• November 30, 2021

കേരള നിയമസഭയുടെ സഭ ടിവി

 കേരള നിയമസഭയുടെ സഭ ടിവി

‘എവിടെയും, എപ്പോഴും” – ഇതാണ് വിനോദത്തിൻ്റെ പുതിയ സൂത്രവാക്യം; ഇന്റര്‍നെറ്റ് വ്യാപനവും പുതിയ തലമുറ ഫോണുകളുടെ വരവും ആണ് ഇത് യാഥാര്‍ഥ്യമാക്കിയത്. ഇതിന്റെ അലകള്‍ പല മേഖലകളിലും പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു. പുതിയ ചലച്ചിത്രങ്ങള്‍, സാറ്റലൈറ്റ് ചാനലുകള്‍ നല്‍കുന്നതിനേക്കാള്‍ കൂടിയ വിലയ്ക്ക്, ആമസോണ്‍, നെറ്റ്ഫ്‌ലിക്‌സ് പോലെയുള്ള ‘ഓടീടീ’ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സേവനദാതാക്കള്‍ വാങ്ങി തുടങ്ങിയിരിക്കുന്നു. മോഹന്‍ലാല്‍ മുഖ്യവേഷത്തില്‍ അഭിനയിച്ച് പൃഥ്വിരാജ് സംവിധാനം ചെയ്ത ”ലൂസിഫര്‍” എന്ന മലയാള ചലച്ചിത്രം ഏഷ്യാനെറ്റ്, സൂര്യ തുടങ്ങിയ വന്‍കിട ചാനലുകള്‍ക്ക് മുന്‍പേ ആമസോണ്‍ പ്രൈമില്‍ വന്നതും, അതിന്റെ അറിയിപ്പ് ആയി കേരളം മുഴുവന്‍ വലിയതോതില്‍ പരസ്യം നല്‍കിയതും ഈ അടുത്ത കാലത്താണ്. അതിനുശേഷം പല പുതിയ മലയാള സിനിമകളും, സിനിമ പ്രദര്‍ശനശാലകളിലെ ചൂടാറും മുന്‍പേ ആമസോണ്‍ പ്രൈമില്‍ എത്തി. സിനിമാ വ്യവസായത്തില്‍ ഉള്ളവര്‍ ഉള്‍പ്പെടെ പലരെയും ഈ പുതിയ മാറ്റം കൊണ്ടു വരുന്ന സാമ്പത്തിക, വ്യവസായിക സമവാക്യങ്ങള്‍ അത്ഭുതപ്പെടുത്തുകയും, ആശങ്കപ്പെടുകയും ചെയ്തു. വളരെ ചെറിയ ഒരു സമയം കൊണ്ടു തന്നെ എല്ലാവരും; ചലച്ചിത്ര വ്യവസായികള്‍, കലാകാരന്മാര്‍, പ്രേക്ഷകര്‍, ചാനല്‍ ഉടമസ്ഥര്‍, ടെലികോം കമ്പനികള്‍, അങ്ങനെ എല്ലാവരും ഈ മാറ്റം തിരിച്ചറിഞ്ഞു കഴിഞ്ഞു.

വിനോദം ആയാലും വിജ്ഞാനം ആയാലും ആവശ്യക്കാരിലേക്ക് നേരിട്ട് എത്തുന്നു എന്നത് ഈ പുതിയ മാറ്റത്തിലെ ഒരു യാഥാര്‍ത്ഥ്യമാണ്. ഇടയില്‍ സാങ്കേതികവിദ്യ മാത്രം; ടെലികോം കമ്പനികള്‍ ഉള്‍പ്പെടെ മറ്റാര്‍ക്കും ഇതില്‍ ഇടപെടാന്‍ കഴിയില്ല. ഇന്റര്‍നെറ്റ് വ്യാപനം ലോകത്ത് പുതിയ സാധ്യതകള്‍ തുറന്നു. പലതിനെയും സ്ഥാനഭ്രഷ്ടനാക്കി മറ്റു ചിലതിനായി വാതായനങ്ങള്‍ തുറന്നിട്ടു. ഇന്റര്‍നെറ്റ്‌ന് മുകളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്നത് ( ഓവർ ദി ടോപ് ഓഫ് ദി ഇന്റർനെറ്റ് ഓർ ഓടീടീ ) സാധ്യതകള്‍ക്ക് പരിധിയും അതിരുകളും ഇല്ലാതാക്കി. കോടിക്കണക്കായ സന്ദേശങ്ങള്‍, ചിത്രങ്ങള്‍, രേഖകള്‍ തുടങ്ങി ബഹുവിധമായവ എങ്ങനെ കൃത്യമായി മേല്‍വിലാസക്കാരന് എത്തിച്ചേരുന്നു? ഒറ്റവാക്കില്‍ ‘ഐപി അഡ്രസ്’ എന്ന് പറയാമെങ്കിലും, ഇത് വളരെ സങ്കീര്‍ണ്ണമായ ഒരു സാങ്കേതികവിദ്യയാണ്. ഇന്റര്‍നെറ്റിലൂടെ കാഴ്ചക്കാര്‍ക്ക് നേരിട്ട് വാഗ്ദാനം ചെയ്യുന്ന ഒരു സ്ട്രീമിംഗ് മീഡിയ സേവനമാണ് ”ഓവര്‍ ദി ടോപ്പ് ‘ (ഓടീടീ) മീഡിയ സേവനം. പരമ്പരാഗതമായി അത്തരം ഉള്ളടക്കത്തിന്റെ ഒരു കണ്‍ട്രോളര്‍ അല്ലെങ്കില്‍ വിതരണക്കാരനായി പ്രവര്‍ത്തിക്കുന്ന കേബിള്‍, ഭൂതല ടെലിവിഷന്‍ പ്രക്ഷേപണം, സാറ്റലൈറ്റ് ടെലിവിഷന്‍ എന്നിവയെ ഛഠഠ പ്ലാറ്റ്‌ഫോമുകള്‍ മറികടക്കുന്നു.

