിലാണ്. ശിവാജി നഗറിലും വിജയനഗരയിലും. ജെഡിഎസും രണ്ടിടങ്ങളില്‍ മുന്നിലുണ്ട്.

നിലവില്‍ 207 അംഗങ്ങളുള്ള കര്‍ണാടക നിയമസഭയില്‍ ഒരു സ്വതന്ത്രനടക്കം 106 പേരുടെ പിന്തുണയാണ് യെദ്യൂരപ്പയ്ക്കുള്ളത്. 105 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത് .224 അംഗങ്ങളാണ് കര്‍ണാടക നിയമസഭയിലുണ്ടായിരുന്നത്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസ്സില്‍ നിന്നും 17 എംഎല്‍എമാര്‍ രാജിവച്ച് ബിജെപിയിലെത്തിയതോടെയാണ് എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാര്‍ തകര്‍ന്ന് വീണത്.

തുടര്‍ന്ന് സ്പീക്കര്‍ ആര്‍.രമേശ് കുമാര്‍ 17 എംഎല്‍എമാരെയും അയോഗ്യരാക്കി. എന്നാല്‍ 15 മണ്ഡലങ്ങളിലേക്ക് മാത്രമേ കഴിഞ്ഞ ദിവസം ഉപതെരഞ്ഞെടുപ്പ് നടത്തിയിരുന്നുള്ളൂ. 13 ഇടത്ത് ബി.ജെ.പി അയോഗ്യരാക്കിയവരെ സ്ഥാനാര്‍ത്ഥികളാക്കിയിരുന്നു .കുറഞ്ഞത് ആറു സീറ്റിലെങ്കിലും ജയം ഉറപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും താഴേവീഴും.

Related post