• October 16, 2021

ലോക്ക്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കില്ല

 ലോക്ക്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കില്ല

കോവിഡ് വ്യാപനം തടയാന്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച അടച്ചുപൂട്ടല്‍ 14നു ഒറ്റയടിക്ക് പിന്‍വലിക്കില്ല. രോഗബാധ രൂക്ഷമായ മേഖലകളില്‍ പ്രാദേശികനിയന്ത്രണം തുടരും. ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങി രാജ്യത്തിന്റെ പലഭാഗത്തും രോഗം അതിവേഗം പടരുന്ന പശ്ചാത്തലത്തിലാണിത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവസരം നല്‍കാനാണ് കേന്ദ്രം ആലോചിക്കുന്നത്. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 700 കടക്കുന്നു. തമിഴ്നാട്ടില്‍ 571 പേര്‍ക്കും ഡല്‍ഹിയില്‍ 503 പേര്‍ക്കും ഇതിനകം രോഗം കണ്ടെത്തി. ഭോപ്പാല്‍, ഇന്‍ഡോര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളിലും സ്ഥിതി ഗുരുതരമാണ്. അവശ്യവസ്തുക്കളും സേവനങ്ങളും ഏതൊക്കെയാണെന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് ആഭ്യന്തരസെക്രട്ടറി എ കെ ഭല്ല വ്യക്തമാക്കി. നാലാഴ്ച തുടര്‍ച്ചയായി പുതിയതായി രോഗം സ്ഥിരീകരിക്കാതിരുന്നാല്‍ മാത്രമേ നിയന്ത്രണം പൂര്‍ണമായി ഒഴിവാക്കാനാവൂ.

രോഗവ്യാപനമുള്ള മേഖലയില്‍ അവശ്യസേവനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളുവെന്ന് ആരോഗ്യമന്ത്രാലയം തയ്യാറാക്കിയ രേഖയില്‍ പറഞ്ഞു. എച്ച് വണ്‍ എന്‍ വണ്‍ പടര്‍ന്ന മാതൃകയിലാണ് കോവിഡ് വ്യാപിച്ചത്. അതിനാല്‍ രാജ്യമെമ്പാടും രോഗം പടരാന്‍ സാധ്യതയില്ല. വ്യത്യസ്ത മേഖലകളില്‍ വെവ്വേറെ സമീപനം വേണ്ടിവരും. അതിര്‍ത്തി അടയ്ക്കല്‍, രോഗബാധ രൂക്ഷമായ മേഖലകളിലുള്ളവര്‍ പുറത്തേക്ക് പോകുന്നത് തടയല്‍, പൊതുഗതാഗതം നിര്‍ത്തിവയ്ക്കല്‍, വിദ്യാഭ്യാസസ്ഥാപനങ്ങളും ഓഫീസുകളും അടച്ചിടല്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ മാര്‍ഗരേഖയിലുണ്ട്.

Related post