• October 21, 2021

ആനവയറും പട്ടിണിയാകില്ല

 ആനവയറും പട്ടിണിയാകില്ല

അടച്ചുപൂട്ടല്‍ കാലത്തും ആന വയറും പട്ടിണിയാകില്ല. ആന ഉള്‍പ്പെടെ വളര്‍ത്തു മൃഗങ്ങള്‍ക്ക് തീറ്റ നല്‍കാന്‍ സര്‍ക്കാര്‍ അഞ്ചു കോടി അനുവദിച്ചു. ഫണ്ട് പ്രയോജനപ്പെടുത്തി തീറ്റ എത്തിക്കുന്നതാണ് പദ്ധതി. തൃശ്ശൂര്‍ പൂരം ഉള്‍പ്പെടെ ഉത്സവ സീസണ്‍ പൂര്‍ണമായും നഷ്ടപെട്ടത്തോടെ ആന ഉടമകള്‍ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍നടപടി. ആനകള്‍ക്കും പാപ്പാന്മാര്‍ക്കും സഹായം അനുവദിക്കണമെന്ന് കേരള എലിഫന്റ് ഓണേഴ്‌സ് അസോസിയേഷനും ഫെഡറേഷനും മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ് അഞ്ച് കോടി അനുവദിച്ചത്. തീറ്റ വാങ്ങി നല്‍കാന്‍ മൃഗസംരക്ഷണ വകുപ്പ് നടപടി സ്വീകരിക്കും. വനം വകുപ്പ്, ദേവസ്വം, സ്വകാര്യ ഉടമസ്ഥത എന്നിങ്ങനെ 486 നട്ടാനകളുണ്ട്. വാഹനമില്ലാത്തതിനാല്‍ പനം പട്ട എത്തിക്കാന്‍ തടസ്സമുണ്ടായപ്പോള്‍ സര്‍ക്കാര്‍ അത് പരിഹരിച്ചിരുന്നു. ആനക്ക് ദിവസം 20 മുതല്‍ 40വരെ പനംപട്ടയും ഏഴ് കിലോ ഭക്ഷ്യ ധന്യവും ആവശ്യമാണെന്ന് കേരള എലിഫന്റ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് ജി. കൃഷ്ണപ്രസാദ് പറഞ്ഞു. സര്‍ക്കാര്‍ നടപടി മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനോട് നന്ദി ഉണ്ടെന്ന്
കേരള എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ സെക്രട്ടറിയും പറഞ്ഞു. ദിവസം ആനക്ക് തീറ്റയും പാപ്പാന്റെ ചെലവുമായി 5000 രൂപ വരുന്നുണ്ട് ആന ഉടമകള്‍ക്കും വായ്പാ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിന് നിവേദനം നല്‍കിയതായും പറഞ്ഞു.

Related post