• October 22, 2021

കേരളത്തിലെ ഏഴ് ജില്ലകളില്‍ ഇളവുകള്‍ ഇന്നുമുതല്‍ ; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറക്കും,സ്വകാര്യ വാഹനങ്ങള്‍ക്ക് അനുമതി

 കേരളത്തിലെ ഏഴ് ജില്ലകളില്‍ ഇളവുകള്‍ ഇന്നുമുതല്‍ ; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറക്കും,സ്വകാര്യ വാഹനങ്ങള്‍ക്ക് അനുമതി


രോഗതീവ്രത കുറഞ്ഞ കേരളത്തിലെ ഏഴ് ജില്ലകളില്‍ ഇന്ന് മുതല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്. പച്ച, ഓറഞ്ച് ബി സോണുകളിലാണ് ഇന്നുമുതല്‍ ഇളവുകള്‍ ഉണ്ടാവുക. പച്ച മേഖലയില്‍ കോട്ടയം, ഇടുക്കി ജില്ലകളും ഓറഞ്ച് ബി മേഖലയില്‍ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈ മേഖലയില്‍ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് നമ്പറുകളില്‍ അവസാനിക്കുന്ന രജിസ്ട്രേഷന്‍ നമ്പറുള്ള വാഹനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും  പൂജ്യം, രണ്ട്, നാല്, ആറ്, എട്ട് അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും യാത്രാനുമതി നല്‍കിയിട്ടുണ്ട്.. എന്നാല്‍, ഒഴിവാക്കപ്പെട്ട വിഭാഗത്തിലുള്ളവരും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് ഈ ക്രമം ബാധകമല്ല.ജോലിക്ക് പോകുന്നവരെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണം. അടിയന്തരസേവന വിഭാഗങ്ങള്‍, ഡ്യൂട്ടിക്കായി പോകുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, ജോലിക്കെത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍, സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ എന്നിവയെ ഒറ്റ, ഇരട്ടയക്ക ക്രമീകരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ ക്ലാസ് ഒന്ന്, രണ്ട് വിഭാഗത്തിലെ 50 ശതമാനം ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കെത്തണം. ക്ളാസ് മൂന്ന്, നാല് വിഭാഗങ്ങളിലെ 33 ശതമാനം പേര്‍ ഹാജരാകണം.

പച്ച, ഓറഞ്ച് ബി മേഖലയില്‍ ജില്ലാ അതിര്‍ത്തി കടന്നുള്ള യാത്രകള്‍ നിരോധിച്ചിട്ടുണ്ട്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങള്‍ക്കും മാത്രമേ ജില്ലാ അതിര്‍ത്തിയും സംസ്ഥാന അതിര്‍ത്തിയും കടന്നുള്ള യാത്ര അനുവദിക്കൂ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തിയറ്ററുകള്‍, ഷോപ്പിംഗ് കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, ബാറുകള്‍ മുതലയായവ പ്രവര്‍ത്തിക്കില്ല. ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാതരം പരിപാടികളും നിരോധിച്ചിട്ടുണ്ട്. ആരാധനാകേന്ദ്രങ്ങളും തുറക്കില്ല. വിവാഹത്തിനും മരണാനന്തരചടങ്ങുകളിലും 20 ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല.

ആരോഗ്യമേഖല, കൃഷി, മത്സ്യബന്ധനം, പ്ലാന്റേഷന്‍, മൃഗസംരക്ഷണം, സാമ്പത്തികമേഖല, സാമൂഹ്യമേഖല, ഓണ്‍ലൈന്‍ വിദ്യാഭ്യാസ സമ്പ്രദായം, തൊഴിലുറപ്പ് പദ്ധതികള്‍ എന്നീ മേഖലകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ഉണ്ട്. ഇന്ധനനീക്കം, ഊര്‍ജ്ജവിതരണം എന്നിവ ഉള്‍പ്പെടെയുള്ള പൊതുസേവനകാര്യങ്ങള്‍, ചരക്ക് നീക്കം, അവശ്യസാധനങ്ങളുടെ വിതരണം, സ്വകാര്യ, വാണിജ്യസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലുമുള്ള വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും അനുമതി നല്‍കിയിട്ടുണ്ട്. സാമൂഹ്യ അകലം പാലിച്ചുകൊണ്ടാവണം ഇവ പ്രവര്‍ത്തിപ്പിക്കേണ്ടത്.

ട്രെയിന്‍, വിമാനം,ബസ് തുടങ്ങിയവയ്ക്കും സര്‍വ്വീസ് നടത്താന്‍ അനുമതിയില്ല. പൊതുസ്ഥലത്ത് ഇറങ്ങുന്നവര്‍ക്ക് മാസ്‌ക്ക് നിര്‍ബന്ധമാണ്.ഓറഞ്ച് എ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളില്‍  ഇളവുകള്‍ ഏപ്രില്‍ 24 മുതല്‍ പ്രാബല്യത്തില്‍വരും. ചുവപ്പ് മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ യാതൊരു ഇളവുകളുമില്ല.

Related post