• October 17, 2021

കോവിഡ് പ്രതിരോധത്തില്‍ രാജ്യത്തിന് മാതൃകയായി കേരളം

 കോവിഡ് പ്രതിരോധത്തില്‍ രാജ്യത്തിന് മാതൃകയായി കേരളം

ലോകരാജ്യങ്ങള്‍ ഒന്നാകെ കോവിഡിനെതിരെ പോരാടുമ്പോള്‍ കേരളം ഇന്ത്യക്കും ലോകരാജ്യങ്ങള്‍ക്കു തന്നെയും ഒരു മാതൃകയായി മാറുകയാണ്. രാജ്യത്ത് ആദ്യമായി കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം സംസ്ഥാനം സ്വീകരിച്ച പ്രതിരോധവും നിയന്ത്രണ നടപടികളും ദേശീയ തലത്തില്‍ വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്. രാജ്യമാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ മാത്രമല്ല, ജനജീവിതം ബുദ്ധിമുട്ടില്ലാതെ മുന്നോട്ടുകൊണ്ടുപോകാന്‍ വേണ്ട നടപടിയും യഥാക്രമം നടപ്പാക്കുന്നതില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്.

കോവിഡിനെതിരെയുള്ള പ്രതിരോധത്തിന് മാത്രമല്ല, തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പാക്കേജുകളും പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയുടെ ദീര്‍ഘവീക്ഷണം വെളിപ്പെടുത്തുന്നതായിരുന്നു. പ്രതിരോധവും കരുതലും ഒരുപോലെ നടപ്പാക്കുന്നതില്‍ കേരള സര്‍ക്കാര്‍ കാണിച്ച മാതൃക വാക്കുകള്‍ക്ക് അതീതമാണ്. സംസ്ഥന സര്‍ക്കാരിന്റെ ഓരോ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാന്‍ തലസ്ഥാനത്തെ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം. പ്രതിരോധത്തിനും നിരീക്ഷണത്തിനും കൂടുതല്‍ സൗകര്യങ്ങള്‍. വിമാനത്താവളത്തിലെ കൃത്യമായ നിരീക്ഷണവും സേവനങ്ങളും. കോവിഡ് 19 പരിശോധനയ്ക്കായി 6 ലബോറട്ടറികള്‍. ഒറ്റപ്പെട്ടവര്‍ക്ക് മികച്ച ഭക്ഷണം. മാനസികാരോഗ്യത്തിനായി പ്രൊഫഷണലുകളുടെ കൗണ്‍സിലിംഗ്. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഒരു ദിവസം 276 ഡോക്ടര്‍മാരുടെ നിയമനം. ലോക് ഡൗണ്‍ സമയത്ത് പോലും അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുക. അംഗനവാടി വഴി നല്‍കിയിരുന്ന ഭക്ഷണം സംസ്ഥാനത്തെ കുട്ടികള്‍ക്ക് അവരുടെ വീടുകളില്‍ എത്തിക്കുന്നു. ഹാന്‍ഡ് സാനിറ്റൈസറിന്റെ അധിക ഉത്പാദനം. മാസ്്ക്കുകള്‍ നിര്‍മ്മിക്കാന്‍ ജയിലുകള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം. പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വിപുലമായ പ്രചാരണ പരിപാടികള്‍.കൂടാതെ, വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നവര്‍ക്ക് നെറ്റ്വര്‍ക്ക് ശേഷി 30 മുതല്‍ 40% വരെ വര്‍ദ്ധിപ്പിക്കാന്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കളോട് ആവശ്യപ്പെട്ടു.. എപിഎല്‍ അല്ലെങ്കില്‍ ബിപിഎല്‍ നില പരിഗണിക്കാതെ എല്ലാവര്‍ക്കും ഒരു മാസത്തേക്ക് സൗജന്യ ഭക്ഷണ വിതരണം.

