• October 17, 2021

കര്‍ണാടകയ്ക്ക് തിരിച്ചടി ; കാസര്‍കോട് അതിര്‍ത്തി തുറക്കണമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ ഇല്ല

 കര്‍ണാടകയ്ക്ക് തിരിച്ചടി ; കാസര്‍കോട് അതിര്‍ത്തി തുറക്കണമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ ഇല്ല

കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ അടച്ചിട്ട ദേശീയപാത തുറക്കണമെന്ന കേരള ഹൈക്കോടതി വിധി സ്റ്റേ ഇല്ല.കേരള അതിര്‍ത്തിയിലെ ഗതാഗതം സുഗമമാക്കാന്‍ കേരള, കര്‍ണാടക ചീഫ് സെക്രട്ടറിമാരും കേന്ദ്ര ആരോഗ്യ സെക്രട്ടറിയും ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്തണമെന്ന് കോടതി ഉത്തരവിട്ടു.

അതിര്‍ത്തിയില്‍ വരുന്ന വാഹനങ്ങള്‍ എങ്ങനെ കടത്തിവിടണമെന്ന് ഉദ്യോഗസ്ഥ സമിതി തീരുമാനിക്കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു. അടിയന്തര ഗതാഗതത്തിന് മാര്‍ഗരേഖയുണ്ടാക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു.ഇക്കാര്യം തീരുമാനിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്നും കോടതി പറഞ്ഞു.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് അതിര്‍ത്തി അടച്ചതെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വാദിച്ചു. അതിര്‍ത്തി കടന്ന് സഞ്ചാരം അനുവദിച്ചാല്‍ കര്‍ണാടകയിലെ ജില്ലകളിലേക്ക് വൈറസ് പടരും. സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കും. ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും കര്‍ണാടകം സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണനയ്ക്ക് എടുത്തില്ല. കേരള, കര്‍ണാടക സംസ്ഥാനങ്ങളുടെ മാത്രം വാദം കേള്‍ക്കാനായിരുന്നു തീരുമാനം. ഒന്നര മണിക്കൂറോളം നീണ്ട വാദപ്രതിവാദത്തിന് ശേഷമായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം.

ജസ്റ്റിസുമാരായ എല്‍. നാഗേശ്വര റാവു, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് അധ്യക്ഷതയിലുള്ള ബെഞ്ച് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരുന്നു ഹര്‍ജി പരിഗണിച്ചത്. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.

Related post