• October 17, 2021

രാജ്യത്ത് ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടി

 രാജ്യത്ത് ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടി

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ മെയ് മൂന്ന് വരെ നീട്ടുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി.  നിയന്ത്രണങ്ങൾ കർശനമായി തുടരും. ജനങ്ങൾ സഹകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു. 20 ദിവസത്തേക്കാണ് ലോക്ക് ഡൗൺ നീട്ടിയിരിക്കുന്നത്. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മാര്‍ച്ച് 24-ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ അടച്ചിടലിന്റെ കാലാവധി ഇന്ന് അര്‍ധരാത്രി അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇന്ത്യ കാട്ടിയ അച്ചടക്കം ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ആകെ 40 ദിവസം നീളുന്ന ലോക്ക്ഡൗണാണ് പ്രഖ്യാപിച്ചത്.

സംസ്ഥാനങ്ങൾ ഉത്തരവാദിത്തത്തോടെയാണ് ഇടപെട്ടതെന്നും രാജ്യത്തിന് ഇനിയും സഞ്ചരിക്കാനുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. നിലവില്‍  ഹോട്ട് സ്പോട്ടുകളില്‍ അതീവ ജാഗ്രത തുടരും. അവശ്യ സേവനങ്ങള്‍ക്കുള്ള ഇളവ് ഏപ്രില്‍ 20ന് ശേഷം പ്രഖ്യാപിക്കും. വിശദമായ മാര്‍ഗനിര്‍ദേശം നാളെ പുറത്തിറക്കും.

Related post