20,000 കോടി രൂപയുടെ പുനരധിവാസ വായ്പ പാക്കേജുകള്‍. രണ്ട് മാസത്തിനുള്ളില്‍ കുടുംബശ്രീ വഴി 2000 കോടി രൂപ വായ്പ. ബിപിഎല്‍ അന്ത്യോദയ വിഭാഗത്തില്‍ പെന്‍ഷന്‍ ഇതരക്കാര്‍ക്ക് 1000 രൂപ ധനസഹായം. 2 മാസത്തെ സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ മുന്‍കൂട്ടി. 20 രൂപ നിരക്കില്‍ 1000 കാന്റീനുളില്‍ ഭക്ഷണം. 500 കോടി രൂപയുടെ ആരോഗ്യ പാക്കേജ്. വൈദ്യുതി, വാട്ടര്‍ ബില്ലുകള്‍ അടയ്ക്കുന്നതിന് ഒരു മാസത്തെ കാലാവധി. സിനിമാ വ്യവസായത്തിന് വിനോദ നികുതി ഇളവ്. ഓട്ടോ ടാക്‌സി ഫിറ്റ്‌നസ് നികുതി ഇളവ്. ബസ് നികുതി ഇളവ്. കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ കേരള സര്‍ക്കാര്‍ മറ്റ് സംസ്ഥാനങ്ങളെ മറികടക്കുന്നതില്‍ വളരെ ജാഗ്രത പുലര്‍ത്തുന്നുണ്ട്.

ഉയര്‍ന്ന ജനസാന്ദ്രത, കൂടുതല്‍ പ്രവാസികള്‍, പരമാവധി പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന സംസ്ഥാനത്ത് കാര്യങ്ങള്‍ നിയന്ത്രണാതീതമാകുമായിരുന്നു എന്നതും എടുത്ത് പറയത്തക്ക നേട്ടമാണ്.
കേരളത്തില്‍ 118 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 112 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. കൊറോണ ബാധിച്ചവരില്‍ 12 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ചവരില്‍ 91 പേര്‍ വിദേശത്ത് നിന്ന് എത്തിയ ഇന്ത്യക്കാരാണ്. 9 പേര്‍ വിദേശികളാണ്. 19 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്.

2018 ലെ വെള്ളപ്പൊക്കത്തെ അതിജീവിക്കുമ്പോള്‍ പ്രകടിപ്പിച്ചതിനേക്കാള്‍ കൂടുതല്‍ ജാഗ്രതയോടെ കൊറോണയുമായി പോരാടാന്‍ കേരളത്തിലെ പൊതുജനങ്ങള്‍ ഒത്തുചേര്‍ന്നു. ഒറ്റപ്പെട്ട ചില കേസുകള്‍ മാത്രമാണ് അതില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. നിയമപരമായി അവരെ നേരിടാനുള്ള സര്‍ക്കാര്‍ നീക്കത്തിനും ജനങ്ങളുടെ വലിയ പിന്തുണയുണ്ട്.

കേന്ദ്ര സര്‍ക്കാരുമായി പരമാവധി സഹകരിക്കുന്നതിലൂടെയും സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ സഹകരണം ഉറപ്പാക്കുന്നതിലൂടെയും കേരള സര്‍ക്കാര്‍ കോവിഡിനെതിരായുള്ള പ്രതിരോധം ശക്തമാക്കുകയാണ്.

ഓരോ പ്രതിസന്ധി കാലത്തും മുഖ്യമന്ത്രി കാണിക്കുന്ന നേതൃത്വപാഠവം അത്ഭുതത്തോടെ അല്ലാതെ നോക്കിക്കാണാന്‍ കഴിയില്ല. ഏത് വിഷയം അവതരിപ്പിക്കുമ്പോഴും ഒരു മികച്ച അധ്യാപകന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള അവതരണം ഏതൊരു പൗരന്റെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി എങ്ങനെയാണ് ഇത്തരത്തില്‍ ജനമനസ്സുകളെ കീഴടക്കുന്നതെന്ന് ചിന്തിക്കുമ്പോള്‍ അത്ഭുതം തോന്നാം.

