• October 23, 2021

കൊവിഡ് 19: കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി

 കൊവിഡ് 19: കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി

കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ കുറവുണ്ടായെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. സ്വകാര്യ ബസുകളുടെ നികുതി അടക്കുവാനുള്ള തിയതി നീട്ടി നല്‍കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ മാസം പത്താം തിയതി 5.62 കോടി വരുമാനം ഉണ്ടായിരുന്നിടത്ത് 15ാം തിയതി ആയപ്പോള്‍ 2.83 കോടിയായി ചുരുങ്ങി. പ്രതിസന്ധിയില്‍ നിന്ന് കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സഹായം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞു. അതേസമയം യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ കോഴിക്കോട് ജില്ലയില്‍ മാത്രം 250 ബസുകളാണ് സര്‍വീസ് നിര്‍ത്തിയത്. കെഎസ്ആര്‍ടിസിയും വിവിധ ഇടങ്ങളിലേക്കുള്ള സര്‍വീസ് നിര്‍ത്തിവച്ചു.

അതേസമയം, കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തമിഴ്നാട് അതിര്‍ത്തിയായ വാളയാറില്‍ കര്‍ശന പരിശോധന നടക്കുകയാണ്. കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ വാഹനങ്ങളുമടക്കം തമിഴ്നാട്ടില്‍ നിന്ന് വരുന്ന മുഴുവന്‍ ആളുകളേയും പരിശോധിച്ചാണ് കേരളത്തിലേക്ക് കടത്തിവിടുന്നത്. പൊലീസിന്റെ സഹായത്തോടെ ആരോഗ്യ വകുപ്പാണ് പരിശോധന നടത്തുന്നത്. എല്ലാ വാഹനങ്ങളും വാളയാറില്‍ പരിശോധിച്ച് മാത്രമാണ് കടത്തിവിടുന്നത്. രോഗലക്ഷണങ്ങളുള്ളവര്‍ക്ക് കര്‍ശന പരിശോധനയുണ്ട്. വിദേശികളടക്കം പലരും ബസുകളില്‍ കയറി കേരളത്തിലേക്ക് വരുന്നതും പരിശോധനയില്‍ കാണാനായി. 24 മണിക്കൂറും വാളയാറില്‍ പരിശോധന നടത്താനാണ് തീരുമാനം.

Related post