• June 15, 2021

ലോക്ക് ഡൗണ്‍ കാലയളവില്‍ കുട്ടികളെ കടത്തുന്നത് വര്‍ധിച്ചെന്ന പരാതി

 ലോക്ക് ഡൗണ്‍ കാലയളവില്‍ കുട്ടികളെ കടത്തുന്നത് വര്‍ധിച്ചെന്ന പരാതി

ലോക്ക് ഡൗണ്‍ കാലയളവില്‍ കുട്ടികളെ കടത്തുന്നത് വര്‍ധിച്ചെന്ന പരാതിയില്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും സുപ്രിംകോടതി നോട്ടീസ്. ബച്പന്‍ ബച്ചാവോ ആന്ദോളന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ബാലവേലയ്ക്ക് വിധേയമാക്കിയിരുന്ന കുട്ടികള്‍ ഇപ്പോള്‍ ഗ്രാമങ്ങളില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇനിയൊരു ചൂഷണത്തിന് കുട്ടികളെ വിട്ടുകൊടുക്കരുതെന്നും സംരക്ഷണം ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

കുട്ടികളെ കടത്തുന്നതില്‍ പെട്ടെന്ന് വന്‍വര്‍ധനയുണ്ടായെന്നാണ് സംഘടന ആരോപിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അടങ്ങുന്ന ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. വിഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു വാദം. ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, ജസ്റ്റിസ് ഹൃഷികേഷ് റോയ് എന്നിവരും ബെഞ്ചിലുണ്ടായിരുന്നു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് വിഷയത്തില്‍ ഇടപെടാന്‍ കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ വിദഗ്ധ കമ്മറ്റിയെ നിയോഗിച്ച് അന്വേഷണം നടത്തുമെന്നും കോടതി പറഞ്ഞു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയോടും കോടതി മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്.

മുതിര്‍ന്ന അഭിഭാഷകനായ എച്ച് എസ് ഫൂല്‍ക്കയാണ് എന്‍ജിഒയ്ക്ക് വേണ്ടി ഹാജരായത്. പ്രോ ആക്ടീവ് സമീപനം എല്ലാ ജില്ലാ ഭരണകൂടങ്ങളും ഇതില്‍ ചെലുത്തണമെന്ന് അദ്ദേഹം കോടതിയോട് പറഞ്ഞു. രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും കോടതി വിഷയം പരിഗണിക്കും. കുട്ടികള്‍ ദുരുപയോഗപ്പെടാതിരിക്കുന്നത് ഉറപ്പാക്കാന്‍ കോടതി ആവശ്യപ്പെട്ടു.

Related post