• October 16, 2021

ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചു ;കണ്ണൂരില്‍ 69 പേര്‍ അറസ്റ്റില്‍

 ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍       ലംഘിച്ചു ;കണ്ണൂരില്‍ 69 പേര്‍ അറസ്റ്റില്‍

കണ്ണൂര്‍ ജില്ലയില്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് 69 പേരെ അറസ്റ്റ് ചെയ്തു. അനധികൃതമായി ഓടിയ 39 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. നിയമം പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടിക്ക് ജില്ലാ പോലിസ് മേധാവി യതീഷ് ചന്ദ്ര നിര്‍ദേശം നല്‍കി.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശം പാലിക്കുന്നതിനു വേണ്ടി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ജില്ലാ പോലിസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ റൂട്ട് മാര്‍ച്ച് നടത്തി. പലയിടത്തും ഇന്നും നിരവധി പേര്‍ അത്യാവശ്യകാര്യത്തിനല്ലാതെ റോഡിലിറങ്ങുന്നതിനാല്‍ പോലിസ് കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്.

ഇതുവരെ 16 പേര്‍ക്കാണ് കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചത്.ജില്ലയില്‍ 7909 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 81 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 41 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 14 പേരും ജില്ലാ ആശുപത്രിയില്‍ 26 പേരുമാണുള്ളത്. ഇതുവരെ ജില്ലയില്‍ നിന്ന് 240 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 154 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ അഞ്ചെണ്ണം പോസിറ്റീവും ബാക്കി നെഗറ്റീവുമാണ്. 86 എണ്ണത്തില്‍ ഫലം ലഭിക്കാനുണ്ട്.

Related post