ശിലാഫലകം -അശോകപീരിയഡ്

കേരള നിയമസഭ ആരംഭിക്കുന്ന ‘സഭ ടിവി’ എന്ന പുതിയ സംരംഭം എന്താണ്, എന്തിനാണ് എന്നൊക്കെ എല്ലാവരും ചോദിക്കുന്നു. ഒന്ന് ഓര്‍ത്തു നോക്കൂ, ഭൂതകാലത്ത് ശിലാഫലകങ്ങള്‍, പെരുമ്പറ വിളംബരങ്ങള്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെയാണ് ഭരണകര്‍ത്താക്കള്‍ രാജശാസനങ്ങളും, കല്‍പ്പനകളും, മറ്റുള്ളതും ജനങ്ങളിലേക്ക് എത്തിച്ചിരുന്നത്. എല്ലാ ജനങ്ങളിലേക്കും കലര്‍പ്പില്ലാതെ കൃത്യമായും യഥാസമയത്തും ഇത്തരം വാര്‍ത്തകള്‍ എത്തിയിരുന്നില്ല. ആ കാലത്ത് പൊതുജനം, ഭരണകര്‍ത്താക്കളുമായി ആശയവിനിമയം ചെയ്യുക എന്നത് ചിന്തിക്കാന്‍പോലും പറ്റാത്തകാര്യമായിരുന്നു. ആധുനികകാലത്ത് വര്‍ത്തമാനപത്രങ്ങള്‍, റേഡിയോ, ടെലിവിഷന്‍ തുടങ്ങിയവയായി മാധ്യമങ്ങള്‍. ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നവരുടെ താല്‍പ്പര്യങ്ങള്‍, സന്ദേശങ്ങളില്‍ കലര്‍ത്തി. ഭരണകര്‍ത്താക്കളുടെ വാക്കുകള്‍ മാധ്യമ ഉടമകള്‍ സ്വന്തം നേട്ടങ്ങള്‍ക്കായി വളച്ചൊടിച്ചു. പൊതുജനം ഭരണകര്‍ത്താക്കളുമായി ആശയവിനിമയം ചെയ്യുക എന്നത് പിന്നെയും ഫലവത്തല്ലാതായി തന്നെ തുടര്‍ന്നു.

വര്‍ത്തമാനകാലം സാമൂഹിക മാധ്യമങ്ങളുടെതാണ്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും ഇന്റര്‍ നെറ്റിന്റെ വ്യാപനവും ആണ് ഇതിന് പിന്‍ബലം നല്‍കുന്നത്. പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ മൊബൈല്‍ ഫോണ്‍ എന്നത് ഇന്ന് സര്‍വ്വസാധാരണമാണ്. നവമാധ്യമങ്ങളിലൂടെ ഭരണ കര്‍ത്താക്കള്‍ക്ക് തങ്ങളുടെ സന്ദേശങ്ങളും ഭരണപരമായ അറിയിപ്പുകളും മറ്റും നേരിട്ട്, കലര്‍പ്പില്ലാതെ, കൃത്യമായും യഥാസമയത്തും ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുന്നു, നേരിട്ട് തന്നെ, ഇടയില്‍ ഒരു മാധ്യമം ഇല്ലാതെ. ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായങ്ങളും, സംശയങ്ങളും, നിര്‍ദ്ദേശങ്ങളും നേരിട്ട് ഭരണകര്‍ത്താക്കളുമായി സംവദിക്കാന്‍ കഴിയുന്നു. ഇവിടെയാണ് ‘സഭ ടിവി’ എന്ന ഈ പുതിയ സംരംഭത്തിന്റെ പ്രസക്തി. ജനാധിപത്യ ഭരണക്രമത്തില്‍ നിയമസഭ എന്നത് മൊത്തം ജനങ്ങളുടെ ഒരു പരിച്ഛേദവും പ്രാതിനിധ്യവും ആണ്. സഭാനടപടികള്‍ കാണാന്‍ ജനങ്ങള്‍ക്ക് അവകാശവും അധികാരവും ഉണ്ടെങ്കിലും, എല്ലാവരും നേരിട്ട് എത്തുക എന്നത് പ്രായോഗികമല്ല. ജനാധിപത്യ ക്രമത്തില്‍ ഈ കടമ നിര്‍വഹിക്കേണ്ട മാധ്യമങ്ങള്‍, ഇടയില്‍ സ്വന്തം താല്‍പര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു, തിരുകിക്കയറ്റുന്നു എന്നത് പരക്കെയുള്ള ആക്ഷേപമാണ്. ടെലിവിഷന്‍ എന്ന് വളരെ ജനകീയമാണ്, എന്നാല്‍ ഒരു സാറ്റലൈറ്റ് ചാനല്‍ തുടങ്ങുവാനും തുടര്‍ന്ന് അതിന്റെ നടത്തിപ്പിനും ഭീമമായ ചിലവുണ്ട്. ഇതിനു വേണ്ടി വരുന്ന കേന്ദ്ര അനുമതി തുടങ്ങിയവയുടെ കാലതാമസം വേറെയും. ഇതൊക്കെ ചെയ്തു കഴിഞ്ഞാലും ജനങ്ങളിലെത്തിക്കാന്‍ കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സഹായം കൂടിയേ തീരൂ.

