• May 13, 2021

ഹാരി – മേഗന്‍ ദമ്പതികളെ മാഡം വാക്‌സ് മ്യൂസിയത്തില്‍ നിന്നും പുറത്താക്കി

 ഹാരി – മേഗന്‍ ദമ്പതികളെ മാഡം വാക്‌സ് മ്യൂസിയത്തില്‍ നിന്നും പുറത്താക്കി

ലണ്ടനിലെ സുപ്രസിദ്ധ മെഴുകുപ്രതിമാ മ്യൂസിയത്തില്‍ നിന്ന് ഹാരി രാജകുമാരനും ഭാര്യ മേഗനും സ്ഥാനം നഷ്ടമായി. ബ്രിട്ടീഷ് രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളെന്ന നിലയിലുള്ള ചുമതലകളില്‍ നിന്ന് പിന്‍മാറുകയാണെന്ന ഹാരി- മേഗന്‍ ദമ്പതികളുടെ പ്രഖ്യാപനത്തിന് പിന്നാലെയാണിത്.

രാജ്ഞിയുടെ തൊട്ടടുത്തുണ്ടായിരുന്ന ദമ്പതികളുടെ പ്രതിമകളാണ് മാഡം ട്യുസോ വാക്‌സ് മ്യൂസിയത്തില്‍ നിന്ന് മാറ്റിയത്. ദമ്പതികള്‍ മ്യൂസിയത്തിലെ സുപ്രധാന ആകര്‍ഷണമായി തുടരുമെന്ന് വിശദമാക്കിയ മാനേജര്‍ സ്റ്റീവ് ഡേവിസ് നീക്കം ചെയ്ത പ്രതിമകള്‍ എവിടേക്കാണ് മാറ്റുന്നതെന്ന് പ്രതികരിച്ചിട്ടില്ല.

സ്വകാര്യത നഷ്ടമാകുന്നതിലും മാധ്യമങ്ങളില്‍ വ്യക്തി ജീവിത വിവരങ്ങള്‍ വരുന്നതിലും ഹാരി രാജകുമാരനും ഭാര്യ മേഗനും നേരത്തെയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ബ്രിട്ടീഷ് രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളെന്ന് നിലയിലുള്ള ചുമതലകളില്‍ നിന്ന് പിന്‍മാറുകയാണെന്ന് ഇരുവരും പ്രഖ്യാപിച്ചത്. രാജകുടുംബത്തിനുള്ള പിന്തുണ നിര്‍ബാധം തുടരുമെന്നും ഹാരിയും മേഗനും വ്യക്തമാക്കി. മാസങ്ങളുടെ ആലോചനയ്ക്ക് ശേഷമാണ് തീരുമാനമെന്നാണ് ഹാരിയും മേഗനും അറിയിച്ചത്.

മറ്റ് അംഗങ്ങളോട് ചര്‍ച്ച ചെയ്യാതെയെടുത്ത തീരുമാനം രാജകുടുംബത്തില്‍ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്നായിരുന്നു അന്തര്‍ ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എലിസബത്ത് രാജ്ഞിയോട് ചര്‍ച്ച ചെയ്യാതെയാണ് തീരുമാനമെന്നാണ് സൂചന. തീരുമാനം രാജകുടുംബത്തില്‍ ഞെട്ടലുണ്ടാക്കിയെന്ന് വ്യക്തമായതോടെ തങ്ങള്‍ തുടക്കക്കാരാണ് ജീവിതത്തെ മറ്റൊരു രീതിയില്‍ സമീപിക്കാന്‍ ആഗ്രമുണ്ടെന്നും ദമ്പതികള്‍ കൂട്ടിച്ചേര്‍ത്തു.


വടക്കേ അമേരിക്കയിലും ബ്രിട്ടനിലുമായി സമയം ചിലവിടാനാണ് തീരുമാനമെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.സാമ്പത്തികമായി തനിച്ച് സ്ഥിരത നേടാനും താല്‍പര്യമുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുമെന്നും മകനെ രാജ കുടുംബത്തിന്റെ മൂല്യങ്ങള്‍ ചോരാതെ വളര്‍ത്തുമെന്നും മേഗന്‍ വിശദമാക്കിയിരുന്നു. വിവാഹവും മകന്റെ ജനനവും എല്ലാം ആവശ്യത്തിലധികം മുഖ്യധാരയില്‍ നിറഞ്ഞ് നിക്കുന്നതിനോട് താല്‍പര്യമില്ലെന്നും ദമ്പതികള്‍ വിശദമാക്കിയിരുന്നു. തങ്ങള്‍ക്കെതിരായ പാപ്പരാസി സ്വഭാവമുള്ള വാര്‍ത്തകള്‍ക്കെതിരെ ദമ്പതികള്‍ നേരത്തെ രൂക്ഷമായി പ്രതികരിച്ചിരുന്നു. എന്റെ അമ്മയെ കൊലപ്പെടുത്തിയ പാപ്പരാസികള്‍ക്ക് അധിക്ഷേപിക്കാനായി നിന്നുകൊടുക്കില്ലെന്ന് ഹാരി നേരത്തെ വ്യക്തമാക്കിയിരുന്നു.

Related post