• October 16, 2021

സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

 സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശികളായ രണ്ട് പേര്‍ക്കും ഒരു കാസര്‍ഗോഡ് സ്വദേശിക്കുമാണ് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ നിലവിലെ കൊവിഡ് ബാധിതരുടെ എണ്ണം 24 ആയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഇന്നു ചേര്‍ന്ന സര്‍വ്വകക്ഷിയോഗം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും മാരക വൈറസിനെതിരെയുള്ള പ്രതിരോധത്തില്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനുവരി അവസാനത്തോടെയാണ് കൊവിഡ് 19 വൈറസ് ബാധ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നല്ല രീതിയില്‍ തന്നെ ആദ്യാവസാനം ആരോഗ്യവകുപ്പ് വൈറസ് ബാധയെ നേരിട്ടുണ്ട്. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുത്ത എല്ലാ പാര്‍ട്ടികളും പിന്തുണ നല്‍കിയിട്ടുണ്ട്. ഈ പിന്തുണ സര്‍ക്കാരിന് വലിയ ഊര്‍ജ്ജം നല്‍കും.

2,740 ആളുകള്‍ ഇപ്പോള്‍ കൊവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തിലാണ്. ഇതില്‍ 270 പേര്‍ ആശുപത്രിയിലാണുള്ളത്. . 2297 സാംപിളുകള്‍ പരിശോധനയ്കക്ക് അയച്ചതില്‍ 1693 എണ്ണം നെഗറ്റീവാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മതസ്ഥാപനങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഇനിയും തുടരേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിവാഹചടങ്ങുകള്‍ക്ക് പരമാവധി നൂറ് പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

രോഗം പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ വിമാനയാത്രികര്‍ ഏറെ ജാഗ്രത പുലര്‍ത്തണം. വൈറസ് വ്യാപനത്തിനുള്ള എല്ലാ പഴുതുകളും അടയ്ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആഭ്യന്തര വിമാനയാത്രികര്‍ക്കും വിദേശത്തേക്ക് പോകുന്നവര്‍ക്കും കൊറോണ പരിശോധന നിര്‍ബന്ധമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വ്യാപാര മേഖല ഏതാണ്ട് നിര്‍ജീവമായ അവസ്ഥയിലാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കച്ചവടക്കാര്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. ഗതാഗത മേഖലയും തകര്‍ന്നപോലെയാണ്. കെഎസ്ആര്‍ടിസി മാത്രം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് നേരിടുന്നത്. വിനോദസഞ്ചാര മേഖലയിലെ നിയന്ത്രണങ്ങള്‍ മൂലം വലിയ നഷ്ടമാണ് ഉണ്ടാവുന്നത്. ഈ നില തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Related post