മുഖത്ത് ചിരി വരുന്നുണ്ടോ എന്ന് ശ്രദ്ധിച്ച് നോക്കിയാല്‍ മാത്രമെ ചിലപ്പോള്‍ കാണാന്‍ സാധിക്കും. പലപ്പോഴും കര്‍ക്കശക്കാരനായ ഒരു ഭരണാധികാരി എന്ന വിളി പേരാണ് അദ്ദേഹത്തിന് ചാര്‍ത്തപ്പെട്ടിരുന്നത്. ഈ കര്‍ക്കശക്കാരന്‍ പിന്നീട് എപ്പോഴാണ് ഇത്രയും ജനപ്രിയനായത് ? അതിന് ഒറ്റ ഉത്തരമേ ഉള്ളു. അദ്ദേഹം ലക്ഷണമൊത്ത ഭരണാധികാരിയാണ്. പ്രശ്‌നങ്ങളെ പഠിച്ച് സമയോചിതമായി കര്‍ത്തവ്യം നിര്‍വഹണം നടത്തുന്ന ഭരണാധികാരി. ജനങ്ങളുടെ ചിന്തകള്‍ക്കും അപ്പുറത്ത് പ്രവര്‍ത്തിച്ച് കാണിക്കുന്ന ഭരണാധികാരി. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നിന്നും അണുവിട വ്യത്യാസം വരുത്താന്‍ ഒരിക്കല്‍ പോലും അദ്ദേഹം ശ്രമിച്ചിട്ടില്ല. ഒരു ഭരണാധികാരി എന്ന നിലയില്‍ തനിക്ക് നേരെ വരുന്ന വെല്ലുവിളിയെ എങ്ങനെ നേരിടുന്നു എന്നതിന്റെ നേര്‍ക്കാഴ്ച പിണറായി വിജയന്‍.

രാജ്യമൊട്ടാകെ ലോക്ഡൗണ്‍ ആയപ്പോള്‍ ശരവേഗത്തില്‍ ജനങ്ങളുടെ ഏറ്റവും അത്യന്താപേക്ഷിതമായ ആവശ്യങ്ങള്‍ എന്താണെന്ന് മനസ്സിലാക്കുകയും, ഭക്ഷണം, ആരോഗ്യം, കുടുംബം എന്ന നിലിയിലേക്ക് ചുരുങ്ങുന്ന പൊതുജനങ്ങള്‍ക്ക് ജീവിതം ദുരുതമാകാതിരിക്കാന്‍ ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കിയ തീരുമാനങ്ങള്‍- ഇതൊക്കെ തന്നെയാണ് ലോകരാജ്യങ്ങള്‍പോലും കൊച്ചു കേരളത്തെയും അവിടുത്തെ ഭരണാധികാരിയേയും മാതൃകയാക്കുന്നതിനുള്ള പ്രധാന കാരണം.

രാജ്യമൊട്ടാകെ ലോക്ഡൗണ്‍ ആയപ്പോള്‍ അദ്ദേഹം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞ വാക്കുകള്‍ ‘ഈ കൊറോണക്കാലത്ത് കേരളത്തില്‍ ഒരു കുടുംബം പോലും പട്ടിണി കിടക്കാന്‍ പാടില്ല’ എന്നാണ്. അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ വാക്കുകളില്‍ ഒതുങ്ങുന്നതല്ല എന്ന് തെളിയിക്കുന്നവയായിരുന്നു പിന്നീട് അങ്ങോട്ട് കണ്ടത്. കമ്യൂണിറ്റി കിച്ചന്‍ തുടക്കം, വാര്‍ഡ് അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും ചേര്‍ന്ന് സ്വന്തമായി ഭക്ഷണം ഉണ്ടാക്കാന്‍ പറ്റാത്തവരെ കണ്ടെത്തുന്നു, ഭക്ഷണം എത്തിക്കുന്നു. എല്ലാവര്‍ക്കും ആവശ്യത്തിന് അരിയും പലവ്യഞ്ജനവും നല്‍കുന്നു. എഫ് സി ഐ യില്‍ എട്ടു മാസത്തേക്കുള്ള അരിയുടെ ശേഖരം ഉണ്ടെന്ന് ഉറപ്പു വരുത്തുന്നു, ആരോഗ്യമേഖലക്കായി മാസ്‌ക്, സാനിടൈസര്‍ എന്നിവയുടെ നിര്‍മ്മാണം വിപുലപ്പെടുത്തുന്നു.

