• June 19, 2021

കേരളത്തിന്റെ നേട്ടം ആർക്കും നിഷേധിക്കാനാകില്ല: മുഖ്യമന്ത്രി

 കേരളത്തിന്റെ നേട്ടം ആർക്കും നിഷേധിക്കാനാകില്ല: മുഖ്യമന്ത്രി

കേരളത്തിന്റെ കോവിഡ് പ്രതിരോധം വ്യത്യസ്തമാക്കുന്നത് ജനങ്ങളുടെയും സർക്കാരിന്റെ യും ഐക്യത്തിന്റെയും ബലത്തിലാണെന്ന് മുഖ്യമന്ത്രി. അതുകൊണ്ടാണ് ലോകത്തിന്റെ ശ്രദ്ധ ഇങ്ങോട്ടു തിരിയുന്നത്. എന്നാൽ, അതിനെ വികൃതമായി ചിത്രീകരിക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഐസി എം ആറിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ അർത്ഥത്തിൽ പാലിച്ച് കോവിഡ് വ്യാപനം തടയാൻ ശ്രമിക്കുന്ന സംസ്ഥാനമാണ് കേരളം.കേന്ദ്ര ആരോഗ്യ മന്ത്രാലയം തന്നെ ഇത് അംഗീകരിക്കുകയും കേരളത്തിന്റെ പ്രവർത്തനത്തെ പരസ്യമായി അഭിനന്ദിക്കുകയും ചെയ്തതാണ്.കേരള മാതൃക മറ്റു സംസ്ഥാനങ്ങൾക്ക് പരിചയപ്പെടുത്തുമെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞിരുന്നു. കോവിഡ് പൊട്ടി പുറപ്പെട്ടപ്പോൾ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ മാത്രമാണ് ശ്രവ പരിശോധന ഉണ്ടായിരുന്നത്.എന്നാൽ, സംസ്ഥാന സർക്കാർ നിരന്തരമായി ശ്രമിച്ച് സർക്കാർ മേഖലയിൽ 15 സ്ഥാപനങ്ങളിൽ ടെസ്റ്റിംഗ് സൗകര്യം ഏർപ്പെടുത്തി.അവയ്ക്ക് ഐസിഎംആറിന്റെ അംഗീകാരവും നേടി. അഞ്ച് സ്വാകാര്യ ലാബുകൾക്കും ഇപ്പോൾ ടെസ്റ്റിംഗ് അംഗീകാരമുണ്ട്.ആദ്യ ഘട്ടത്തിൽ കേരളത്തിന് വളരെ കുറച്ച് ടെസ്റ്റ്‌ കിറ്റുകളെ ഐസിഎംആറിൽ നിന്നും ലഭിച്ചിരുന്നുള്ളു.എന്നാൽ, ഐസിഎംആർ മാർഗ്ഗനിർദേശ പ്രകാരമുള്ള ടെസ്റ്റിങ്ങിന് ഒരു തടസ്സവും ഉണ്ടായിരുന്നില്ല. ലഭിച്ച കിറ്റുകൾ ശ്രദ്ധയോടെ വിനിയോഗിച്ചു. ഇപ്പോൾ പുറത്തു നിന്ന് ആളുകൾ വരാൻ തുടങ്ങിയതോടെ കൂടുതൽ ടെസ്റ്റിന്റെ ആവശ്യം വന്നിരിക്കുകയാണ്. അത് കണക്കിലെടുത്ത് ടെസ്റ്റുകൾ വർധിപ്പിച്ചു. ടെസ്റ്റ്‌ ചെയ്യുന്നതിന് ഐസിഎംആറി ന്റെ വ്യക്തമായ മാർഗ നിർദ്ദേശമുണ്ട്. വ്യാപകമായി ആന്റിബോഡി ടെസ്റ്റ്‌ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഐസിഎംആർ വഴി ലഭിച്ച കിറ്റുകൾക്ക് ഗുണനിലവാരമുണ്ടായിരുന്നില്ല. അത് ഉപയോഗിക്കേണ്ടെന്ന് അവർ തന്നെ നിർദ്ദേശിച്ചു. അതു കാരണമാണ് ആന്റിബോഡി ടെസ്റ്റ്‌ വ്യാപകമായി നടത്താൻ കഴിയാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related post