• June 23, 2021

ഇനി വീട്ടുമുറ്റത്തും ചാകര; മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍

 ഇനി വീട്ടുമുറ്റത്തും ചാകര; മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍

വീട്ടുവളപ്പില്‍ കുളംകുഴിച്ച് മത്സ്യം വളര്‍ത്തിയാല്‍ വന്‍ സബ്സിഡി. 49,200രൂപ മുതല്‍ 1,23,000 വരെ തദ്ദേശ സ്ഥാപനങ്ങള്‍ ധനസഹായം നല്‍കും. മത്സ്യവകുപ്പിന്റ സബ്സിഡി ഉള്‍പ്പെടെയാണിത്. കേരളത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ ആരംഭിച്ച സുഭിക്ഷ കേരളത്തിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ പുതുക്കിയ മാര്‍ഗ നിര്‍ദേശത്തിലാണ് ഈ ആനുകൂല്യം. ആദ്യമായാണ് വീട്ടുവളപ്പില്‍ കുളം നിര്‍മിച്ച് മത്സ്യം വളര്‍ത്താന്‍ വിപുലമായ പദ്ധതി. കുളം കുഴിക്കല്‍, ബണ്ട് നിര്‍മാണം, പടുത വിരിക്കല്‍, അടിത്തട്ട് വിരിക്കല്‍, വെള്ളം നിറക്കല്‍ സംരക്ഷിത വല ഉള്‍പ്പെടെയുള്ള പ്രവര്‍ത്തിക്കാണ് സബ്സിഡി.

1000 മത്സ്യ കുഞ്ഞുങ്ങളെ വളര്‍ത്തുന്ന കുളത്തിന് 1,23,000 രൂപയാണ് ആകെ ചിലവ്. 80 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണം, 40 സെന്റിമീറ്റര്‍ ആഴത്തില്‍ കുഴി. ഈ മണ്ണ് കൊണ്ട് കുളത്തിന് ചുറ്റും 110 സെന്റിമീറ്റര്‍ ഉയരത്തില്‍ ബണ്ട് രൂപീകരിക്കണം. 125 സെന്റിമീറ്റര്‍ ഉയരത്തില്‍ ജലം നിറയ്ക്കണം. ഇതില്‍ പൊതുവിഭാഗത്തിന് 49,200 രൂപയും (40%), പട്ടികജാതി വിഭാഗത്തിന് 92,250 രൂപയും (75%)സബ്സിഡി ലഭിക്കും. പട്ടികവര്‍ഗ വിഭാഗത്തിന് മുഴുവന്‍ തുകയും (100%) സബ്സിഡി ലഭിക്കും. കൃത്രിമ കുളമുണ്ടാക്കിയുള്ള ബയോ ഫ്‌ളോക് മത്സ്യകൃഷിക്കും കുളത്തിലെ കരിമീന്‍ കൃഷിക്കും സബ്സിഡി ലഭിക്കും. വ്യക്തികള്‍ക്ക് പുറമെ ഗ്രുപ്പുകള്‍ക്കും കുടുംബശ്രീ യൂണിറ്റുകള്‍ക്കും പദ്ധതി തയ്യാറാക്കാം. കുളം നിര്‍മിക്കാന്‍ തൊഴിലുറപ്പ് പദ്ധതിയുടെ സഹായം തേടാം. നിര്‍മിക്കുന്ന കുളങ്ങളുടെ യൂണിറ്റ് ചെലവില്‍ കുറവ് വരുത്തി ശേഷിക്കുന്ന തുകയ്ക്ക് ആനുപാതികമായും സബ്സിഡി. ഫിഷറീസ് വകുപ്പിന്റെ ഇന്‍ഷുറന്‍സും ലഭിക്കും.

Related post