• December 3, 2021

ജെ. എന്‍.യുവിലെ അക്രമം ആസൂത്രിതം , വാട്‌സ് അപ് സന്ദേശങ്ങള്‍ പുറത്ത് , നാല് പേര്‍ കസ്‌ററഡിയില്‍

 ജെ. എന്‍.യുവിലെ  അക്രമം ആസൂത്രിതം , വാട്‌സ് അപ് സന്ദേശങ്ങള്‍ പുറത്ത് , നാല് പേര്‍ കസ്‌ററഡിയില്‍

ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാഥികളെ ആക്രമിച്ച നാലു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചന. ക്യാമ്പസിന് പുറത്തുള്ളവരാണ് പിടിയിലായത്. എബിവിപി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്റെ പ്രതികരണം. അക്രമത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും എസ്എഫ്‌ഐ നേതാവുമായ ഐഷി ഘോഷിനും സര്‍വകലാശാലയിലെ സെന്റ ഓഫ് സ്റ്റഡി ഓഫ് റീജണല്‍ ഡെവലപ്‌മെന്റിലെ അധ്യാപിക പ്രൊഫ സുചിത്ര സെന്നിനും ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് ആഴത്തില്‍ പരിക്കേറ്റ ഐഷിയെ ദില്ലിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി.

ആക്രമണത്തെത്തുടര്‍ന്ന് ഡല്‍ഹി പൊലീസ് പുലര്‍ച്ചെ ക്യാമ്പസില്‍ ഫ്‌ലാഗ് മാര്‍ച്ച് നടത്തി. ഫ്‌ലാഗ് മാര്‍ച്ചിനെതിരെ വിദ്യാര്‍ഥികള്‍ രംഗത്തെത്തി.പൊലീസ് പുറത്തുപോകണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. അക്രമികളെ അറസ്റ്റ് ചെയ്യുകയാണ് ആദ്യം വേണ്ടതെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. ആക്രമണത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഡല്‍ഹി പൊലീസ് ആസ്ഥാനമായ ഐടിഒയില്‍ രാത്രിയില്‍ സമരം ആരംഭിച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി അധ്യാപകരടക്കം നിരവധി പേര്‍ പൊലീസ് ആസ്ഥാനത്ത് എത്തി. ആക്രമണത്തിന് ശേഷം ജെഎന്‍യുവിനകത്ത് കൂട്ടം കൂടിയിരിക്കുകയായിരുന്ന വിദ്യാര്‍ഥികളെ ബലപ്രയോഗത്തിലൂടെ നീക്കാനുള്ള പൊലീസ് നീക്കം സിപിഐ എം നേതാക്കള്‍ ഇടപ്പെട്ട് തടഞ്ഞിരുന്നു.

ഞായറാഴ്ച നടന്ന ആക്രമണത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. അലിഗഡ്, ജാദവ്പൂര്‍, പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ ക്യാംപസുകളില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. ഡല്‍ഹി പൊലീസ് ആസ്ഥാനം ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ഉപരോധിച്ചു. മുംബൈയിലെ ഇന്ത്യ ഗേറ്റിനു മുന്നില്‍ അര്‍ധരാത്രിയില്‍ തുടങ്ങിയ വിദ്യാര്‍ഥിളുടെ പ്രതിഷേധം തുടരുകയാണ്.