പൊതുജനത്തിന് ഒരു തരത്തിലും ഉള്ള ആശങ്കക്ക് വഴിവെയ്ക്കാതെ കൃത്യമായ തീരുമാനങ്ങള്‍. ഇപ്പോള്‍ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരുടെയും ഹൃദയത്തില്‍ ഒരൊറ്റ നേതാവെ ഉള്ളു സഖാവ് പിണറായി വിജയന്‍. പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി ജനങ്ങളുടെ സങ്കല്‍പ്പങ്ങള്‍ക്കും എത്രയോ മുകളിലാണ്. ഏതൊരു നേതാവും ആഗ്രഹിച്ചു പോകുന്ന പ്രവര്‍ത്തനമികവ്.

വളരെ പരിമിതമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് മികച്ച പ്രകടനം നടത്തുന്ന സംസ്ഥാനമാണ് കേരളം. ലോകരാജ്യങ്ങള്‍ക്കുപോലും വെല്ലുവിളിയായി നില്‍ക്കുന്ന കോവിഡ് 19 എന്ന വൈറസ് ബാധയെ കേരളം അതിജീവിച്ചാല്‍, ചരിത്രതാളുകളില്‍ തങ്കലിപിയില്‍ എഴുതി ചേര്‍ക്കേണ്ട ഒരു ഭരണനേട്ടം തന്നെ ആയിരിക്കും. ആ നേട്ടം വിദൂരത്തല്ല എന്നാണ് സര്‍ക്കാരും, ആരോഗ്യ വകുപ്പും, ഒപ്പം നില്‍ക്കുന്ന പൊതുജനവും നല്‍കുന്ന മാതൃകയും സൂചനയും. സര്‍ക്കാര്‍ ഒപ്പമല്ല മുന്നില്‍ തന്നെയുണ്ട് എന്ന കരുത്ത് പകരുന്ന വാക്കുകളാണ് സര്‍ക്കാരിനൊപ്പം പൊതുജനം ഒറ്റക്കെട്ടായി അണിനിരക്കുന്നതിന് പിന്നിലെ സത്യം.

മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ദിവസേനയുള്ള വാര്‍ത്തസമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത് ആരോഗ്യകരമല്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ നേരിട്ടുള്ള പത്ര സമ്മേളനം മാറ്റിവെച്ചതായും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഏതൊരു നേതാവിനും അസൂയതോന്നാവുന്ന പ്രവര്‍ത്തനപാടവം. സര്‍വ്വ സന്നാഹങ്ങളെയും അണിനിരത്തി ചങ്കുറപ്പോടെ മുന്നില്‍ നിന്ന് യുദ്ധം ചെയ്യുന്ന ഈ ഭരണാധികാരി ഓരോ മലയാളിക്കും അഭിമാനമാണ്. ഒരു ഭരണാധികാരിയില്‍ നിന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നതും ഇതൊക്കെ തന്നെയല്ലെ. അതുകൊണ്ട് തന്നെ നെഞ്ചില്‍ കൈവെച്ച് പറയാം ഈ യുദ്ധത്തില്‍ നേട്ടം നമ്മുക്കൊപ്പം തന്നെയെന്ന്.

Related post