• October 22, 2021

ആളും അമ്പാരിയും ഇല്ലാതെ ഗുരുവായൂരില്‍ നാളെ വിഷുക്കണി

 ആളും അമ്പാരിയും  ഇല്ലാതെ ഗുരുവായൂരില്‍ നാളെ വിഷുക്കണി

മണിക്കൂറുകളോളം കാത്തിരുന്ന് വിഷുപ്പുലരിയില്‍ ഗുരുവായൂരപ്പനെ കണി കണ്ട് മടങ്ങുന്നത് ആയിരങ്ങളുടെ പതിവായിരുന്നു. എന്നാല്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ക്ഷേത്രവും പരിസരവും ഇപ്പോള്‍ ശൂന്യം. നാലു നടകളിലെ ഗേറ്റുകള്‍ക്കപ്പുറം ഭക്തര്‍ക്ക് പ്രവേശനമില്ല. ഭക്തരില്ലാത്ത വിഷുവായിരിക്കും നാളെ.


ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം നാളെ പുലര്‍ച്ചെ 2.30 മുതല്‍ 3 വരെ നടക്കും. ശാന്തിയേറ്റ കീഴേടം വാസുണ്ണി നമ്പൂതിരി, കൊടയ്ക്കാട് ശശി നമ്പൂതിരി എന്നിവര്‍ ഇന്നു രാത്രി ശ്രീലകത്ത് കണിയൊരുക്കും. ഓട്ടുരുളിയില്‍ ഉണക്കലരി,കണിക്കൊന്ന, വെള്ളരി, സ്വര്‍ണം, ഗ്രന്ഥം, പുതുപ്പണം, മുല്ലപ്പൂവ്, നന്ദ്യാര്‍വട്ടം, ചക്ക, മാമ്പഴം എന്നിവയടങ്ങിയതാണ് കണിക്കോപ്പ്. പുലര്‍ച്ചെ 2ന് മേല്‍ശാന്തി പഴയത്ത് സുമേഷ് നമ്പൂതിരി കുളിച്ചുവന്ന് നാളികേര മുറിയില്‍ നെയ്ത്തിരി തെളിയിച്ച് കണിക്കോപ്പ് ഉയര്‍ത്തിപ്പിടിച്ച് കണ്ണനെ കണി കാണിക്കും. കണ്ണന്റെ കയ്യില്‍ ഒരു പുതുപ്പണം വിഷുക്കൈനീട്ടമായി നല്‍കും. പലകപ്പുറത്ത് ചുറ്റുവിളക്കുകളില്‍ നറുനെയ്ത്തിരി തെളിയും.

മുഖമണ്ഡപത്തില്‍ സ്വര്‍ണസിംഹാസനത്തില്‍ അലങ്കാരങ്ങളോടെ തങ്കത്തിടമ്പ് വച്ച് ഭക്തര്‍ക്കായി കണിയൊരുക്കും. കണി കാണാന്‍ ദേവസ്വം ഭരണാധികാരികളും ഡ്യൂട്ടിയിലുള്ള പാരമ്പര്യാവകാശികളും ഉദ്യോഗസ്ഥരും മാത്രമാകും. 3ന് കൂട്ടിക്കൊട്ടോടെ തിടമ്പ് ശ്രീലകത്തേയ്ക്ക് എടുക്കും. പിന്നെ പതിവു ചടങ്ങുകളായി. നമസ്‌കാരസദ്യ ചടങ്ങു മാത്രമാകും. കാഴ്ചശീവേലിയും വിളക്കും ഉണ്ടാകില്ല.

Related post