ഞായറാഴ്ച രാത്രിയാണ് ഹോസ്റ്റല്‍ ഫീസ് വര്‍ധന ഉള്‍പ്പെടെയുള്ള നടപടികള്‍ക്കെതിരെ സമരം നടത്തുന്ന ജെഎന്‍യു വിദ്യാര്‍ഥികളെ ആര്‍എസ്എസ് കാപാലിക സംഘം ആക്രമണമിച്ചത്. വനിതാ, മിക്‌സ്ഡ് ഹോസ്റ്റലുകളില്‍ അതിക്രമിച്ചു കയറി നടത്തിയ ആക്രമണത്തില്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, അധ്യാപിക പ്രഫ. സുചരിത സെന്‍ തുടങ്ങിയവര്‍ക്കു തലയ്ക്കു ഗുരുതര പരുക്കേറ്റു. ഐഷി ഘോഷിനെ കൊണ്ടുപോയ ആംബുലന്‍സു് തടഞ്ഞും ആക്രമം തുടര്‍ന്നു.അക്രമി സംഘത്തില്‍ മുഖം മറച്ച് കുറുവടികളും മറ്റുമായി പെണ്‍കുട്ടികളുമുണ്ടായിരുന്നു. മുഖം മറച്ചവര്‍ ഇരുമ്പുകമ്പികളും വടിവാളും മറ്റ് മാരകായുധങ്ങളുമായി വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുകയും ഹോസ്റ്റല്‍ മുറികളും മറ്റും അടിച്ചു തകര്‍ക്കുകയും ചെയ്യുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ആക്രമണത്തില്‍ പരിക്കേറ്റ് വിദ്യാര്‍ഥികളെയും അധ്യാപകരെയും ചികിത്സിക്കുകയായിരുന്ന എയിംസിലെ മെഡിക്കല്‍ സംഘത്തെ ജെഎന്‍യുവിനകത്ത് വച്ച് എബിവിപി ആക്രമിച്ചു. ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, വളണ്ടയിര്‍മാര്‍ എന്നിവരടങ്ങുന്ന സംഘത്തിനെ ജെഎന്‍യുവില്‍ വച്ച് ആക്രമിച്ചുവെന്ന് എയിംസിലെ ഡോക്ടര്‍ ഹര്‍ജിത് സിങ് ബട്ടി ട്വീറ്റ് ചെയ്തു.

അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വിസിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് അധ്യാപകര്‍. സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു. അതേസമയം രജിസ്ട്രാറെയും പ്രോക്ടറെയും മാനവ വിഭവ ശേഷി മന്ത്രാലയം വിളിപ്പിച്ചു. മന്ത്രാലയം സെക്രട്ടറിക്ക് മുന്നില്‍ ഇന്ന് ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം ജെഎന്‍യുവില്‍ ഇന്നലെ നടന്ന അക്രമങ്ങള്‍ ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്തായി. യുണൈറ്റ് എഗൈന്‍സ്റ്റ് ലെഫ്റ്റ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് അക്രമം നടത്തുന്നതിനെക്കുറിച്ചും സാധ്യമായ വഴികളെക്കുറിച്ചുമുള്ള സന്ദേശങ്ങള്‍ ഉള്ളത്.അക്രമികള്‍ക്ക് ജെഎന്‍യുവിലേക്ക് എത്താനുള്ള വഴികള്‍ സന്ദേശത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ജെഎന്‍യു പ്രധാന ഗേറ്റില്‍ സംഘര്‍ഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചും പറയുന്നു. ക്യാമ്പസിലെ പൊലീസ് സാന്നിധ്യം അന്വേഷിക്കുകയും ചെയ്യുന്നുണ്ട്

ജെ.എന്‍.യു വിലെ ആക്രമണത്തിനെതിരെ നിരവധിപ്പേര്‍ പ്രതിഷേധവുമായി രംഗത്തെത്തി .ജെഎന്‍യു സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്കുനേരെ നടന്ന മുഖംമൂടി ആക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വിദ്യാര്‍ഥികളെയും അധ്യാപകരെയും നാസി മാതൃകയില്‍ ആക്രമിച്ചവര്‍ രാജ്യത്ത് അരക്ഷിതാവസ്ഥയും കലാപവും സൃഷ്ടിക്കാന്‍ ഇറങ്ങിയവരാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ക്യാമ്പസുകളില്‍ രക്തം വീഴ്ത്തുന്ന വിപത്കരമായ ഈ കളിയില്‍ നിന്ന് സംഘ പരിവാര്‍ ശക്തികള്‍ പിന്മാറണം. വിദ്യാര്‍ത്ഥികളുടെ ശബ്ദം ഈ നാടിന്റെ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞാല്‍ നല്ലതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related post