• August 3, 2021

ആഫ്രിക്കന്‍ തവളയുടെ മൂല കോശത്തില്‍ നിന്നും ജീവനുള്ള റോബോര്‍ട്ട്

 ആഫ്രിക്കന്‍ തവളയുടെ മൂല കോശത്തില്‍ നിന്നും ജീവനുള്ള റോബോര്‍ട്ട്

ഭൂമിയില്‍ ജീവന്റെ പുതിയ രൂപം എത്തി. ആരാണെന്നല്ലേ, സെനറോബോര്‍ട്ട്. മണല്‍ത്തരിയുടെ മാത്രം വലുപ്പമുള്ള കുഞ്ഞന്‍ റോബോര്‍ട്ട്.സെല്‍ഫ് ഹീലിംഗ് റോബോട്ടാണിതെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും കക്ഷി നിസാരക്കാരനല്ല. യഥാര്‍ത്ഥത്തില്‍ സെനോബോട്ട് തീര്‍ത്തും പുതിയൊരു ജൈവവര്‍ഗം ആണെന്നും പറയാം. സാധാരണ റോബോട്ടുകളെപ്പോലെ കൈയ്യോ കാലോ ഒന്നുമില്ല. കാഴ്ചയില്‍ പിങ്ക് നിറത്തിലുള്ള മാംസം മാത്രം. എന്നാല്‍ സാധാരണ റോബോട്ടുകള്‍ക്ക് സാധിക്കാത്ത ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ഇവന് സാധിക്കും. മനുഷ്യശരീരത്തിനുള്ളില്‍ ഓടിനടന്ന് പ്രത്യേക ഭാഗത്തോ അവയവങ്ങളിലോ മരുന്നെത്തിക്കാനും രക്തധമനികളിലെ തടസ്സം നീക്കാനും വെള്ളത്തിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള സൂക്ഷ്മമാലിന്യങ്ങള്‍ നീക്കാനും സെനോബോട്ട് ഉപയോഗിക്കാം.


യുഎസിലെ മാസച്യുസിറ്റ്സിലുള്ള ടഫ്‌സ് യൂണിവേഴ്സ്റ്റിയിലെയും യൂണിവേഴ്‌സിറ്റി ഓഫ് വെര്‍മോണ്ടിലെയും ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണമാണു ശാസ്ത്രലോകത്തെ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കാവുന്ന കണ്ടുപിടിത്തത്തിലേക്കു നയിച്ചത്. ആഫ്രിക്കന്‍ തവളയുടെ ഹൃദയത്തില്‍ നിന്നും ചര്‍മത്തില്‍ നിന്നുമുള്ള മൂലകോശങ്ങള്‍ എടുത്തു നിര്‍മിച്ച സെനോബോട് ജീവനുള്ള, പ്രോഗ്രാം ചെയ്യാവുന്ന ‘യന്ത്രം’ ആണ്.

ഇവയെ രണ്ടായി മുറിച്ചാല്‍ നിമിഷങ്ങള്‍ക്കകം കൂടിച്ചേര്‍ന്നു പഴയരൂപത്തിലാകും.7 ദിവസം വരെ മാത്രം ആയുസ്സുള്ള ഇവ ദൗത്യം അവസാനിച്ചു കഴിഞ്ഞാല്‍ പ്രകൃതിയില്‍ അലിഞ്ഞുചേരുകയും ചെയ്യും. ഈ ജീവിതചക്രം പൂര്‍ത്തിയാക്കാന്‍ വേണ്ട ഊര്‍ജം സെനോബോട്ടിന്റെ ശരീരത്തില്‍ തന്നെയുണ്ട്. നിര്‍മാണ ഘടകമായ ഹൃദയകോശങ്ങളുടെ ഓരോ തുടിപ്പും സെനോബോട്ടിനെ മുന്നോട്ടു കുതിക്കാന്‍ സഹായിക്കും. വിവിധ ആവശ്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തരൂപങ്ങളില്‍ ഇതിനെ നിര്‍മിക്കാനാവും. ദൗത്യം എന്തായിരിക്കണം എന്നു പ്രോഗ്രാം ചെയ്യാമെങ്കിലും അത് എങ്ങനെ നിര്‍വഹിക്കണമെന്നു സെനോബോട്ടിനു സ്വയം തീരുമാനിക്കാം

Related post