• October 23, 2021

കുവൈത്ത് മന്ത്രി ഡോ.ഗദീര്‍ അല്‍ അസീരി രാജിവച്ചു

 കുവൈത്ത് മന്ത്രി ഡോ.ഗദീര്‍ അല്‍ അസീരി രാജിവച്ചു

കുവൈത്ത് സാമൂഹിക കാര്യമന്ത്രി ഡോ.ഗദീര്‍ അല്‍ അസീരി രാജിവച്ചു. ഡിസംബര്‍ 17ന് മന്ത്രിയായി ചുമതലയേറ്റ അവര്‍ക്കെതിരെ ഫെബ്രുവരി 4ന് പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം പരിഗണിക്കാനിരിക്കെയാണ് രാജി.

ബഹ്റൈനിലെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് അവരുടേതായി നേരത്തേ വന്ന പരാമര്‍ശം കുവൈത്തില്‍ വിഭാഗീയത വളര്‍ത്തുന്നതാണെന്ന ആക്ഷേപം ചിലര്‍ നേരത്തെ ഉന്നയിച്ചിരുന്നു. അക്കാരണത്താല്‍ അവരെ മന്ത്രിയാക്കരുതെന്ന വാദവും ഉയര്‍ന്നു. എന്നാല്‍ തന്റെ പരാമര്‍ശങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നായിരുന്നു അസീരിയുടെ പ്രതികരണം.

മന്ത്രിസ്ഥാനം ഏറ്റെടുത്ത ഉടനെ അവര്‍ക്കെതിരെ പാര്‍ലമെന്റില്‍ കുറ്റവിചാരണയും നടന്നു. കുറ്റവിചാരണക്കൊടുവില്‍ 10 എംപിമാര്‍ സമര്‍പ്പിച്ച അവിശ്വാസപ്രമേയമാണ് ഫെബ്രുവരി 4ന് പരിഗണനയ്ക്കു വച്ചത്. മന്ത്രി അസീരിയുടെ രാജി സ്വീകരിച്ചതായും അവര്‍ വഹിച്ച വകുപ്പിന്റെ അധിക ചുമതല മുനിസിപ്പല്‍ മന്ത്രി വലീദ് അല്‍ ജസീമിന് നല്‍കിയതായും സര്‍ക്കാര്‍ വക്താവ് താരീഖ് അല്‍ മിസ്രിം അറിയിച്ചു.

Related post