വീടുകളില്‍ കൂടുതല്‍ ആള്‍ക്കാര്‍ ഉണ്ടാകുന്നത് വൈകുന്നേരങ്ങളിലാണ്. മലയാളികളില്‍ വലിയൊരു വിഭാഗം പ്രവാസികളായി കേരളത്തിനു പുറത്തും വിദേശങ്ങളിലും ആയി കഴിയുന്നു. ഈ സ്ഥലങ്ങളിലെ സമയക്രമങ്ങള്‍ വ്യത്യസ്തങ്ങളാണ്. ജോലിസ്ഥലങ്ങളിലെ വിശ്രമവേളകളും മറ്റു ഒഴിവു സമയങ്ങളും ജനങ്ങള്‍ ഇപ്പോള്‍ ചെലവഴിക്കുന്നത് മൊബൈല്‍ ഫോണിലാണ്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഉള്ള മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്ക് കവറേജ്, കുറഞ്ഞ ഡേറ്റാ ചാര്‍ജ് എന്നിവയാണിതിന് കാരണം. ഇത്തരം കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഭാവിയുടെ വാഗ്ദാനമായ നവമാധ്യമങ്ങള്‍ ആണ് കുറഞ്ഞ ചെലവില്‍ ജനങ്ങളിലേക്ക് എത്താന്‍ എന്തുകൊണ്ടും അഭികാമ്യം. നിയമസഭയുടെ ”ഓ.ടീ.ടീ” പ്ലാറ്റ്‌ഫോമില്‍ ഉള്ളടക്കങ്ങള്‍ ലൈവ് ആയും വി.ഓ.ഡി (വീഡിയോ ഓണ്‍ ഡിമാന്‍ഡ്) ആയും ഉണ്ടാകും. അതിനാല്‍ തന്നെ ജനങ്ങള്‍ക്ക് സൗകര്യമുള്ള സ്ഥലത്തും സമയത്തും പരിപാടികള്‍ കാണാന്‍ സാധിക്കും. ഏതെങ്കിലും ഒന്ന് പൂര്‍ണമായി കാണാന്‍ സാധിക്കാതെ വന്നാല്‍ പിന്നെ ഒരു സമയത്ത്, മുമ്പ് കണ്ടു നിര്‍ത്തിയ സ്ഥാനത്തുനിന്നും തുടര്‍ന്ന് കാണാന്‍ സാധിക്കും. ടു ജി, ത്രീ ജി, ഫോര്‍ ജി, ഫൈവ് ജി എന്നിങ്ങനെ മൊബൈല്‍ കണക്ഷന്‍ ബാന്‍ഡ് വിഡ്ത്ത് ഏതു തന്നെയായാലും പരിപാടികള്‍ക്ക് തടസ്സം നേരിടുകയും ഇല്ല. ആരൊക്കെ ഏതൊക്കെ സമയത്ത് എന്തൊക്കെ പരിപാടികള്‍ കണ്ടു എന്നതിന്റെ വിശദമായ റിപ്പോര്‍ട്ടുകള്‍ കിട്ടും. ഇത് ഭാവി കാര്യങ്ങളുടെ തീരുമാനങ്ങള്‍ക്ക് ഉപകരിക്കും.

ഇതാ ‘സഭ ടിവി”, സമഗ്രമായ ഒരു ‘ഓടീടീ’ പ്ലാറ്റ്‌ഫോമില്‍; ഇത് ലോകോത്തരമായ പുതുപുത്തന്‍ സാങ്കേതിക വിദ്യ. സഭാനടപടികള്‍, അതിന്മേലുള്ള ചര്‍ച്ചകള്‍, വിശകലനങ്ങള്‍, എല്ലാം ഇനി ലോകമെമ്പാടുമുള്ള മലയാളികളുടെ വിരല്‍ത്തുമ്പില്‍; ”എവിടെയും, എപ്പോഴും”.

Related post